Connect with us

Editorial

ബംഗ്ലാദേശില്‍ വീണ്ടും ശേഖ് ഹസീന

Published

|

Last Updated

ബംഗ്ലാദേശില്‍ ശേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയിരിക്കുകയാണ്. അവാമി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം 299ല്‍ 288 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി (ബി എന്‍ പി) തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച 2014ല്‍ ശേഖ് ഹസീനയുടെ സഖ്യം നേടിയ 234 സീറ്റും മറികടന്ന് ഇത്തവണ മുന്നേറിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഏഴ് സീറ്റ് മാത്രമാണ് ബി എന്‍ പിയുടെ നേതൃത്വത്തിലുള്ള ജതീയ ഒയികിയ മുന്നണിക്ക് നേടാനായത്. അയല്‍രാജ്യത്ത് കെട്ടുറപ്പുള്ള സര്‍ക്കാര്‍ വരുന്നത് ഇന്ത്യക്ക് ആശ്വാസകരമാണെന്നതില്‍ സംശയമില്ല. ഐ എസ് അടക്കമുള്ള സലഫിസ്റ്റ് തീവ്രവാദ ശക്തികള്‍ ബംഗ്ലാദേശിലെ പ്രാദേശിക ഗ്രൂപ്പുകളില്‍ നുഴഞ്ഞ് കയറി ശക്തിയാര്‍ജിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രത്യേകിച്ചും. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് നീതിയുക്തം തന്നെയായിരുന്നോ? തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് പിടിച്ചെടുത്ത വിജയമാണോ ഇത്? തുടങ്ങിയ ചോദ്യങ്ങളുമുയരുന്നുണ്ട്.
ശക്തയായ നേതാവെന്ന നിലയില്‍ ശേഖ് ഹസീനക്ക് ഉയര്‍ന്ന ജനപ്രീതി ഉണ്ടായിരുന്നുവെന്നത് സത്യമാണ്. ബംഗ്ലാദേശിനെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ അവരുടെ സര്‍ക്കാര്‍ അര്‍ഥപൂര്‍ണമായ നടപടികള്‍ കൈകൊണ്ടിരുന്നുവെന്നതും വസ്തുതയാണ്. സുസ്ഥിര ഭരണം അതിനുള്ള കളമൊരുക്കുകയായിരുന്നുവെന്നതാണ് സത്യം. അവരുടെ പാര്‍ട്ടിയാകട്ടെ നല്ല തയ്യാറെടുപ്പുകളോടെയാണ് തിരഞ്ഞെടുപ്പ് ഗോദയിലെത്തിയത്. പ്രചാരണത്തില്‍ ഭരണകക്ഷി തന്നെയായിരുന്നു മുന്നില്‍. അതേസമയം, തിരഞ്ഞെടുപ്പ് അസംബന്ധമാണെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി (ബി എന്‍ പി) ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത സംഘര്‍ഷങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ഭരണകക്ഷിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. 221 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരുന്നില്ലെന്ന് പ്രതിപക്ഷ മുന്നണി നേതാവ് കമാല്‍ ഹുസൈന്‍ ആരോപിക്കുന്നു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് ചിറ്റഗോംഗിലെ പോളിംഗ് സെന്ററിന് പുറത്ത് നിന്ന് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകള്‍ നിറച്ച പെട്ടികള്‍ കണ്ടെടുത്തിരുന്നു. ഭൂരിപക്ഷം വോട്ടെടുപ്പ് കേന്ദ്രങ്ങളിലും തങ്ങളുടെ പോളിംഗ് ഏജന്റിനെ നിര്‍ത്താന്‍ അനുവദിച്ചില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞ ശേഷം 40ലധികം പ്രതിപക്ഷ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
എന്നാല്‍ വോട്ടെടുപ്പ് നീതിയുക്തമല്ലെന്ന് പ്രഖ്യാപിക്കാന്‍ പ്രാദേശികവും അന്തര്‍ ദേശീയവുമായ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതിയും സാര്‍ക്ക് ഉപ സമിതിയും തയ്യാറായിട്ടില്ല. ബംഗ്ലാദേശിന്റെ ചരിത്രം കണക്കിലെടുക്കുമ്പോള്‍ ഭേദപ്പെട്ട തിരഞ്ഞെടുപ്പാണ് ഇപ്പോഴത്തെതെന്നാണ് അവരുടെ വിലയിരുത്തല്‍. 2014ല്‍ പോളിംഗ് ശതമാനം 51 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ 66 ശതമാനമായി ഉയര്‍ന്നുവെന്നതാണ് ഈ സമിതികള്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും വൈകിയും മാറ്റിവെച്ചുമാണ് ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഇത്തവണ കൃത്യസമയത്ത് തന്നെ വോട്ടെടുപ്പ് നടന്നുവെന്നതും നിരീക്ഷണ സമിതി എടുത്തുപറയുന്നു.

