Connect with us

National

സ്ത്രീകള്‍ക്കു ക്ഷേത്ര പ്രവേശമാവാം, മതശാസ്ത്രങ്ങളില്‍ വിലക്കില്ല: പേജാവര്‍ മഠാധിപതി

Published

|

Last Updated

ബംഗളൂരു: ഹൈന്ദവ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് മതശാസ്ത്രങ്ങളില്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മഠാധിപതി. കര്‍ണാടക പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥ സ്വാമിയാണ് ദി ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് യോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ഒഴികെ രാജ്യത്തെ മറ്റൊരു ക്ഷേത്രത്തിലും സ്ത്രീകള്‍ പ്രവേശിക്കുന്നതിനു വിലക്കില്ല. ശാസ്ത്രങ്ങളില്‍ സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം വിലക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞിട്ടുമില്ല. മുമ്പ് ദളിതന്മാര്‍ക്ക് ക്ഷേത്രത്തില്‍ കയറുന്നതിന് വിലക്കുണ്ടായിരുന്നെങ്കിലും പിന്നീട് അതില്ലാതായി.

ശ്രീശൈല മഠാധിപതി ഡോ. ചന്ന സിദ്ധരാമ പണ്ഡിതരധ്യ സ്വാമിയും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് രംഗത്തു വന്നു. ഇതു സംബന്ധിച്ച കോടതി വിധിയെ പ്രശംസിച്ച അദ്ദേഹം ദൈവാരാധനക്ക് പുരുഷനും സ്ത്രീക്കും തുല്യ അവകാശമാണുള്ളതെന്ന് പറഞ്ഞു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ക്ഷേത്രങ്ങളിലെ നിയമ വ്യവസ്ഥകളിലും മാറ്റം വരേണ്ടതുണെന്നും ചന്ന സിദ്ധരാമ കൂട്ടിച്ചേര്‍ത്തു.

Latest