ഖനി ദുരന്തം: രക്ഷാപ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് സുപ്രീം കോടതി

Posted on: January 3, 2019 1:04 pm | Last updated: January 3, 2019 at 1:04 pm

ന്യൂഡല്‍ഹി: മേഘാലയയില്‍ മൂന്നാഴ്ചയിലേറെയായി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഖനിയില്‍ കുടുങ്ങിയവര്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം. അവരെ പുറത്തെടുക്കണം. അവര്‍ ജീവിച്ചിരിക്കട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കാം – സുപ്രീം കോടതി വ്യക്തമാക്കി.

ഖനിത്തൊഴിലാളികളെ രക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കഴിഞ്ഞ ഡിസംബര്‍ 13 നാണ് കിഴക്കന്‍ മേഘാലയയിലെ ലുംതാരി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ അകപ്പെട്ടത്. സമീപനദിയില്‍നിന്നുള്ള വെള്ളം ഇരച്ചുകയറിയതോടെ 370 അടി താഴ്ചയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. 20 പേരടങ്ങുന്ന തൊഴിലാളി സംഘത്തില്‍നിന്ന് അഞ്ചുപേര്‍ക്ക് പുറത്തുകടക്കാനായതു മാത്രമാണ് ഏക ആശ്വാസം.