റഫാല്‍: സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

Posted on: January 2, 2019 12:51 pm | Last updated: January 2, 2019 at 2:26 pm

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ ക്രമക്കേടുകള്‍ ആരോപിച്ച് സമര്‍പ്പിച്ച് പൊതു താത്പര്യ ഹരജികള്‍ തള്ളിക്കൊണ്ട് സുപ്രീം കോടതി ഡിസം: 14ന് പുറപ്പെടുവിച്ച വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രിമാര്‍. യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് കോടതിയെ സമീപിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷണും ഇക്കാര്യമുന്നയിച്ച് ഹരജി നല്‍കിയിട്ടുണ്ട്.

തെറ്റായ വിവരങ്ങളും അവകാശവാദങ്ങളുമാണ് കോടതിയില്‍ നല്‍കിയ സീല്‍ ചെയ്ത കവറിലെ കുറിപ്പില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് പുനപരിശോധന ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വാദം തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

അതിനിടെ, പ്രതിരോധ കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സ്വന്തം കൈയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. കരാര്‍ ഒപ്പിടുമ്പോള്‍ നടപടിക്രമങ്ങള്‍ ലംഘിച്ചതായി വ്യക്തമാക്കുന്ന നിര്‍ണായക വിവരങ്ങളടങ്ങിയ ഫയലുകളാണ് ഒപ്പുവച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.