പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ദര്‍ശനം നടത്താനാകാതെ മടങ്ങി. ഇന്ന് പുലര്‍ച്ച ആറോടെ ദര്‍ശനത്തിനെത്തിയ കയല്‍ എന്ന ട്രാന്‍സ്ജന്‍ഡറിനാണ് പമ്പയില്‍വെച്ചുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങേണ്ടി വന്നത്.
ആദ്യം സാരി ധരിച്ചെത്തിയ കയല്‍ പമ്പയിലെ ഗാര്‍ഡ് റൂമില്‍വെച്ച് പുരുഷ വേഷം ധരിച്ചു. ഇതറിഞ്ഞെത്തിയ പ്രതിഷേധക്കാര്‍ ഗാര്‍ഡ് റൂമിന് സമീപം തടിച്ചുകൂടി. ഇവര്‍ ശക്തമായി പ്രതിഷേധിച്ചതോടെ ശബരിമല ദര്‍ശനത്തില്‍നിന്നും താന്‍ പിന്‍മാറുകയാണെന്ന് കയല്‍ പോലീസിനെ അറിയിക്കുകയായിരുന്നു. താന്‍ അയ്യപ്പ ഭക്തയാണെന്നും 17 വര്‍ഷമായി ശബരിമല ദര്‍ശനം നടത്തുന്നുണ്ടെന്നും കയല്‍ പിന്നീട് പറഞ്ഞു. നേരത്തെ ഒരു കൂട്ടം ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശബരിമല ദര്‍ശനം നടത്തിയിരുന്നു. ടാര്‍ന്‍സ്‌ജെന്‍ഡറുകളെ തടയേണ്ടതില്ലെന്നാണ് തന്ത്രിയുടേയും രാജകുടുംബത്തിന്റേയും നിലപാട്.