Connect with us

Articles

എന്‍ എസ് എസും യുവതീ പ്രവേശവും

Published

|

Last Updated

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് എന്‍ എസ് എസ് രാഷ്ട്രീയമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. മുമ്പൊരിക്കലും ഇത്തരമൊരു സാഹചര്യം എന്‍ എസ് എസിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും എന്‍ എസ് എസ് നേതൃത്വത്തിന് മുന്നില്‍ ഓച്ചാനിച്ച് നിന്ന് സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കി മാത്രം പെരുന്നയോട് യാത്ര പറഞ്ഞിരുന്ന സാഹചര്യമായിരുന്നു മുമ്പെല്ലാമുണ്ടായിരുന്നത്. ഇതിന് വിഘാതമായുണ്ടായത് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മാത്രമാണ്. അദ്ദേഹം പെരുന്നയിലെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി സുകുമാരന്‍ നായരെ കാണാന്‍ നില്‍ക്കാതെ മടങ്ങുകയായിരുന്നു. പിന്നീട് ഇതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപുറപ്പെട്ടെന്നത് വേറെ കാര്യം. രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് പോലും തിട്ടൂരം കാട്ടി വിരട്ടി ശീലമുള്ള എന്‍ എസ് എസ് നേതൃത്വത്തിന്റെ വിരട്ടലൊന്നും പണ്ടേ പോലെ ഫലിക്കുന്നില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അത്തരം വിരട്ടലുകളൊക്കെ ചെലവാകുന്നിടത്ത് മതിയെന്നും ഇങ്ങോട്ട് വേണ്ടെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ അടിയറവ് പറഞ്ഞിരിക്കുകയാണ് സുകുമാരന്‍ നായര്‍.

ഏത് മുന്നണി അധികാരത്തില്‍ വന്നാലും താക്കോല്‍ സ്ഥാനങ്ങളില്‍ തങ്ങള്‍ പറയുന്നവരെ നിയോഗിക്കണമെന്നാണ് എന്‍ എസ് എസ് നേതൃത്വത്തിന്റെ നിലപാട്. അല്ലാത്ത പക്ഷം, സര്‍ക്കാറിനെ പാഠം പഠിപ്പിക്കാന്‍ പോന്ന ശക്തിയുണ്ടെന്നാണ് എന്‍ എസ് എസ് നേതൃത്വത്തിന്റെ വീമ്പ്. അതെല്ലാം പഴയ കഥ. ഇനി അത്തരം മാടമ്പിത്തരമൊന്നും ഇവിടെ ചെലവാകില്ലെന്ന് ആണത്തത്തോടെ പ്രഖ്യാപിക്കാന്‍ പിണറായി വിജയന് സാധിച്ചിരിക്കുന്നു. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്താമെന്ന എന്‍ എസ് എസിന്റെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് പുതുവത്സര ദിനത്തിലെ വനിതാമതില്‍ വിജയം. മതിലിന് മുമ്പ് സംഘ്പരിവാര്‍ നടത്തിയ അയ്യപ്പ ജ്യോതിക്ക് ഒത്താശ ചെയ്തിരുന്നു സുകുമാരന്‍ നായര്‍.

സമുദായാംഗങ്ങളെ കൊണ്ട് പ്രതിരോധ മതില്‍ തീര്‍ത്ത് ആവശ്യങ്ങള്‍ നേടിയെടുത്തു വന്നിരുന്ന എന്‍ എസ് എസ് നേതൃത്വത്തെ വനിതാ മതിലിന്റെ വിജയം ശരിക്കും അസ്വസ്ഥരാക്കിയിട്ടുണ്ട്.വനിതാ മതിലിന് പിന്നാലെ മന്നം സമാധി ദിനത്തില്‍ തന്നെ, ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായതും യുവതികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പോലീസ് പൂര്‍ണ സുരക്ഷ ഉറപ്പാക്കിയതുമെല്ലാം എന്‍ എസ് എസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെ യുവതീ പ്രവേശനത്തിന് സുകുമാരന്‍ നായര്‍ വെല്ലുവിളിച്ച് തൊട്ടടുത്ത ദിവസമാണ് ഇത് സംഭവിക്കുന്നത്. ഭരണ സിരാകേന്ദ്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയും വിറപ്പിച്ചും ശീലമുള്ള എന്‍ എസ് എസ് നേതൃത്വം അടുത്തിടെയായുണ്ടാകുന്ന തിരിച്ചടികളെ എങ്ങിനെ പ്രതിരോധിക്കുമെന്നറിയാതെ കുഴങ്ങുകയാണ്. ഭരണ മുന്നണിക്ക് നേതൃത്വം നല്‍കുന്നവരിലെ മൂന്ന് പ്രധാനികള്‍ സ്വന്തം സമുദായത്തില്‍ നിന്നുള്ളവരാണെന്നതിനാല്‍ തന്നെ, എന്‍ എസ് എസ് നേതൃത്വത്തിന് ആ പേരില്‍ വിമര്‍ശമുന്നയിക്കാന്‍ വകുപ്പില്ലാതായി. ഇവരെ സമുദായം ഒറ്റപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയിട്ടും ഫലമുണ്ടായില്ല. ബി ജെ പി നേതാവ് സുരേഷ് ഗോപിയെയും കോണ്‍ഗ്രസ് നേതാവ് ശശിതരൂരിനെയും ഡല്‍ഹി നായര്‍ എന്നാക്ഷേപിച്ച് തള്ളിയത് പോലെ ബാലകൃഷ്ണ പിള്ളയെയും കാനത്തെയും കോടിയേരിയെയും തള്ളാനും എന്‍ എസ് എസ് നേതൃത്വത്തിന് കഴിയുന്നില്ല.

ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സര്‍ക്കാറിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളെ എന്‍ എസ് എസ് പിന്തുണക്കുമ്പോള്‍ അതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളുടെയും കൊലവിളിയുടെയുമെല്ലാം ഉത്തരവാദിത്വം കൂടി നേതൃത്വം ഏറ്റെടുക്കേണ്ടിവരുന്നു. ഭക്തിയോടെ മാത്രം ഉച്ചരിച്ചുപോന്ന നാമജപം പ്രതിഷേധസമങ്ങളുടെ മുദ്രാവാക്യമാക്കി മാറ്റിയതില്‍ എന്‍ എസ് എസ് നേതൃത്വത്തിനും കാര്യമായ പങ്കുണ്ട്. എന്‍ എസ് എസ് കരയോഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ നാമജപ റാലികള്‍ നടന്നത്. ഇതില്‍ വിശ്വാസിനികളുടെ പങ്കാളിത്തമുണ്ടായെന്നത് നേരാണ്. പക്ഷേ, പ്രതിഷേധത്തിനായി നാമജപം ഉപയോഗിച്ചതിലുള്ള സമുദായാംഗങ്ങളുടെ എതിര്‍പ്പ് ഇപ്പോഴും ശക്തമാണ്. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പരിപാടികള്‍ സംസ്ഥാനത്തുടനീളം നടക്കുമ്പോള്‍ എന്‍ എസ് എസ് കരയോഗങ്ങള്‍ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ സര്‍ക്കാറിനെയും എതിര്‍ വിഭാഗത്തെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലായിരുന്നു. പിന്നീട് ഇതിന്റെ പേരിലും നാമജപക്കാര്‍ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടി. എന്നാല്‍ സി സി ടി വി ക്യാമറകള്‍ നിരീക്ഷിച്ച് പോലീസ് അറസ്റ്റ് ചെയ്തവരാകട്ടെ, സാക്ഷാല്‍ ആര്‍ എസ് എസുകാരും എന്‍ എസ് എസ് കരയോഗം അംഗങ്ങളുമാണ്. ഇതും എന്‍ എസ് എസിനെ പ്രതിരോധത്തിലാക്കി. സമദൂരത്തിന്റെ പേരില്‍ ഇക്കാലമത്രയും മാറി മാറി അധികാരത്തില്‍ വരുന്ന മുന്നണികളെയും സര്‍ക്കാറുകളെയും വരച്ച വരയില്‍ നിര്‍ത്താന്‍ ശ്രമിച്ച എന്‍ എസ് എസിന്റെ മൂടുപടം അഴിഞ്ഞുവീഴുന്നതായിരുന്നു ശബരിമല വിഷയത്തില്‍ അവര്‍ നടത്തിയ നാടകങ്ങളത്രയും.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിയമപരമായ മാര്‍ഗങ്ങള്‍ ആരായുന്നതിന് പകരം വിശ്വാസികളെ തെരുവിലിറക്കി പ്രതിരോധ മതില്‍ തീര്‍ത്തവര്‍ക്ക് കാലം തിരിച്ചടി നല്‍കിയിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ എന്‍ എസ് എസിന്റെ ഒരു പ്രസ്താവന വരുന്നതോടെ തന്നെ, മുന്നണി നേതാക്കളും പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമെല്ലാം പെരുന്നയിലെത്തി ഊഴം കാത്ത് നിന്ന് മുഖം കാണിച്ച് പുതിയ ആവശ്യങ്ങള്‍ അംഗീകരിച്ചുപോന്നിടത്ത്, യുവതി പ്രവേശ വിഷയത്തില്‍ വിശ്വാസികളെ തെരുവിലിറക്കിയിട്ടും വെല്ലുവിളികള്‍ ആവര്‍ത്തിച്ചിട്ടും പിണറായി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ നായര്‍ സമുദായ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നതിന്റെ ജാള്യത എങ്ങനെ നീക്കിയെടുക്കുമെന്ന ആലോചനയിലാണ് സുകുമാരന്‍ നായരും സംഘവും. പി കെ നാരായണപ്പണിക്കരുടെ കാലം വരെ ഇത്തരം തോല്‍വികള്‍ ഉണ്ടായിട്ടില്ല. സുകുമാരന്‍ നായരുടെ പരാജയമായി ഇത് സമുദായത്തിനുള്ളില്‍ വിലയിരുത്തുന്നവരുണ്ട്.
