ഹര്‍ത്താലില്‍ കടകള്‍ തുറന്നാല്‍ അടപ്പിക്കുമെന്ന് ബിജെപി

Posted on: January 2, 2019 6:39 pm | Last updated: January 2, 2019 at 7:48 pm

കോഴിക്കോട്: നാളത്തെ ഹര്‍ത്താലുമായി സഹകരിക്കാതെ കടകള്‍ തുറന്നാല്‍ അടപ്പിക്കുമെന്ന് ബിജെപി. ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാര സംഘടനകള്‍ വ്യക്തമാക്കിയതിന് പിറകെയാണ് ബിജെപിയുടെ ഭീഷണി. വ്യാപാരി വ്യവസായി ഏകോപന സമതി നേതാവ് ടി നസറുദ്ദീന്റെയും സംഘത്തിന്റേയും നീക്കം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി മുന്‍ ഉത്തര മേഖലാ വക്താവ് പി രഘുനാഥ് പറഞ്ഞു.

നാളെ നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമതിക്കൊപ്പമുള്ള 96 സംഘടനകളും ഹര്‍ത്താലിന് എതിരായി അണിനിരക്കുമെന്നും നസറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു. ബിജെപി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇനി ഹര്‍ത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി സമൂഹം തീരുമാനിച്ചത്.