കലണ്ടര്‍ മറിയുമ്പോള്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

അഞ്ചാമാണ്ടിലേക്ക് കടക്കുമ്പോള്‍ പല തലങ്ങളില്‍ ഭീതി പടര്‍ത്തപ്പെട്ടിരിക്കുന്നു. ഈ അന്തരീക്ഷത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി ജെ പിക്കുണ്ടായ പരാജയം കാണാതിരിക്കുന്നില്ല. പക്ഷേ, ശക്തമായ ഭരണ വിരുദ്ധ വികാരത്തിനിടയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ചെറിയ വിജയം മാത്രമാണ് കോണ്‍ഗ്രസിനുണ്ടായത്. അതിന് പ്രധാന കാരണം ഭയത്തിന്റെ അന്തരീക്ഷം തന്നെയാണ്. ഇത് നിലനിര്‍ത്താനും കൂടുതല്‍ വ്യാപിപ്പിക്കാനും തീവ്ര ഹിന്ദുത്വ ശക്തികള്‍ എന്തൊക്കെ ചെയ്യുമെന്നതാണ് പുതു വര്‍ഷത്തിലെ ആശങ്കപ്പെടുത്തുന്ന പ്രധാന ചോദ്യം. 2019ലേക്ക് മറിഞ്ഞ കലണ്ടര്‍ കൂടുതല്‍ പ്രധാനമാകുന്നതും അതുകൊണ്ടാണ്.
Posted on: January 2, 2019 6:02 am | Last updated: January 1, 2019 at 11:11 pm

2018ല്‍ നിന്ന് 2019ലേക്ക് മറിയുന്ന കലണ്ടര്‍, ഇന്ത്യന്‍ യൂനിയനിലെ പൗരന്‍മാരെ സംബന്ധിച്ച് പോയ കാലങ്ങളിലെപ്പോലെയുള്ള ഒന്നല്ല. ജനാധിപത്യ സമ്പ്രദായത്തിന് ആയുസ്സ് നീട്ടിക്കൊടുക്കേണ്ടതുണ്ടോ എന്ന് അവര്‍ തീരുമാനിക്കുന്ന വര്‍ഷമെന്ന പ്രാധാന്യമുണ്ട് 2019ന്. അതിന്റെ അരങ്ങൊരുങ്ങിക്കഴിഞ്ഞു. പോയ വര്‍ഷത്തിന്റെ അവസാനത്തില്‍, വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് മൂന്ന് സംസ്ഥാനങ്ങളിലെ ജനം നല്‍കിയ തിരിച്ചടി, പുതുവര്‍ഷത്തില്‍ കൂടുതല്‍ ശക്തിയോടെ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ മതനിരപേക്ഷ നിലപാടുകാര്‍ വെച്ചുപുലര്‍ത്തുന്നു. നുണകളുടെയും അര്‍ധ സത്യങ്ങളുടെയും ബലത്തില്‍ സൃഷ്ടിച്ചെടുത്ത ആകാരവലുപ്പവും വര്‍ഗീയ ധ്രുവീകരണവും കേന്ദ്രാധികാരം കൂടുതല്‍ ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് സംഘ്പരിവാരം. രണ്ട് കൂട്ടര്‍ക്കും അവരവരുടേതായ ന്യായങ്ങളും കണക്കുകളുമുണ്ട്. അതിന്റെ യുക്ത്യായുക്തികള്‍ പരിശോധിക്കുമ്പോള്‍ സംഘ്പരിവാരത്തിന്റെ വര്‍ഗീയ ഫാസിസത്തിന്റെ തട്ടാണ് കൂടുതല്‍ താഴ്ന്നിരിക്കുന്നത് എന്ന ഭീഷണമായ അവസ്ഥ തുടരുന്നുമുണ്ട്. ജനങ്ങളെ ഭീതിയിലാഴ്ത്തി ആ തട്ട് കൂടുതല്‍ താഴ്ത്താന്‍ ഇനിയും അവര്‍ ശ്രമിക്കുമെന്നാണ് കരുതേണ്ടതും.
2016ല്‍ നിന്ന് 2017ലേക്ക് കലണ്ടര്‍ മറിയുമ്പോള്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതായിരുന്നു ഇന്ത്യന്‍ യൂനിയനിലെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരെയും ഇടത്തരക്കാരെയും വലച്ചിരുന്നത്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനും തീവ്രവാദികളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കാനും എന്ന പേരിലായിരുന്നു നടപടി. ആ ലക്ഷ്യങ്ങളൊന്നും കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് പില്‍ക്കാലത്ത് തെളിഞ്ഞുവെങ്കിലും ആ നടപടിയുടെ യഥാര്‍ഥ ലക്ഷ്യം ഏകാധിപത്യ പ്രവണത പുലര്‍ത്തുന്ന ഹിന്ദുത്വ വര്‍ഗീയത നേടിയെന്ന് തന്നെ കരുതണം. ജനത്തെ ഭീതിയിലാഴ്ത്തുക എന്ന ലക്ഷ്യം. നോട്ട് പിന്‍വലിച്ച നടപടിയിലൂടെ രാജ്യത്തെ പൗരന്‍മാരുടെ സമ്പത്ത് തത്കാലത്തേക്ക് ഭരണകൂടം പിടിച്ചെടുക്കുക മാത്രമല്ല ചെയ്തത്, കള്ളപ്പണ സൂക്ഷിപ്പുകാരോ കള്ളനോട്ട് വിതരണക്കാരോ തീവ്രവാദ സംഘടനകളിലേക്ക് പണമെത്തിക്കുന്ന ഇടനിലക്കാരോ ആയി രാജ്യത്തെ മുഴുവന്‍ പൗരന്‍മാരെയും ചിത്രീകരിക്കുക കൂടിയാണ്.

കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്ന അവസ്ഥയിലേക്ക് രാജ്യത്തെ പൗരന്‍മാരൊന്നാകെ മാറുമ്പോള്‍, അതിനെ മറികടക്കാനുള്ള വഴി ഭരണ സംവിധാനത്തോട് വിധേയപ്പെടുകയാണെന്ന ചിന്ത വളരുകയാണ് ചെയ്യുക. അധ്വാനിച്ച് സമ്പാദിച്ചതൊക്കെ തത്കാലത്തേക്കാണെങ്കില്‍ കൂടി പിടിച്ചെടുക്കാന്‍ ഭരണകൂടത്തിന് സാധിക്കുമെന്ന് വരുമ്പോള്‍ പ്രത്യേകിച്ചും. അത്തരമൊരു മാനസികാവസ്ഥ സൃഷ്ടിക്കപ്പെട്ടതിന്റെ ഗുണഫലം സംഘ്പരിവാരം അനുഭവിച്ചുവെന്നതിന് 2017ല്‍ നടന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വലിയ വിജയം തെളിവാണ്. അവര്‍ക്കെതിരു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ സാധാരണക്കാര്‍ മുതല്‍ വ്യവസായികള്‍ വരെയുള്ളവര്‍ മടിച്ചത് കൂടിയാണ് ബി ജെ പിയുടെ വിജയം വലുതാക്കിയത്. തങ്ങളുടെ സാമ്പത്തിക ഇടപാടുകളൊക്കെ ഭരണകൂടത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിന് കീഴിലാണെന്ന തോന്നല്‍ സൃഷ്ടിച്ചുകൊണ്ടാണ് എതിരാളികളുടെ ഖജാനയിലേക്കുള്ള പണമൊഴുക്ക് അവര്‍ തടഞ്ഞത്. ആ അവസ്ഥയില്‍ വലിയ മാറ്റം ഇപ്പോഴുമുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് എത്തുന്ന സംഭാവനകള്‍ കൃത്യമായി രേഖപ്പെടുത്തുക എന്ന ഉദ്ദേശ്യത്തില്‍ ബോണ്ട് സമ്പ്രദായം ആരംഭിച്ചതിന് ശേഷം പുറത്തുവന്ന കണക്കുകള്‍ അതാണ് തെളിയിക്കുന്നത്. ബോണ്ടുകളിലൂടെ എത്തിയ പണത്തില്‍ ബഹുഭൂരിഭാഗവും ബി ജെ പിയുടെ ഖജാനയിലേക്ക് പോയി.

