ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍; കടകള്‍ തുറക്കും

Posted on: January 2, 2019 5:16 pm | Last updated: January 2, 2019 at 7:06 pm

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാളെ കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍. നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദീന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പമുള്ള 96 സംഘടനകളും ഹര്‍ത്താലിന് എതിരായി അണിനിരക്കും. പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുവെന്നും ഹര്‍ത്താലിനെ അനുകൂലിക്കരുതെന്ന് ശ്രീധരന്‍ പിള്ളയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഹര്‍ത്താലില്‍ കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.

ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കാനും ലോറി, ബസ് എന്നിവ ഓടിക്കാനും കഴിഞ്ഞ മാസം കോഴിക്കോട്ട് ചേര്‍ന്ന വ്യാപാര, വ്യവസായ മേഖലകളിലുള്ളവരുടെയും ബസ്, ലോറി ഉടമകളുടെയും യോഗത്തില്‍ തീരുമാനിച്ചിരുന്നു. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാനും തീരുമാനമായിരുന്നു. എന്നാല്‍, നാളെ സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല.