അക്രമത്തില്‍ പ്രതിഷേധം; വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമ പ്രവര്‍ത്തകര്‍

Posted on: January 3, 2019 5:29 pm | Last updated: January 3, 2019 at 9:03 pm

കോഴിക്കോട്: ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും ഇന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. ഹര്‍ത്താലിന്റെ മറവില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആഹ്വാന പ്രകാരമായിരുന്നു ബഹിഷ്‌കരണം.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള തിരുവനന്തപുരത്തും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കോഴിക്കോട്ടും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല കോട്ടയത്തും വിളിച്ചുചേര്‍ത്ത വാത്താ സമ്മേളനങ്ങളില്‍ നിന്നാണ് മാധ്യമ പ്രവര്‍ത്തകരൊന്നടങ്കം വിട്ടുനിന്നത്. ശശികലക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ കോട്ടയം പ്രസ് ക്ലബ് ഹാള്‍ അനുവദിച്ചതുമില്ല.

ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലിനിടെ വ്യാപക അക്രമങ്ങളാണ് ബി ജെ പി ഉള്‍പ്പടെയുള്ള ഹൈന്ദവ സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി നടത്തിയത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഇന്നലെയും സംഘ്പരിവാറുകാര്‍ തെരുവിലിറങ്ങി അക്രമ പരമ്പരകള്‍ തീര്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.