തിരഞ്ഞെടുപ്പ് നീതിയുക്തമായിരുന്നുവെന്ന് തെളിയിക്കുക തന്നെയായിരിക്കും ഹസീന സര്‍ക്കാറിന് മുന്നിലെ ആദ്യത്തെ വെല്ലുവിളി. പ്രതിപക്ഷ നേതാക്കളെ വ്യാപകമായി ജയിലിലടക്കുന്നത് പോലുള്ള നടപടികള്‍ അവരെ കൂടുതല്‍ സംശയത്തിന്റെ നിഴലിലാക്കുകയേ ഉള്ളൂ. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ നേതൃത്വം കൊടുക്കരുത്. പ്രതിപക്ഷം പറയുന്നതിനെ അപ്പടി തള്ളിക്കളയുന്നത് ഒരു സര്‍ക്കാറിനും ഭൂഷണമായിരിക്കില്ല. അതുകൊണ്ട് ആരോപണങ്ങളില്‍ ശരിയായ അന്വേഷണം നടക്കണം. പ്രതിപക്ഷ നേതാക്കളുമായി ശേഖ് ഹസീന നേരിട്ട് ചര്‍ച്ച നടത്തണം. ഏത് സമയത്തും സംഘര്‍ഷത്തിലേക്ക് കൂപ്പുകുത്താന്‍ സാധ്യതയുള്ള രാഷ്ട്രീയ ഘടനയാണ് ബംഗ്ലാദേശിലുള്ളത്. അവിടെ ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകള്‍ക്ക് ജനാധിപത്യപരമായ മുഖത്തേക്കാള്‍ അക്രമാസക്തതയാണ് ഉള്ളത്. അവരുടെ നേതാക്കള്‍ക്ക് യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചപ്പോഴും വിധി നടപ്പാക്കിയപ്പോഴും നിരവധി പേരുടെ മരണത്തില്‍ കലാശിച്ച അക്രമമാണ് അരങ്ങേറിയത്. അതുകൊണ്ട് നിയമവാഴ്ച ഉറപ്പ് വരുത്തുകയെന്നത് ബംഗ്ലാദേശിന്റെ മാത്രം താത്പര്യമല്ല, അയല്‍ രാജ്യങ്ങളുടെയും ലോകത്താകെയുള്ള സമാധാനസ്‌നേഹികളുടെയും താത്പര്യമാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഹസീന ഭരണത്തലപ്പത്തിരിക്കുമ്പോള്‍ ഏറെ ഊഷ്മളമായിരുന്നു. അത് കൂടുതല്‍ ശക്തമാകാന്‍ തന്നെയാണ് സാധ്യത. ശേഖ് ഹസീനയെ പോലെ ദീര്‍ഘവീക്ഷണമുള്ള നേതാവിലൂടെ ഇന്ത്യ- ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ദൃഢമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദന സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest