Connect with us

National

റഫാല്‍: പ്രധാന മന്ത്രിക്കെതിരെ ചോദ്യശരങ്ങളുതിര്‍ത്ത് രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ചോദ്യ ശരങ്ങളുതിര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മോദിക്കു കഴിയില്ലെന്നും രാജ്യം മുഴുവന്‍ അദ്ദേഹത്തിനെതിരെ വിരല്‍ ചൂണ്ടുകയാണെന്ന് രാഹുല്‍ പറഞ്ഞു.

95 മിനുട്ട് മുറിയാതെ നീളുന്ന ഒരു മുഖാമുഖത്തിന് പ്രധാന മന്ത്രി തയാറായാല്‍ എല്ലാം വ്യക്തമാകും. എന്നാല്‍ സഭയില്‍ ഹാജരായി ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യം അദ്ദേഹത്തിനില്ല. ഇന്നലെ നടന്ന ഒരു അഭിമുഖത്തില്‍ പ്രധാന മന്ത്രി പരിഭ്രാന്തനും ക്ഷീണിതനുമാകുന്നതു കണ്ടു. റഫാല്‍ ഇടപാടില്‍ ആരും തന്നെ ചോദ്യം ചെയ്യുന്നില്ലെന്നാണ് മോദി പറയുന്നത്. എന്നാല്‍ രാജ്യത്തെ ജനങ്ങളാകെ അദ്ദേഹത്തിനെ ചോദ്യം ചെയ്യുകയാണെന്നതാണ് സത്യം- രാഹുല്‍ പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേനക്ക് 126 യുദ്ധ ജെറ്റുകളാണ് ആവശ്യമുണ്ടായിരുന്നത്. ഇത് 36 ആക്കി വര്‍ധിപ്പിച്ചതിന്റെ ഉദ്ദേശ്യം എന്താണ്? 126 എണ്ണം മതിയെന്ന് വ്യോമസേന സര്‍ക്കാറിനോട് പറഞ്ഞിരുന്നില്ലേ? രാജ്യത്തിന് അടിയന്തരമായി ആവശ്യമുണ്ടായിരുന്നുവെന്ന ന്യായീകരണമാണ് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ഒരു വിമാനം പോലും ഇവിടെ എത്താതിരുന്നത് എന്തുകൊണ്ടാണ്? കോണ്‍. അധ്യക്ഷന്‍ ചോദിച്ചു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ തന്റെ കിടപ്പറയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന ഓഡിയോ ടേപ്പ് സഭയില്‍ കേള്‍പ്പിക്കാന്‍ അനുമതി വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അതിന്റെ ആധികാരികത തെളിയിക്കാന്‍ ഒരുക്കമാണോ എന്ന് സ്പീക്കര്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണെന്നും നിങ്ങള്‍ക്ക് സന്തോഷമുണ്ടാക്കുന്നതാണെങ്കില്‍ ഞാനത് കേള്‍പ്പിക്കില്ലല്ലോ എന്നായിരുന്നു രാഹുലിന്റെ മറുപടി.

രാഹുല്‍ ആവര്‍ത്തിച്ചു നുണ പറയുകയാണെന്നും ഓഡിയോ ടേപ്പിന്റെ ആധികാരികത തെളിയിക്കാന്‍ എന്തുകൊണ്ടാണ് കഴിയാത്തതെന്നും കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി ബഹളം വച്ചതിനെ തുടര്‍ന്ന് സഭ തത്കാലത്തേക്കു പിരിഞ്ഞു.

Latest