ശബരിമല: ഭരണഘടനാ ബഞ്ച് അടിക്കടി സംഘടിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി

Posted on: January 3, 2019 12:13 pm | Last updated: January 3, 2019 at 1:55 pm

ന്യൂഡല്‍ഹി: ശബരിമല തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇപ്പോള്‍ കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി. ജനുവരി 22ന് മുമ്പ് ശബരിമല വിഷയത്തിലെ ഒരു ഹര്‍ജിയും കേള്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭരണ ഘടനാ ബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനഃസംഘടിപ്പിക്കാനും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിശദമാക്കി.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി. രാമവര്‍മ രാജ എന്നിവര്‍ക്കെതിരേ എ.വി. വര്‍ഷയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, ബി.ജെ.പി. നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, നടന്‍ കൊല്ലം തുളസി എന്നിവര്‍ക്കെതിരേ ഗീനാ കുമാരിയുമാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഇന്നലെ യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചതിനെ തുടര്‍ന്ന് നട അടച്ച കാര്യം അഭിഭാഷകര്‍ സൂചിപ്പിച്ചുവെങ്കിലും കോടതി കേള്‍ക്കാന്‍ തയ്യാറായില്ല. വിധിക്ക് എതിരെ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍പിള്ളക്ക് എതിരായ ഹര്‍ജി.