ഹര്‍ത്താല്‍: അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിജിപിയുടെ ഉത്തരവ്

Posted on: January 2, 2019 7:00 pm | Last updated: January 2, 2019 at 8:48 pm

തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലിനിടെ അക്രമങ്ങള്‍ക്ക് മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്നും നഷ്ടപരിഹാരം ഈടാക്കും. ഇവരുടെ ബേങ്ക് അക്കൗണ്ടുകളില്‍നിന്നോ സ്വത്തുവഹകളില്‍നിന്നോ ആയിരിക്കും നഷ്ടം ഈടാക്കുകയെന്നും ഡിജിപി വ്യക്തമാക്കി.

കടകള്‍ തുറക്കുന്നവര്‍ക്ക് സംരക്ഷണമൊരുക്കും. കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കും മതിയായ സംരക്ഷണമൊരുക്കണം. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഐജിമാരേയും സോണല്‍ എഡിജിപിമാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.