ഒടുവില്‍ വനിതാ മതില്‍ പടുത്തുയര്‍ത്തിയതിന്റെ പിറ്റേന്ന് സുപ്രീം കോടതി വിധി പ്രകാരം രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തുകയും ചെയ്തതോടെ എന്‍ എസ് എസ് നേതൃത്വം പുലിവാല്‍ പിടിച്ച അവസ്ഥയിലായി. ശബരി മലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന പ്രാര്‍ഥനയുമായി, മണ്ഡലകാലം അവസാനിക്കുന്നതിന്റെ തലേന്ന് ആര്‍ എസ് എസ് നേതൃത്വത്തിലുള്ള ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട അയ്യപ്പജ്യോതിക്ക് എന്‍ എസ് എസ് പിന്തുണ നല്‍കുകയും അനുയായികള്‍ കൂട്ടത്തോടെ പങ്കെടുക്കുകയും ചെയ്തതോടെ സംഘടനയുടെ സമദൂരസിദ്ധാന്തം പൊളിഞ്ഞെന്ന വിമര്‍ശം പല കോണുകളില്‍ നിന്നുമുണ്ടായി. നായര്‍ സമുദായാംഗങ്ങള്‍ കൂടിയായ പ്രമുഖ ഇടതു നേതാക്കള്‍ തന്നെ, ഇത്തരം ആരോപണവുമായി രംഗത്തെത്തിയതോടെ എന്‍ എസ് എസ് ഔദ്യോഗികമായി പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന വിശദീകരണമാണ് സുകുമാരന്‍ നായരുടെ ഭാഗത്തു നിന്നുണ്ടായത്. ഈ പരിപ്പൊന്നും എന്‍ എസ് എസില്‍ വേവുകയില്ലെന്നും എന്‍ എസ് എസിന്റെ സംഘടനാ സംവിധാനവും അടിത്തറയും അത്രയും ശക്തമാണെന്നുമായിരുന്നു സുകുമാരന്‍ നായരുടെ മറുപടി. വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകുമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനക്ക് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മറുപടിയും പെരുന്നയിലെ നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. ചെകുത്താന്മാര്‍ക്ക് മാത്രമേ അങ്ങിനെ പറയാനാകൂ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. തന്നെയുമല്ല, ആചാര സംരക്ഷണത്തിന്റെ പേരില്‍ എന്‍ എസ് എസ് നടത്തുന്ന സമരങ്ങളെയും വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ആചാരസംരക്ഷണമല്ല, മറിച്ച് അധികാര സംരക്ഷണമാണ് സമരത്തിന്റെ ലക്ഷ്യമെന്ന് തെളിവുകള്‍ നിരത്തി വെള്ളാപ്പള്ളി സമര്‍ഥിക്കുകയും ചെയ്തു. കേരളത്തിലെ 94 ശതമാനം ക്ഷേത്രങ്ങളുടെയും അധികാരം സവര്‍ണ വിഭാഗങ്ങള്‍ക്കാണെന്നും ഇവിടങ്ങളിലെല്ലാം ജോലിക്കാരായി നിയമിക്കപ്പെടുന്നതും ഈ വിഭാഗത്തില്‍ നിന്നാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ ആരോപണം നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതാണ്. ദേവസ്വം ബോര്‍ഡ് നിയമിക്കുന്ന ശാന്തിക്കാര്‍ക്ക് പോലും ക്ഷേത്രങ്ങളില്‍ കുശിനിക്കാരായി പ്രവര്‍ത്തിക്കേണ്ട സ്ഥിതിയാണുള്ളതെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തെ പ്രതിരോധിക്കാന്‍ മന്നത്ത് പത്മനാഭന്റെ പിന്മുറക്കാര്‍ക്ക് കഴിയുന്നില്ലെന്നതാണ് വസ്തുത. ഭരണത്തിലും ഉദ്യോഗ തലങ്ങളിലും താക്കോല്‍ സ്ഥാനങ്ങള്‍ ചോദിച്ചുവാങ്ങിയിരുന്ന എന്‍ എസ് എസിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്നാണ് കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന സംഭവ വികാസങ്ങളിലൂടെ കേരളീയ സമൂഹത്തിന് ബോധ്യമാകുന്നത്. ഇത്രയും കാലം ഏറെ കൊട്ടി ഘോഷിച്ചു പോന്ന എന്‍ എസ് എസിന്റെ സമദൂരം പൊയ്മുഖമായിരുന്നെന്ന വസ്തുതയും ശബരിമല പ്രശ്‌നത്തോടെ കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest