ഹര്‍ത്താലിനിടെ അക്രമം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

Posted on: January 3, 2019 7:24 pm | Last updated: January 4, 2019 at 10:58 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച റിപ്പോര്‍ട്ടാണ് തേടിയത്.

ബി ജെ പിയുടെ സജീവ പിന്തുണയോടെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേര്‍ അക്രമത്തിനിരയാകുകയും പൊതു മുതല്‍ വന്‍തോതില്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ശബരിമലയില്‍ കഴിഞ്ഞ ദിവസം രണ്ടു യുവതികളെത്തി ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചാണ് കര്‍മസമിതി ആഹ്വാന പകരം ഹര്‍ത്താല്‍ നടത്തിയത്.

പലയിടങ്ങളിലും തുറന്നു പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമമുണ്ടായി. നാട്ടുകാരും കടയുടമകളും സംഘടിച്ച് അക്രമികളെ നേരിട്ടതോടെ തെരുവുകള്‍ യുദ്ധക്കളമായി.