‘കുട്ടികളെ നോക്കാന്‍ തയ്യാര്‍!’ പെയിനിന്റെ വീട്ടില്‍ പന്ത് എത്തി

Posted on: January 2, 2019 10:01 am | Last updated: January 2, 2019 at 10:01 am

സിഡ്‌നി: മെല്‍ബണില്‍ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയിനും വാര്‍ത്തകളില്‍ ഇടം നേടിയത് പ്രകോപനങ്ങളുടെ പേരിലായിരുന്നു. തനിക്കെതിരെ പെയിന്‍ നടത്തിയ അങ്ങേയറ്റത്തെ പരിഹാസത്തിന് മൈതാനത്തിന് പുറത്ത് പന്ത് നല്‍കിയ മറുപടി അതിലും വലിയ ‘വൈറലായി’ മാറിയിരിക്കുകയാണിപ്പോള്‍.

പെയിനിന്റെ ഭാര്യക്കും മക്കള്‍ക്കുമൊപ്പമുള്ള പന്തിന്റെ ഫോട്ടോയാണ് ആ മറുപടി. ഫോട്ടോ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടതാകട്ടെ പെയിനിന്റെ ഭാര്യ ബോണീ പെയിനും.
ഇതെങ്ങനെ മറുപടിയാകും എന്നല്ലേ? അതിന് പന്തിന് നേരെയുള്ള പെയിനിന്റെ പരിഹാസം എന്തെന്നറിയണം.
മൂന്നാം ടെസ്റ്റ് നടന്ന മെല്‍ബണിലെ ഗ്രൗണ്ടാണ് രംഗം. ബാറ്റ് ചെയ്യുന്നതിനിടയില്‍ പന്തിനെ ലക്ഷ്യമിട്ട് പെയിന്‍ പറയുന്നു: ‘ഞങ്ങള്‍ക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമില്‍ താങ്കള്‍ അംഗമല്ലല്ലോ. ആ സമയം എന്റെ മക്കളെ നോക്കാന്‍ വീട്ടില്‍ നില്‍ക്കാമോ? എങ്കില്‍, എനിക്കും ഭാര്യക്കും സിനിമക്ക് പോകാമായിരുന്നു.’

പ്രകോപനത്തില്‍ പന്ത് ഒട്ടും പിറകിലല്ലെങ്കിലും അപ്പോള്‍ പക്ഷേ പ്രതികരിച്ചിരുന്നില്ല. മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ച ശേഷമാണ് പന്തിന്റെ മാസ് പ്രതികരണം വന്നത്. കളി കഴിഞ്ഞ ശേഷം പന്ത് നേരെ പോയത് പെയിനിന്റെ വീട്ടില്‍. ബോണിയെയും മക്കളെയും കണ്ട പന്ത് കുട്ടികളിലൊരാളെ തോളത്തെടുത്ത് ഫോട്ടോ എടുക്കുകയും ചെയ്തു. ചിത്രം പിന്നീട് ബോണി പെയിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയായിരുന്നു.