Connect with us

Kerala

ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കിയ പോലീസുകാരന് ഗുഡ് സര്‍വീസ് എന്‍ട്രി

Published

|

Last Updated

തിരുവനന്തപുരം: ട്രാഫിക്ക് കുരുക്കില്‍പെട്ട ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കി സോഷ്യല്‍ മീഡിയയുടെ കൈയടി നേടിയ പോലീസുകാരന് ഗുഡ് സര്‍വീസ് എന്‍ട്രി. ഹൈവേ പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാറിനാണ് ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം ടൗണിലുണ്ടായ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കിയ രഞ്ജിത്തിന്റെ ആത്മാര്‍ത്ഥതക്കും സഹജീവി സ്‌നേഹത്തിനും സോഷ്യല്‍ മീഡിയ ബിഗ്‌സല്യൂട്ട് നല്‍കിയിരുന്നു.

വീഡിയോ ദൃശ്യങ്ങള്‍ ഇങ്ങനെ: കോട്ടയത്തെ കനത്ത ഗതാഗത കുരുക്കിലേക്ക് സൈറണ്‍ മുഴക്കി ആംബുലന്‍സെത്തുന്നു. നീണ്ടുകിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് പോകാന്‍ വഴിയില്ല. വഴിയൊരുക്കാന്‍ ആംബുലന്‍സിന് മുന്നില്‍ ഓടുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍. വാഹനത്തിരക്കിനിടയിലൂടെ ഓടുന്നതിനൊപ്പം ആംബുലന്‍സിനും മറ്റു വാഹനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി, വാഹനങ്ങളെ ഇരുവശങ്ങളിലേക്ക് മാറ്റി. പോലീസൊരുക്കിയ വഴിയിലൂടെ ആംബുലന്‍സ് മുന്നോട്ട്. തങ്ങളെ സഹായിച്ച പരിചയമില്ലാത്ത പോലീസുകാരനെ കണ്ടെത്താന്‍ ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ് ഈ വീഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ ഈ നല്ല മനസ്സിനുടമ ഹൈവേ പൊലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ ആണെന്ന് സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തി. ജനങ്ങളുടെ ജീവന് കാവലായ പോലീസുകാരന്റെ ആത്മാര്‍ത്ഥതക്ക് അഭനന്ദന പ്രവാഹവുമായി നിരവധിപേരെത്തുകയും ചെയ്തു. ജോലിയോടും ആംബുലന്‍സിലുണ്ടായിരുന്നവരോടും ഈ ഉദ്യോഗസ്ഥന്‍ കാണിച്ച ആത്മാര്‍ഥതയ്ക്ക് കേരള പോലീസും, ജനമൈത്രി പോലീസും ഫേസ്ബുക്ക് പേജിലൂടെ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.

കഴിഞ്ഞ 26ന് ചെങ്ങന്നൂര്‍ കൊല്ലക്കടവ്പുന്തല റോഡില്‍ ചെറുവല്ലൂര്‍ സിഎസ്‌ഐ പള്ളിക്ക് സമീപം അപകടത്തില്‍ പരുക്കേറ്റവരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വൃദ്ധ ദമ്പതിക്ക് ഗുരുതര പരിക്കേല്‍ക്കുകയും കൂടെ യാത്ര ചെയ്ത എട്ടു വയസ്സുകാരന്‍ പേരക്കുട്ടി ആരോണ്‍ മരിക്കുകയും ചെയ്തിരുന്നു. മുത്തശ്ശനേയും മുത്തശിയേയും കൊല്ലുക്കടവിലെ സ്വകാര്യാശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വൈകുന്നേരം 5.30ഓടെയാണ് ട്രാഫിക് ബ്ലോക് ഉണ്ടായത്. ചെങ്ങന്നൂര്‍ മുതല്‍ തന്നെ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. എംസി റോഡില്‍ ബിഎസ്എന്‍എല്‍ ഓഫീസ് മുതല്‍ പുളിമൂട് ജംഗ്ഷനിലൂടെ തിരുനക്കര മൈതാനം വരെയുള്ള ഭാഗത്ത് റോഡിലുണ്ടായിരുന്ന വാഹനങ്ങളാണ് രഞ്ജിത്ത ഇടപെട്ട് മാറ്റിയത്. കോട്ടയം ടൗണില്‍ വെച്ചുണ്ടായ തിരക്കില്‍ നിന്നും ആംബുലന്‍സിനെ കടത്തിവിടാന്‍ ബുദ്ധിമുട്ടിയ പോലീസുകാരന്റെ വീഡിയോ പോലീസുകാരനെ കണ്ടെത്താനും അഭിനന്ദിക്കാനുമാണ് ആംബുലന്‍സിലുള്ളയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

്്്‌കോട്ടയം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറും ഏറ്റുമാനൂര്‍ കണ്‍ട്രോള്‍ റൂമിലെ പോലീസുകാരനുമാണ് രഞ്ജിത്. വൈക്കം കുലശേഖര മംഗലം ഭാനു നിവാസില്‍ രാധാകൃഷ്ണന്‍- രത്‌നമ്മ ദമ്പതികളുടെ മകനാണ് രഞ്ജിത്ത്. വൈക്കം ആശ്രമത്തിലെ അധ്യാപിക കെആര്‍ ശ്രീദേവിയാണ് ഭാര്യ.

Latest