വ്യാപാരികള്‍ ഹര്‍ത്താലിനെ ചെറുത്ത് നോക്കുമ്പോള്‍

ഹര്‍ത്താലിനെതിരായ ആദ്യത്തെ ചെറുത്ത്‌നില്‍പ്പില്‍ ഭീഷണിയും അക്രമങ്ങളും അരങ്ങേറിയെങ്കിലും വ്യാപാരി സമൂഹം പുതിയൊരു രീതിക്ക് തുടക്കമിട്ടു. സംസ്ഥാനത്ത് ഇരുപത് ശതമാനത്തോളം കടകള്‍ ഇന്നലത്തെ ഹര്‍ത്താലില്‍ തുറക്കാനായെന്നാണ് കണക്ക്. ഹര്‍ത്താല്‍ തലേന്നുണ്ടായ ശക്തമായ അക്രമവും ഭീഷണിയും നിലനിന്നിട്ടും ഇത്രയധികം കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനായത് വന്‍ വിജയമായിട്ടാണ് വ്യാപാരി സംഘടനകള്‍ കണക്കുകൂട്ടുന്നത്. ഇനിയൊരു ഹര്‍ത്താലിനില്ലെന്ന് പ്രതിജ്ഞയെടുത്ത വ്യാപാരികളെ ഭീഷണിപ്പെടുത്തി കടകളടപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു കോഴിക്കോട്ട് അടക്കം ഹര്‍ത്താലിന്റെ തലേ ദിവസം അരങ്ങേറിയ അക്രമങ്ങളും തെരുവ് യുദ്ധവും.
Posted on: January 4, 2019 9:42 am | Last updated: January 4, 2019 at 9:42 am

ഹര്‍ത്താലിനെതിരായ ആദ്യത്തെ ചെറുത്ത്‌നില്‍പ്പില്‍ ഭീഷണിയും അക്രമങ്ങളും അരങ്ങേറിയെങ്കിലും വ്യാപാരി സമൂഹം പുതിയൊരു രീതിക്ക് തുടക്കമിട്ടു. സംസ്ഥാനത്ത് ഇരുപത് ശതമാനത്തോളം കടകള്‍ ഇന്നലത്തെ ഹര്‍ത്താലില്‍ തുറക്കാനായെന്നാണ് കണക്ക്. ഹര്‍ത്താല്‍ തലേന്നുണ്ടായ ശക്തമായ അക്രമവും ഭീഷണിയും നിലനിന്നിട്ടും ഇത്രയധികം കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനായത് വന്‍ വിജയമായിട്ടാണ് വ്യാപാരി സംഘടനകള്‍ കണക്കുകൂട്ടുന്നത്.
സംസ്ഥാനത്തുടനീളം 400ഓളം കടകള്‍ക്കാണ് ഇന്നലത്തെ ഹര്‍ത്താലില്‍ കേടുപാടുകള്‍ സംഭവിച്ചത്. ഏകദേശം അഞ്ച് കോടിയോളം രൂപയുടെ നാശനഷ്ടം. കൂടാതെ ഒരൂ ദിവസം കച്ചവടം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് 800 കോടിയുടെ നഷ്ടം വേറെ. ഇത്രയും തുകയുടെ നികുതിയും സര്‍ക്കാറിന് ഇല്ലാതായി.

ഇനിയൊരു ഹര്‍ത്താലിനില്ലെന്ന് പ്രതിജ്ഞയെടുത്ത വ്യാപാരികളെ ഭീഷണിപ്പെടുത്തി കടകളടപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു കോഴിക്കോട്ട് അടക്കം ഹര്‍ത്താലിന്റെ തലേ ദിവസം മുതല്‍ അരങ്ങേറിയ അക്രമങ്ങളും തെരുവ് യുദ്ധവുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

