പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികള്‍ മരിച്ചു

Posted on: January 2, 2019 9:27 am | Last updated: January 2, 2019 at 12:53 pm

തിരുവനന്തപുരം: പൂന്തുറയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് കുട്ടികള്‍ മരിച്ചു. കാണാതായ അഞ്ച് കുട്ടികളില്‍ നാല് പേരാണ് മരിച്ചത്. ഒരാള്‍ രക്ഷപ്പെട്ടു. ബീമാപ്പള്ളി ഫിഷറീസ് ഓഫീസിന് സമീപം റഫീഖിന്റെ മകന്‍ ഇബ്രാഹിം ബാദുഷ (19), ബീമാപള്ളി സദ്ദാംനഗര്‍ ഷാഫി ഉമ്മാള്‍ ബിള്‍ഡിംഗില്‍ അബ്ദുല്‍ റഹ്മാന്റെ മകന്‍ റമീസ്(17), ബീമാപള്ളി ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ബാദുഷയുടെ മകന്‍ ബിസ്മില്ലാ ഖാന്‍ (17), ബീമാപള്ളി സ്വദേശി നവാബ് ഖാന്‍ (17) എന്നിവരാണ് മരിച്ചത്.

കടലില്‍ നിന്ന് രകഷപ്പെടുത്തി ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് ഇബ്രാഹിം മരിച്ചത്. റമീസിനെ മരിച്ചനിലയില്‍ കണ്ടെടുക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ അലി മുക്ത്യാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നവാസ് ഖാന്‍, ബിസ്മില്ലാ ഖാന്‍ എന്നിവരുടെ മൃതദേഹം രാത്രി വൈകിയാണ് കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് നാലരയോടെയാണ് ബീമാപള്ളി സ്വദേശികളായ ഏഴ് കുട്ടികള്‍ പൂന്തുറ ചേരിയാമുട്ടം പൊഴിയില്‍ കുളിക്കാനായി പോയത്.