Connect with us

Kozhikode

പ്രാഥമിക ചികിത്സയുടെ പാഠം പകര്‍ന്ന് നിസാര്‍ സേട്ട്

Published

|

Last Updated

കോഴിക്കോട്: അപ്രതീക്ഷിത അപകടങ്ങളില്‍ എന്തു ചെയ്യുമെന്ന് അറിയാത്തവര്‍ക്കായി ഫഌക്‌സുകളിലൂടെ ബോധവത്കരണം നടത്തുകയാണ് നിസാര്‍ സേട്ട്. റോഡപകടങ്ങില്‍പെട്ടാല്‍, തീപ്പൊള്ളല്‍, പാമ്പുകടി, അപസ്മാരം തുടങ്ങിയ എന്തപകടമാണെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ തൊട്ടുമുമ്പ് നല്‍കേണ്ട പ്രാഥമിക ചികിത്സയാണ് നിസാര്‍ സേട്ട് ഫഌക്‌സുകളിലൂടെ പ്രചരിപ്പിക്കുന്നത്.
മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയില്‍ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും തന്റെ എണ്‍പത് ഫഌക്‌സുകളിലൂടെ മിഠായിത്തെരുവില്‍ നിരവധി കാര്യങ്ങളാണ് ഇദ്ദേഹം ജനങ്ങളിലേക്ക് എത്തിക്കുന്നത്.

സംസാരിക്കാനാല്ലാതെ ഒരു ഭാഷയും എഴുതാനോ വായിക്കാനോ നിസാര്‍ സേട്ടുവിന് അറിയില്ല. എന്നാല്‍ മലയാളം, തമിഴ്, കന്നട തുടങ്ങി നിരവധി ഭാഷകളിലുള്ള ഫഌ്‌സുകള്‍ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. ഊട്ടി സ്വദേശിയായ ഇദ്ദേഹം ഷട്ടര്‍ മെക്കാനിക്കായി 30 വര്‍ഷത്തിലധികമായി കോഴിക്കോട്ടുണ്ട്. എന്നാല്‍, ഈ മേഖലയിലേക്ക് കടന്നു വന്നിട്ട് പതിനേഴ് വര്‍ഷമേ ആയിട്ടുള്ളു.

പിതാവിന്റെ പാത പിന്തുടര്‍ന്നാണ് അദ്ദേഹം ഈ വഴി തിരഞ്ഞെടുത്തത്. തന്റെ വീടിനു സമീപത്തു മാത്രമായിരുന്നു പിതാവ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാജ്യത്തെല്ലായിടത്തും ഈ സന്ദേശം എത്തണമെന്ന നിര്‍ബന്ധം കൊണ്ട് പിന്നീട് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാന്‍ തുടങ്ങി. തന്റെ മോട്ടോര്‍ സൈക്കിളിലാണ് രാജ്യത്തെ ഗ്രാമങ്ങളിലൂടെയുള്ള ഇദ്ദേഹത്തിന്റെ സഞ്ചാരം.

മോട്ടോര്‍ സൈക്കിളില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ്, ഭക്ഷണം പാകം ചെയ്യാനുള്ള സ്റ്റൗ, പാത്രങ്ങള്‍, പല ഭാഷയില്‍ അച്ചടിച്ച ഫഌക്‌സുകള്‍ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഉണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളിലും സഞ്ചിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട്ടു നിന്നാണ് തനിക്ക് മികച്ച പ്രതികരണം ലഭിച്ചത്. പുലര്‍ച്ചെ മൂന്ന് മണിവരെയും ആളുകള്‍ തന്റെ അടുത്തു വന്ന് സംശയ നിവാരണം നടത്തിയെന്നും അദ്ദേഹം പറയുന്നു.
മിഠായിത്തെരുവില്‍ തീപ്പിടുത്തം ഉണ്ടായപ്പോഴും കടലുണ്ടി ട്രെയില്‍ അപകടം ഉണ്ടായപ്പോഴും സേട്ടു തന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ബോധവത്കരണത്തിന് ഉപരിയായി കാരുണ്യ പ്രവര്‍ത്തനത്തിലും മുന്‍പന്തിയിലാണ് അദ്ദേഹം.

---- facebook comment plugin here -----

Latest