ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്റെ മരണം തലക്കേറ്റ ക്ഷതത്തെ തുടര്‍ന്ന്

Posted on: January 3, 2019 4:05 pm | Last updated: January 3, 2019 at 4:05 pm

തിരുവനന്തപുരം: പത്തനംതിട്ടയില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചത് തലക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചന്ദ്രന്‍ ഉണ്ണിത്താന്‍ എന്നയാളാണ് മരിച്ചത്. തലയുടെ മുന്‍വശത്തും മധ്യഭാഗത്തുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയില്‍ രക്തസ്രാവം ഉണ്ടായിരന്നതായും റിപ്പോര്‍ട്ടിലുണ്ട്. വിശദമായ റിപ്പോര്‍ട്ട് പുറത്തുവന്നാലെ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകുകയുള്ളൂ.

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരുവല്ല സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ സംസ്‌കരിക്കും.

ഉണ്ണിത്തിന്റെ മരണം ഹൃദയസ്തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുമ്പായിരുന്നു ഈ പ്രതികരണം.

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പന്തളത്തുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ഉണ്ണിത്താന്‍ രാത്രിയോടെ മരിക്കുകയായിരുന്നു. ഇദ്ദേഹത്തെ ആക്രമിച്ച രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.