96 ഓളം വ്യാപാരി സംഘടനകളായിരുന്നു കൊച്ചിയിലും കോഴിക്കോട്ടും യോഗം ചേര്‍ന്ന് ഹര്‍ത്താല്‍ ദിനങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമെടുത്തിരുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിലുള്ള ഈ തീരുമാനം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും അറിയിക്കുകയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഹര്‍ത്താല്‍ വിരുദ്ധ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നിലവില്‍ വരികയും ചെയ്തിരുന്നു. അടുത്തയാഴ്ച പ്രഖ്യാപിക്കപ്പെട്ട ദേശീയ പണിമുടക്ക് ലക്ഷ്യമാക്കിയായിരുന്നു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നീക്കങ്ങള്‍. ഇതിനിടക്കാണ് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍ ഇന്നലെ ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടത്. വ്യാപാരികള്‍ ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നറിയാമായിരുന്ന ഹര്‍ത്താലനുകൂലികള്‍ തലേന്ന് മുതല്‍ തന്നെ അക്രമമാരംഭിച്ചു.
കോഴിക്കോട് കോയന്‍കോ ബസാറിലെ ഒരു ബ്യൂട്ടിപാര്‍ലറാണ് ആദ്യമായി അക്രമത്തിനിരയായത്. നാല്‍പതിനായിരം രൂപ വില വരുന്ന ഗ്ലാസാണ് സമരക്കാരുടെ കല്ലേറില്‍ ഇവിടെ തകര്‍ന്നത്. തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു സമരാനുകൂലികളുടെ അരങ്ങേറ്റം. നേരത്തെയുള്ള തീരുമാന പ്രകാരം കടകള്‍ തുറന്ന മിഠായ്‌ത്തെരുവിലേക്ക് പ്രകടനമായെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തുറന്നതും പൂട്ടിയിട്ടതുമായ കടകള്‍ക്ക് നേരെ അക്രമണമഴിച്ചുവിട്ടു. ഏകദേശം 12 ഓളം കടകള്‍ക്ക് സാരമായ കേടുപാടുകളും 38 എണ്ണത്തിന് ഭാഗികമായി നാശനഷ്ടവുമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ജില്ലയിലെ ഓമശ്ശേരി, ബാലുശ്ശേരി, കൊയിലാണ്ടി ഭാഗങ്ങളിലാണ് കടകള്‍ അക്രമിക്കപ്പെട്ടത്. തിരൂരില്‍ ഒരു കടക്ക് നേരെ സമരാനുകൂലികള്‍ പെട്രോള്‍ ബോംബെറിഞ്ഞു. പ്രാണ രക്ഷാര്‍ഥം ജീവനക്കാര്‍ ഇറങ്ങിയോടുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട്, കൊല്ലത്തെ കൊട്ടാരക്കര, പുനലൂര്‍, സൗത്ത് പറവൂര്‍, കോട്ടയത്തെ പാല, പത്തനംതിട്ടയിലെ കോന്നി, റാന്നി, തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം ഭാഗങ്ങളിലും കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇടുക്കി കട്ടപ്പനയില്‍ കടയുടമയെ ഉള്ളിലിട്ട് പൂട്ടി സമരക്കാര്‍ കടന്നു കളഞ്ഞു. തൃശൂര്‍ വടക്കഞ്ചേരി, കൊടുങ്ങല്ലൂര്‍ , മലപ്പുറത്തെ തിരൂര്‍, എടപ്പാള്‍, പൊന്നാനി, തവനൂര്‍ എന്നിവിടങ്ങളിലും എറണാകുളത്തെ പറവൂര്‍, കളമശ്ശേരി, ആലുവ, കോതമംഗലം ഭാഗങ്ങളിലും സമരക്കാര്‍ അഴിഞ്ഞാട്ടം നടത്തി. വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കട അടപ്പിക്കാനെത്തിയവര്‍ പോലീസുമായി ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലും കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളിലും കടകള്‍ക്ക് നേരെ അക്രമണമുണ്ടായി. കണ്ണൂര്‍ ടൗണ്‍, തലശ്ശേരി, ചാല പ്രദേശങ്ങളിലാണ് അക്രമണങ്ങള്‍ അരങ്ങേറിയത്.

നിയമ നടപടിക്ക്
സംസ്ഥാനത്തുടനീളം നാനൂറോളം കടകള്‍ അക്രമിക്കപ്പെടുകയും വ്യാപകമായി നാശ നഷ്ടങ്ങളുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് നഷ്ടപരിഹാരമാവശ്യപ്പെടാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം. ഹര്‍ത്താലിനാഹ്വാനം ചെയ്ത സംഘടനക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീനും സെക്രട്ടറി എ സേതുമാധവനും പറയുന്നു. നാശ നഷ്ടത്തിന്റെ കണക്കുകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈമാറും. ഹര്‍ത്താലുകളോട് ചെറുത്ത് നില്‍ക്കാനുളള തീരുമാനം തുടരും.