Connect with us

National

മധ്യപ്രദേശ് സെക്രട്ടേറിയറ്റില്‍ ഇനി വന്ദേമാതരം ആലപിക്കില്ല; നടപടിക്കെതിരെ ബി ജെ പി

Published

|

Last Updated

ഭോപാല്‍: മധ്യപ്രദേശില്‍ സെക്രട്ടേറിയറ്റ് കൂടുന്ന ഓരോ മാസത്തെയും ആദ്യ ദിനത്തില്‍ വന്ദേമാതരം ആലപിക്കുകയെന്ന മുന്‍ ബി ജെ പി സര്‍ക്കാറിന്റെ കീഴ്‌വഴക്കം ഒഴിവാക്കാന്‍ തീരുമാനം. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാറാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈയൊരു പതിവ് കൊണ്ടുവന്നിരുന്നത്.

നടപടിക്കെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തിയ ചൗഹാന്‍ വന്ദേമാതരം ഒരു ദേശീയ ഗാനം മാത്രമല്ലെന്നും ദേശഭക്തിയുടെ പര്യായമാണെന്നും വ്യക്തമാക്കി. വന്ദേമാതരം ആലപിക്കുന്നത് തുടരാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരമൊരു നടപടി നിര്‍ഭാഗ്യകരമാണ്. സര്‍ക്കാറുകള്‍ വരികയും പോവുകയും ചെയ്യുമെന്ന കാര്യം കോണ്‍ഗ്രസ് മറന്നിരിക്കാം. എന്നാല്‍, രാജ്യത്തെക്കാളും ദേശഭക്തിയെക്കാളും വലുതല്ല മറ്റൊന്നുമെന്ന് അവര്‍ മനസ്സിലാക്കണം. സെക്രട്ടേറിയറ്റ് കൂടുന്ന ജനുവരി ഏഴിന് താനും മറ്റു ബി ജെ പി അംഗങ്ങളും വന്ദേമാതരം ആലപിക്കുമെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

വന്ദേമാതരം ആലപിക്കാത്തവരെല്ലാം രാജ്യസ്‌നേഹികളല്ലെന്നു പറയുന്നതില്‍ എന്തര്‍ഥമാണുള്ളതെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തോട് കമല്‍നാഥ് പ്രതികരിച്ചത്.

Latest