ശബരിമല ദര്‍ശനത്തില്‍ ഗൂഢാലോചനയില്ലെന്ന് ബിന്ദു; തീരുമാനം വ്യക്തിപരമായിരുന്നുവെന്ന് കനക ദുര്‍ഗ

Posted on: January 3, 2019 9:49 pm | Last updated: January 3, 2019 at 9:49 pm

കോട്ടയം: ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ പോലീസ് ഗൂഢാലോചനയില്ലെന്നു വ്യക്തമാക്കി ബിന്ദു. പോലീസ് തങ്ങളെ ഉപകരണമാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പകരം തങ്ങള്‍ അവരെ ഉപകരണമാക്കുകയായിരുന്നുവെന്നും മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

നേരത്തെ മാവോയിസ്റ്റ് അനുഭാവ സംഘടനയില്‍ അംഗമായിരുന്ന താന്‍ നിലവില്‍ ഒരു ഗ്രൂപ്പിലും പ്രവര്‍ത്തിക്കുന്നില്ലെന്നും ബിന്ദു പറഞ്ഞു. പത്തനംതിട്ട സ്വദേശിയും തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫസറുമാണ് ബിന്ദു.

വ്യക്തിപരമായ താത്പര്യത്തിന്റെയും തീരുമാനത്തിന്റെയും ഭാഗമായാണ് ദര്‍ശനം നടത്തിയതെന്ന് ബിന്ദുവിനോടൊപ്പം മല കയറിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും പറഞ്ഞു. ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം സന്നിധാനത്തെത്തുകയെന്നത് വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു.