ഹര്‍ത്താലില്‍ അക്രമമഴിച്ചു വിട്ടവരെ പിടികൂടാന്‍ ‘ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ’യുമായി പോലീസ്

Posted on: January 3, 2019 9:18 pm | Last updated: January 4, 2019 at 10:58 am

തിരുവനന്തപുരം: ഇന്നത്തെ ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് പോലീസ്. അക്രമ സംഭവങ്ങളുടെ ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് പ്രതികളുടെ ആല്‍ബം തയാറാക്കുന്നതിനും ഒരോ ജില്ലയിലും അക്രമത്തില്‍ പങ്കാളികളായവരുടെ പട്ടിക തയാറാക്കി ജില്ലാ പോലീസ് മേധാവികള്‍ക്കു കൈമാറുന്നതിനും പ്രത്യേക ഡിജിറ്റല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സംശയത്തിന്റെ നിഴലിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും തിരച്ചില്‍ നടത്തും. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വര്‍ഗീയ വികാരമിളക്കി വിടുന്ന രൂപത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും പ്രതികരിക്കുകയും ചെയ്തവരെ കണ്ടെത്തി അവരുടെ പേരില്‍ കേസെടുക്കും. ഇതിനായി മൊബൈല്‍ ഫോണുകള്‍ വരെ പരിശോധിക്കും.

ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി ജെ പി-ആര്‍ എസ് എസ് നേതൃത്വത്തില്‍ നടന്ന അക്രമ സംഭവങ്ങളിലുള്‍പ്പെട്ട 745 ഓളം പേരെ പോലീസ് ഇതേവരെ അറസ്റ്റു ചെയ്തു. ഇതില്‍ 628 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.