ഫ്‌ളാഗ്‌ ഓഫ് കരിപ്പൂരില്‍ തന്നെ വേണം: ഹജ്ജ് കമ്മിറ്റി

Posted on: January 2, 2019 9:51 am | Last updated: January 2, 2019 at 1:52 pm

കൊണ്ടോട്ടി: കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിച്ചതോടെ ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാന യാത്രയയപ്പ് ചടങ്ങ് കരിപ്പൂരിലായിരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും കേന്ദ്ര ഹജ്ജ്കാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഇക്കാര്യം കഴിഞ്ഞ ഒക്ടോബര്‍ 23ന് ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗം കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു. ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടാതെ ഈ വര്‍ഷത്തെ ഹജ്ജ് യാത്രാ ഉദ്ഘാടന ചടങ്ങ് നെടുമ്പാശ്ശേരിയിലായിരിക്കുമെന്ന വാര്‍ത്ത ആശങ്കയുളവാക്കുന്നതായി ഹജ്ജ് കമ്മിറ്റി വിലയിരുത്തി.

ഈ വര്‍ഷം ഹജ്ജിന് അപേക്ഷിച്ച 82.67 ശതമാനം പേരും കരിപ്പൂര്‍ വിമാനത്താവളം തിരഞ്ഞെടുത്തവരാണ്. പ്രവാസികളില്‍ 90 ശതമാനം അപേക്ഷകരും കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്നവരാണ്. ഇക്കാരണത്താല്‍ തന്നെ ഹജ്ജ് യാത്രാ ചടങ്ങുകള്‍ കരിപ്പൂരിലായിരിക്കണം. കുറഞ്ഞ ദിവസം മാത്രം ലീവ് ലഭിക്കുന്ന പ്രവാസികള്‍ക്ക് നേരത്തെ ഹജ്ജിനു പോയി മടങ്ങേണ്ടതുണ്ട്. കരിപ്പൂരിലെ ഉദ്ഘാടനച്ചടങ്ങ് പ്രവാസികള്‍ക്കു കൂടി പ്രയോജനകരമായിരിക്കും. വര്‍ഷങ്ങള്‍ക്കു ശേഷം കരിപ്പൂരിന് എംബാര്‍ക്കേഷന്‍ തിരിച്ചുകിട്ടിയതിന്റെ സന്തോഷം കൂടിയായിരിക്കും കരിപ്പൂരിലെ ചടങ്ങുകള്‍. ഹജ്ജ് കമ്മിറ്റിയുടെ ഈ ആവശ്യം നേടിയെടുക്കുന്നതിന് സംസ്ഥാന ഹജ്ജ് കാര്യമന്ത്രി, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരെ നേരിട്ടു കാണും. ആവശ്യമെങ്കില്‍ കേന്ദ്ര ഹജ്ജ്കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയേയും കാണും.

ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് 12ന് രണ്ട് മണിക്ക് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. മുന്‍ ചെയര്‍മാന്‍മാര്‍, വിവിധ സമുദായ സംഘടനാ നേതാക്കള്‍ എന്നിവരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിക്കും. ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് വനിതാ വിശ്രമകേന്ദ്രം നിര്‍മാണം ഉടന്‍ ആരംഭിക്കും. സ്ത്രീകള്‍ക്കുള്ള നിസ്‌കാര ഹാ ള്‍, വിശ്രമകേന്ദ്രം, ബാഗേജ് സൂക്ഷിപ്പു കേന്ദ്രം എന്നിവ ഇവിടെയായിരിക്കും പ്രവര്‍ത്തിക്കുക. 500 പേര്‍ക്കുള്ള സൗകര്യം ഈ കെട്ടിടത്തിലുണ്ടാകും. ഹജ്ജ് ഹൗസിലെ ലൈബ്രറിയും ഉടന്‍ ആരംഭിക്കും.

ഹജ്ജ് പരിശീലകരെയും ഹജ്ജ് വളണ്ടിയര്‍മാരെയും ഉടന്‍ തിരഞ്ഞെടുക്കും. 250 ഹാജിമാര്‍ക്ക് ഒരാള്‍ എന്ന നിലക്കാണ് പരിശീലകരെ നിയോഗിക്കുക. വിശുദ്ധഭൂമിയില്‍ ഹജ്ജ് വളണ്ടിയര്‍മാരായി സേവനം ചെയ്യാന്‍ താത്പര്യമുള്ളവര്‍ ഈമാസം 14നകം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. ഇതിന്റെ ഒരു കോപ്പി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കും നല്‍കിയിരിക്കണം. ഹജ്ജ് ട്രെയിനര്‍മാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും മുംബൈയില്‍ പരിശീലനം നല്‍കും. ഹജ്ജ് വളണ്ടിയര്‍മാരായി രണ്ട് ശതമാനം സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഈവര്‍ഷം ഹജ്ജ് വളണ്ടിയര്‍മാര്‍ക്കും പരിശീലകര്‍ക്കും ക്ലാസെടുക്കുന്നതിന് മലേഷ്യയില്‍ നിന്നുള്ള സംഘം കേരളത്തിലെത്തും. ഹജ്ജ്ഹൗസി ല്‍ ഇവര്‍ ഹജ്ജ് സാങ്കേതികവും കര്‍മശാസ്ത്രപരവുമായ പരിശീലന ക്ലാസുകള്‍ നല്‍കും. ജൂലൈ നാലിനായിരിക്കും കേരളത്തില്‍ നിന്നുള്ള ആദ്യസംഘം ഹജ്ജിന് പുറപ്പെടുക. ഈ വര്‍ഷം 12,000 പേര്‍ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കെ എം ഖാസിം കോയ, ബഹാവുദ്ദീന്‍ കുരിയാട്, എച്ച് മുസമ്മില്‍ ഹാജി, പി അബ്ദുര്‍ റഹ്മാന്‍, മുസ്‌ലിയാര്‍ സജീര്‍, അസി. സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍ പങ്കെടുത്തു.

ഹജ്ജ് ഹൗസില്‍
ഉംറ തിര്‍ഥാടകര്‍ക്ക് സൗകര്യം നല്‍കും
കൊണ്ടോട്ടി: കരിപ്പൂര്‍ ഹജ്ജ് ഹൗസ് ഉംറ തീര്‍ഥാടകര്‍ ആവശ്യപ്പെടുകയാണെങ്കില്‍ വിട്ടുന ല്‍കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. കേരളത്തിലെ 80 ശതമാനം ഉംറ ഗ്രൂപ്പുകളും തീര്‍ഥാടകരും മലബാറില്‍ നിന്നുള്ളവരാണ്. കരിപ്പൂരിലെ ഹോട്ടലുകളും കെട്ടിടങ്ങളിലുമായാണ് തീര്‍ഥാടകര്‍ക്ക് നിസ്‌കരിക്കാനും ഉംറ വേഷം ധരിക്കാനുമുള്ള സൗകര്യം ലഭ്യമാക്കുന്നത്. ചെറിയ ഹജ്ജ് എന്ന നിലയില്‍ ഉംറ തീര്‍ഥാടകര്‍ക്ക് ഹജ്ജ് ഹൗസ് സൗകര്യപ്പെടുത്തുന്നത് ഹജ്ജ് ഹൗസിന്റെ കൂടി ലക്ഷ്യങ്ങളില്‍ പെടും. അടുത്ത ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധമായ അന്തിമ തീരുമാനം പ്രഖ്യാപിക്കും.