ഹർത്താൽ: നെടുമങ്ങാട്ട് ബോ‌ംബേറ്, തൃശൂരിലും കാസര്‍കോട്ടും കോഴിക്കോട്ടും കത്തിക്കുത്ത്

Posted on: January 3, 2019 5:35 pm | Last updated: January 4, 2019 at 10:59 am
ചീമേനിയിൽ ഹർത്താൽ ദിനത്തിൽ  സജീവമായ വിപണി

തിരുവനന്തപുരം: സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വനം ചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പരക്കെ അക്രമം. തൃശൂരിലു‌ം കാസർകോട്ടുമായി നാല് പേർക്ക് കുത്തേറ്റു. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് അക്രമികൾ ബോംബെറിഞ്ഞു. മലപ്പുറം തവനൂരിൽ സിപിഎം ഓഫീസിന് തീയിട്ടു. കോഴിക്കോട് മിഠായിത്തെരുവിൽ തുറന്ന കടകൾ അക്രമികൾ തല്ലിപ്പൊളിച്ചു.

തിരുവനന്തപും നെടുമങ്ങാട്ട് സ്വകാര്യ ബാങ്ക് അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് ബോംബേറിലേക്ക് വ്യാപിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത ബിജെപി പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.

തിരുവനന്തപുരം നഗരത്തില്‍ ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമാണ്. പലയിടങ്ങളിലും തുറന്ന കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. അതിനിടെ, തിരുവനന്തുരത്ത് ട്രെയിനില്‍ കുഴഞ്ഞുവീണ സ്ത്രീ മരിച്ചു. ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ലഭിച്ചില്ല. അയ്യപ്പന്‍മാര്‍ അടക്കമുള്ളവരും വാഹം കിട്ടാതെ പ്രയാസ്‌പ്പെട്ടു.

എസ്ഡിപിഐ – ബിജെപി സംഘര്‍ഷത്തിനിടെയാണ് തൃശൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകരായ സുജിത്ത് (37), ശ്രീജിത്, രതീഷ് എന്നിവര്‍ക്കാണു വെട്ടേറ്റത്. വാടാനപള്ളിക്ക് സമീപം ഗണേശമംഗലത്താണു സംഭവം. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏങ്ങണ്ടിയൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകനു നേരത്തെ കുത്തേറ്റിരുന്നു.

കോഴിക്കോട് പ്രകടനം കഴിഞ്ഞുമടങ്ങിയ ബിജെപി പ്രവർത്തകനു ചേവായൂരിൽവച്ച് വെട്ടേറ്റു. അനിൽകുമാർ അങ്കോത്തിനാണ് വെട്ടേറ്റത്.കാസർകോട് ബിജെപി നേതാവിനെ ബൈക്കിലെത്തിയ അക്രമി സംഘം കുത്തിപ്പരുക്കേൽപ്പിച്ചു. മുൻ ബിജെപി കൗൺസിലർ ഗണേഷ് പാറക്കട്ടനാണ് കുത്തേറ്റത്.

ഹര്‍ത്തലില്‍ വ്യാപകമായ ആക്രമണങ്ങളാണ് കോഴിക്കോട്ടുണ്ടായത്. പ്രധാന സ്ഥലങ്ങളില്‍ എല്ലാം ഹര്‍ത്താല്‍ അനുകൂലികള്‍ ടയറുകള്‍ കത്തിച്ചും മറ്റും റോഡ് തടസ്സപ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടിയില്‍ സിഐയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. പേരാമ്പ്രയില്‍ കെഎസ് ആര്‍ടിസിക്ക് നേരെയും ഡിവൈഎഫ്‌ഐ ഓഫീസിന് നേരെയും ആക്രമണമുണ്ടായി.

മിഠായിത്തെരുവില്‍ ഹര്‍ത്താല്‍ ദിവസം തുറക്കാന്‍ ശ്രമിച്ച അഞ്ച് കടകള്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കൊയങ്കോബസാറിലാണ് സംഭവം. ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വ്യാപാരികള്‍ സംഘടിച്ചെത്തി ഇവിടെ കടകള്‍ തുറക്കുകയായിരുന്നു. ഇതോടെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് ആക്രമണം നടത്തിയത്.

രാവിലെ പത്ത് മണിയോടെ മിഠായിത്തെരുവിലെ ഒരു കട തുറന്നു. ഇതിനു പിന്നാലെ വ്യാപാരികള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ സംഘടിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ കട അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലഉം വ്യാപാരികള്‍ തടഞ്ഞു. തുടര്‍ന്ന് കൂടുതല്‍ പേര്‍ പ്രകടനമായി എത്തി ആക്രമണം നടത്തുകയായിരുന്നു. 60ഓളം ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആക്രമണം നടക്കുമ്പോള്‍ പോലീസ് വേണ്ടവിധം ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്. കുറഞ്ഞ പോലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.

തൃശൂര്‍ നഗരത്തില്‍ കട തുറക്കാനുള്ള വ്യാപാരികളുടെ ശ്രമം ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. വയനാട്ടില്‍ വ്യാപാരികള്‍ കടകള്‍ തുറന്നു. മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. തൃശൂരില്‍ ശക്തന്‍ നഗറില്‍ കര്‍ണാടക ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. കുഴൂരില്‍ സിപിഎം ഓഫീസിനും കൊച്ചുകടവില്‍ ബിജെപി ഓഫിസിനും നേരെ കല്ലെറിഞ്ഞു. പാലക്കാട് ഒറ്റപ്പാലത്തത് സിപിഎം- ബിജെപി പ്രകടനത്തിനിടയില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു.

പാലക്കാട് സിപിഐ ജില്ലാകമ്മിറ്റി ഒാഫിസിനുനേരെ ഹര്‍ത്താലനുകൂലികുടെ അക്രമം. ഒാഫിസിനു മുന്‍പില്‍ നിര്‍ത്തിയിട്ട അഞ്ചു ബൈക്കുകളും രണ്ടു കാറും എറിഞ്ഞുതകര്‍ത്തു. ഒാഫിസിന്റെ ജനലുകളും തകര്‍ത്തിട്ടുണ്ട്. ഹര്‍ത്താനുകൂലികളെ പിരിച്ചുവിടാന്‍ പൊലീസ് നാലു റൗണ്ട് കണ്ണീര്‍വാതകം പൊട്ടിച്ചു.

കണ്ണൂരിലെ വിവിധ ഹര്‍ത്താല്‍ അക്രമങ്ങളില്‍ 17 പേര്‍ അറസ്റ്റിലായി. വാഹനങ്ങള്‍ക്കു നേരെയുണ്ടായ അക്രമങ്ങളില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ ഇന്ത്യന്‍ കോഫി ഹൗസിനു സമീപം പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകരും കോഫി ഹൗസിനു കാവല്‍ നിന്ന സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.

ഹർത്താൽ ദിനത്തിൽ സജീവമായ മലപ്പുറം

മലപ്പുറത്തെ ഹർത്താൽ കാര്യമായി ബാധിച്ചില്ല. ഭൂരിഭാഗം സ്ഥലങ്ങളിലും കടകൾ തുറന്നു. വാഹനങ്ങളും നിരത്തിലുണ്ട്. എടപ്പാളിൽ ഹർത്താൽ അനുകൂലികളെ ജനം ഒാടിച്ചു.