തുടക്കം മിന്നിക്കാന്‍ ഇന്ത്യ നാളെ സിഡ്‌നിയില്‍

Posted on: January 2, 2019 9:57 am | Last updated: January 2, 2019 at 9:57 am

സിഡ്‌നി: വിരാട് കോഹ്‌ലിയടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കഴിഞ്ഞ വര്‍ഷം മികച്ചത് തന്നെയായിരുന്നു. ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ 137 റണ്‍സ് വിജയം നേടി പരമ്പരയില്‍ ലഭിച്ച 2-1ന്റെ മുന്‍തൂക്കവുമായാണ് അവര്‍ പുതിയ വര്‍ഷത്തിലേക്ക് കടന്നത്. നാളെ സിഡ്‌നിയില്‍ നടക്കുന്ന നിര്‍ണായക നാലം ടെസ്റ്റില്‍ അതുകൊണ്ടുതന്നെ വലിയ ആത്മവിശ്വാസമാണ് ടീം ഇന്ത്യക്കുള്ളത്.

നാലം ടെസ്റ്റില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കുക എന്നതേക്കാള്‍ മെയില്‍ ആരംഭിക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്ക് ഊര്‍ജം സംഭരിക്കുകയാണ് കോഹ്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. പുതിയ വര്‍ഷത്തിലെ ആദ്യ ടെസ്റ്റില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസം പകരുന്ന തുടക്കമായിരിക്കും അത്.

വലിയ ടൂര്‍ണമെന്റിനൊരുങ്ങുമ്പോള്‍ ശരിയായ കളിക്കാരുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. ദക്ഷിണാഫ്രിക്കക്കും ഇംഗ്ലണ്ടിനും എതിരെ കഴിഞ്ഞ വര്‍ഷം കളിക്കാനിറങ്ങിയപ്പോള്‍ ടീം തിരഞ്ഞെടുപ്പ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിര 4-1ന്റെ ടെസ്റ്റ് പരാജയവും 2-1ന്റെ ഏകദിന പരാജയവും രുചിച്ച ഇന്ത്യ, ദക്ഷിണാഫ്രിക്കയോടും 2-1ന് ടെസ്റ്റ് പരമ്പര അടിയറവ് പറഞ്ഞിരുന്നു. അവിടെ നിന്നുള്ള ഗംഭീരമായ തിരിച്ചുവരവാണ് ആസ്‌ത്രേലിയയില്‍ കണ്ടത്. അഡെലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആസ്‌ത്രേലിയയെ 31 റണ്‍സ് പരാജയപ്പെടുത്തി പരമ്പരയില്‍ ലീഡ് കണ്ടെത്തി.

പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ കാത്തിരുന്നത് 146 റണ്‍സിന്റെ പരാജയമായിരുന്നു. പക്ഷേ, മെല്‍ബണില്‍ തിരിച്ചടിച്ച് കോഹ്‌ലിയും ടീമും ചരിത്രം കുറിച്ചു. 2018 പടിയിറങ്ങുമ്പോള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വിദേശ മണ്ണില്‍ നാല് ടെസ്റ്റുകള്‍ ഒരു ക്യാപ്റ്റന് കീഴില്‍ ജയിക്കുക എന്ന നേട്ടമായിരുന്നു അത്.

ആസ്‌ത്രേലിയന്‍ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനങ്ങളില്‍ പോലും വീഴാതെയാണ് ടീം ഇന്ത്യയുടെ മുന്നേറ്റം. അതിന്റെ ക്രെഡിറ്റ് ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും കോഹ്‌ലിക്ക് തന്നെയാണ്. ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് കോഹ്‌ലി 2018 നോട് വിടപറഞ്ഞത്. കഴിഞ്ഞ വര്‍ഷം കോഹ്‌ലിയെക്കാള്‍ റണ്‍സെടുക്കാന്‍ മറ്റൊരു ലോക ബാറ്റ്‌സ്മാനും കഴിഞ്ഞിട്ടില്ല. 13 ടെസ്റ്റുകളില്‍ നിന്ന് 55.08 ശരാശരിയോടെ 1,322 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അതില്‍ അഞ്ച് സെഞ്ച്വറികളും അര്‍ധസെഞ്ചുറികളും ഉള്‍പ്പെടും. കോഹ്‌ലിയെ കണ്ടുപഠിക്കാന്‍ തന്റെ കളിക്കാരോട് ഓസീസ് ബാറ്റിംഗ് കോച്ച് ഗ്രെയിം ഹിക്ക് പറയുക പോലുമുണ്ടായി.

കോഹ്‌ലിയോടൊപ്പം എടുത്തു പറയേണ്ടത് ഇന്ത്യയുടെ ബൗളിംഗ് സംഘത്തെയാണ്. പേസ്- സ്പിന്‍ യൂനിറ്റുകള്‍ ശക്തമാണ്. പേസര്‍മാരായ ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നത്.