ശബരിമല വിഷയം: മൂന്ന് മാസത്തിനുള്ളില്‍ ബിജെപി നടത്തിയത് ആറ് ഹര്‍ത്താല്‍

Posted on: January 2, 2019 7:46 pm | Last updated: January 2, 2019 at 9:27 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ ബിജെപി നടത്തിയത് ആറ് ഹര്‍ത്താല്‍ .ഇതില്‍ മൂന്നെണ്ണം സംസ്ഥാന തലത്തിലും മൂന്നെണ്ണം ജില്ലാ തലത്തിലുമാണ്.

ഒക്ടോബര്‍ ഏഴിനായിരുന്നു ഇതില്‍ ആദ്യ ഹര്‍ത്താല്‍. ശബരിമല യുവതീ പ്രവേശന വിധിയില്‍ പുനപരിശോധന ഹരജി നല്‍കാത്ത ദേവസ്വം ബോര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംഘടിപ്പിച്ച സമരത്തില്‍ പോലീസ് മര്‍ദനം അഴിച്ചുവിട്ടെന്നാരോപി്ചാണ് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തിയത്.

ശബരിമല ദര്‍ശനത്തിന് പോയ ലോട്ടറി വില്‍പ്പനക്കാരനായ ശിവദാസനെ ളാഹക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നവംബര്‍ രണ്ടിന് പത്തനംതിട്ട ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 17ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനം.

ശബരിമല വിഷയത്തില്‍ സമരം ചെയ്തവരെ പോലീസ് മര്‍ദിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം ജില്ലയില്‍ ഡിസംബര്‍ 11ന് ബിജെപി ഹര്‍ത്താല്‍ നടത്തി.

ബിജെപി നേതാവ് സികെ പത്മനാഭന്‍ ശബരിമല വിഷയത്തില്‍ സമരം നടത്തുന്ന സെക്രട്ടറിയേറ്റിന് മുന്നിലെ സമര പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 14ന് സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ നടത്തി. ഏറ്റവും ഒടുവില്‍ ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമതി പ്രഖ്യാപിച്ച വ്യാഴാഴ്ചയിലെ ഹര്‍ത്താലിന് ബിജെപി പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്.