Connect with us

Kerala

കേരളം റെക്കോര്‍ഡ് തണുപ്പിലേക്ക്; ശൈത്യം രണ്ട് ദിവസം കൂടി തുടരും

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് ഇത്തവണ റെക്കോര്‍ഡ് തണുപ്പിന് സാധ്യത. കേരളത്തിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് വീശുന്ന തണുത്ത കാറ്റിന്റെ ഗതി മാറുന്നതു വരെ ശൈത്യം തുടരുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റായ കേരളവെതര്‍.ഇന്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു ദിവസം കൂടി ശൈത്യം തുടരുമെന്നാണ് നിലവിലുള്ള സാഹചര്യം.

മെഡിറ്റേറിയന്‍ കടലില്‍ നിന്നുള്ള പശ്ചിമവാതം സജീവമായി നിലനില്‍ക്കുന്നതാണ് ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യം തുടരാന്‍ കാരണം. വടക്കേ ഇന്ത്യയിലെ ശൈത്യക്കാറ്റ് തമിഴ്നാട് വഴി കേരളത്തിലേക്ക് എത്തുന്നതാണ് കേരളത്തിലെ തണുപ്പിന് കാരണം. നാളെ പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലും പശ്ചിമവാതം വീശും. ഇത് ഹിമാലയത്തില്‍ തട്ടി ഉത്തരേന്ത്യയിലേക്ക് വ്യാപിക്കുന്നതിനാല്‍ കടുത്ത ശൈത്യം കൂടാനാണ് സാധ്യത.

കന്യാകുമാരി മേഖലയില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1.5 കി.മി, 2.1 കി.മി ഉയരത്തിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് കാറ്റിന്റെ ഗതിയില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. ആന്‍ഡമാന്‍ കടലില്‍ 5 ന് ന്യൂനമര്‍ദം രൂപപ്പെടുമെങ്കിലും അതും ഇന്ത്യന്‍ തീരത്തെ ബാധിക്കാന്‍ ഇടയില്ല.

കേരളത്തില്‍ അടുത്ത ഏഴ് ദിവസം മഴക്ക് സാധ്യതയില്ല. പകല്‍ചൂടിന് അല്‍പം കുറവ് അനുഭവപ്പെടാനും സാധ്യതയുണ്ട്. 30-34 ഡിഗ്രിയാണ് പകല്‍ സമയത്ത് പ്രതീക്ഷിക്കുന്ന പരമാവധി ചൂട്. രാവിലെയും വൈകിട്ടും രാത്രിയിലും തണുത്ത കാറ്റിനും സാധ്യതയുണ്ട്.

വിവിധ ജില്ലകളില്‍ ഇന്നലെ രാത്രിയിലെ താപനില
—————————————–
തിരുവനന്തപുരം- 20.3
പുനലൂര്‍ — 20
ആലപ്പുഴ- 19.1
കോട്ടയം- 16
നെടുമ്പാശ്ശേരി– 17.3
വെള്ളിനിക്കര —- 19.1
പാലക്കാട്- 23.8
കരിപ്പൂര്‍- 18.8
കോഴിക്കോട് നഗരം- 20.2
കണ്ണൂര്‍– 19.3

Latest