തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

Posted on: January 3, 2019 2:27 pm | Last updated: January 3, 2019 at 2:27 pm

തിരുവനന്തപുരം: ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറാമാന്‍മാര്‍ക്ക് പരുക്കേറ്റു. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിംഗ് നിര്‍ത്തിവെച്ച് പ്രതിഷേധിച്ചു.

സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്. ഈ സമയം നേതാക്കള്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ല. അണികളാണ് ആക്രമണം നടത്തുന്നതെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു നേതാക്കളുടെ നിലപാട്. തുടര്‍ന്നാണ് അക്രമികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് റിപ്പോര്‍ട്ടിംഗ് നിര്‍ത്തിയത്.

ഇന്നലെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.