Connect with us

International

യുനെസ്‌കോയില്‍ നിന്ന് യു എസും ഇസ്‌റാഈലും ഔദ്യോഗികമായി പിന്മാറി

Published

|

Last Updated

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്‌കാരിക സംഘടന യുനെസ്‌കോയില്‍ നിന്ന് അമേരിക്കയും ഇസ്‌റാഈലും ഔദ്യോഗികമായി പിന്മാറി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടി അമേരിക്ക മുന്‍െൈകയെടുത്ത് സ്ഥാപിച്ചതായിരുന്നു യുനെസ്‌കോ. സംഘടനയില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും തീരുമാനം സംഘടനക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍.
2017 ഒക്ടോബറില്‍ തന്നെ ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം യുനെസ്‌കോയില്‍ നിന്ന് പുറത്തുപോകുകയാണെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിറകെ ഇസ്‌റാഈലും സമാനമായ നടപടിയുമായി രംഗത്തെത്തി. യുനെസ്‌കോ ഇസ്‌റാഈല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇരു രാഷ്ട്രങ്ങളും നോട്ടീസ് നല്‍കിയിരുന്നത്.

കിഴക്കന്‍ ജറൂസലമില്‍ അന്താരാഷ്ട്ര നിയമങ്ങളെ മുഴുവന്‍ കാറ്റില്‍പ്പറത്തി ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശത്തെ നേരത്തെ യുനെസ്‌കോ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇവിടുത്തെ പുരാതനമായ ജൂത സ്ഥലം ഫലസ്തീനികളുടെ പൈതൃക ഭൂമിയാണെന്നും യുനെസ്‌കോ തുറന്നടിച്ചിരുന്നു. ഇതിന് പുറമെ 2011ല്‍ ഫലസ്തീന് പൂര്‍ണ അംഗത്വം നല്‍കാനും യുനെസ്‌കോ തയ്യാറായിരുന്നു. ഇതിനെതിരെ അമേരിക്കയും ഇസ്‌റാഈലും ശക്തമായി പ്രതിഷേധിച്ചിരുന്നു. യുനെസ്‌കോയുടെ ഘടനയില്‍ തന്നെ മാറ്റം വരുത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, അമേരിക്കയുടെ പിന്മാറ്റം സാമ്പത്തികമായി യുനെസ്‌കോയെ ഗുരുതരമായി ബാധിക്കില്ലെന്നുറപ്പാണ്. എന്നാല്‍ 2011 മുതല്‍ യുനെസ്‌കോക്കുള്ള ഫണ്ടില്‍ കുറവ് അനുഭവപ്പെടുന്നുമുണ്ട്.

---- facebook comment plugin here -----

Latest