Connect with us

National

ആര്‍ ജെ ഡി നേതാവിന്റെ കൊല; പതിമൂന്നുകാരനുള്‍പ്പടെ രണ്ടുപേരെ തല്ലിക്കൊന്നു

Published

|

Last Updated

പട്‌ന: ബിഹാറിലെ നളന്ദയില്‍ ആര്‍ ജെ ഡി നേതാവിനെ കൊലപ്പെടുത്തിയതിനു പിറകെ ബാലനടക്കം രണ്ടുപേരെ ഒരു സംഘം മര്‍ദിച്ചു കൊന്നു. അക്രമത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആര്‍ ജെ ഡി നേതാവിന്റെ കൊലയില്‍ പങ്കുള്ളതായി സംശയിക്കുന്നയാളുടെ ബന്ധുവായ രഞ്ജയ് യാദവ് (13), സന്തു മലാക്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനു തീയിട്ട ശേഷം ഇവരെ തല്ലിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. യാദവ് ആശുപത്രിയില്‍ വച്ചും മലാക്കര്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് ആര്‍ ജെ ഡിയുടെ എസ് സി/എസ് ടി സെല്‍ ഭാരവാഹിയായ ഇന്‍ഡല്‍ പാസ്വാന്‍ കൊല്ലപ്പെട്ടത്. ഒരു പരിപാടിയില്‍ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുകയായിരുന്ന പാസ്വാനു നേരെ ദീപ് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മഗന്ദ സരായി ഗ്രാമത്തില്‍ വച്ച് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പ്രാദേശിക നിവാസിയായ ചുന്നി ലാല്‍ എന്നയാളാണ് ആര്‍ ജെ ഡി നേതാവിന്റെ കൊലക്കു പിന്നിലെന്ന് ആരോപിച്ച് പാസ്വാന്റെ അനുകൂലികള്‍ സംഭവ സ്ഥലത്തെത്തി ബഹളം വച്ചു. തുടര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്. സദര്‍ സബ് ഡിവിഷന്‍ പോലീസ് ഓഫീസര്‍ ഇംറാന്‍ പര്‍വേസ്, ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

Latest