2017ല്‍ നിന്ന് 2018ലേക്ക് കലണ്ടര്‍ മറിയുമ്പോള്‍ കന്നുകാലി വില്‍പ്പനക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മാട്ടിറച്ചി വില്‍പ്പനക്ക് ഏര്‍പ്പെടുത്തിയ നിരോധനവുമായിരുന്നു മുഖ്യം. 2017 മെയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്നീട് സുപ്രീം കോടതി തടഞ്ഞുവെങ്കിലും അതുയര്‍ത്തിയ ഭീതിയുടെ അന്തരീക്ഷം കനത്തുതന്നെ നിന്നു. ഉപജീവന മാര്‍ഗം ഏതു നിമിഷവും ഇല്ലാതാകുമെന്ന് ന്യൂനപക്ഷങ്ങളും ദളിതുകളും ഭയക്കുന്ന സ്ഥിതി. അതിനെ മറികടക്കണമെങ്കില്‍ ഭരണകൂടത്തോട് വിധേയപ്പെടുകയോ അവരെ എതിര്‍ക്കാതിരിക്കുകയോ ചെയ്യുന്നതാണ് നല്ലതെന്ന് വലിയൊരു വിഭാഗം ചിന്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014 മുതല്‍ തന്നെ ആരംഭിച്ച ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ഗുണ്ടാ ആക്രമണങ്ങള്‍ വ്യാപിക്കുകയും അത്തരം ആക്രമണങ്ങള്‍ നിയമം നടപ്പാക്കലിന്റെ ഭാഗമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തു.
നിയന്ത്രണങ്ങളും നിരോധനവും രാഷ്ട്രീയ – സാംസ്‌കാരിക – നിയമ തലങ്ങളില്‍ എതിര്‍ക്കപ്പെട്ടുവെങ്കിലും താഴേത്തട്ടിലെ ജനവിഭാഗങ്ങളുടെ ഭീതി അകറ്റാന്‍ അത് പര്യാപ്തമായിരുന്നില്ല. ഗോ സംരക്ഷണത്തിന്റെ പേരില്‍ അരങ്ങേറുന്ന ഓരോ ആക്രമണവും ഈ ഭീതി വളര്‍ത്തുകയും ചെയ്യുന്നു. ഏറ്റവുമൊടുവില്‍ ഉത്തര്‍ പ്രദേശിലെ ബുലന്ദ് ശഹറിലുണ്ടായ അതിക്രമം, നിയമ സംവിധാനത്തില്‍ നിന്നുള്ള സംരക്ഷണം ഇരകള്‍ക്ക് ഉണ്ടാകുകയേയില്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയായിരുന്നു. കന്നുകാലി വളര്‍ത്തലോ അറവ് വ്യാപാരമോ നടത്തുന്നവര്‍ തങ്ങളുടെ പ്രദേശത്തെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ നിരന്തര നിരീക്ഷണത്തിലാകുകയും നിയമ സംവിധാനങ്ങളുടെ സംരക്ഷണമുണ്ടാകില്ലെന്ന് ബോധ്യമുണ്ടാകുകയും ചെയ്യുമ്പോള്‍ ജീവന്‍ സംരക്ഷിക്കലും ജീവിച്ചുപോകലും അവരെ സംബന്ധിച്ച് അത്രത്തോളം വെല്ലുവിളി നിറഞ്ഞതാകും. അത്തരമൊരു അവസ്ഥയില്‍ സമൂഹത്തിലെ അരക്ഷിതരായ വിഭാഗങ്ങള്‍ ഏതളവില്‍ നിസ്സഹായരാകുമെന്നും രോഷം ഉള്ളിലടക്കി വിധേയപ്പെടുമെന്നും സംഘ്പരിവാരത്തിന് നന്നായി അറിയാം. ഏതെങ്കിലും വിധത്തില്‍ പ്രതിരോധിക്കാന്‍ ശ്രമമുണ്ടായാല്‍ വര്‍ഗീയ സംഘര്‍ഷമായി വളര്‍ത്താനാകുമെന്ന സൗകര്യവുമുണ്ട്.

2016ല്‍ രാജ്യത്തെ പൗരന്‍മാരെ ഒന്നാകെയും 2017ല്‍ ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെയും ലക്ഷ്യമിടുകയും കുറ്റവാളികളാണെന്ന സംശയത്തിന്റെ നിഴലില്‍ നില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്ത ഭരണകൂടം 2018ല്‍ കുറച്ചുകൂടി മുന്നോട്ടുപോയി. മുന്‍ചൊന്നതടക്കം രാജ്യത്തിന് ഭരണഘടനാദത്തമായുള്ള സ്വഭാവസവിശേഷതകളെയാകെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നവരെ ലക്ഷ്യമിടുകയാണ് ചെയ്തത്. 2018ല്‍ നിന്ന് 2019ലേക്ക് കലണ്ടര്‍ മറിയുമ്പോള്‍ കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനും വേണ്ടിവന്നാല്‍ കടന്നുകയറാനും വിവരങ്ങള്‍ ചോര്‍ത്താനുമുള്ള അധികാരം പത്ത് ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കയാണ്. ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോ, വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്, മയക്കുമരുന്ന് നിയന്ത്രണ ബോര്‍ഡ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, പ്രത്യക്ഷ നികുതികള്‍ക്കായുള്ള കേന്ദ്ര ബോര്‍ഡ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങിയവക്കാണ് അധികാരം.
ഈ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ അധികാരം നല്‍കുന്നത്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടുത്താത്തവരെ അലോസരപ്പെടുത്തേണ്ടതുണ്ടോ എന്ന് ന്യായമായും ചോദിക്കാം. രാജ്യ സുരക്ഷ ഉറപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള ഭരണകൂടം ഇത്തരം നടപടികള്‍ സ്വീകരിക്കുക സ്വാഭാവികമല്ലേ എന്നും. ഈ ചോദ്യങ്ങളിലേക്ക് എളുപ്പത്തില്‍ എത്തുന്നത് തന്നെ, സൃഷ്ടിക്കപ്പെട്ട ഭയത്തിന്റെ ഫലമാണ്. കന്നുകാലിക്കടത്ത് ആരോപിച്ച് ആളുകളെ തല്ലിക്കൊല്ലാന്‍ ആള്‍ക്കൂട്ടത്തിന് അപ്രഖ്യാപിത ലൈസന്‍സുള്ള നാട്ടില്‍, അത്തരക്കാരെ സംരക്ഷിക്കാന്‍ നിയമസംവിധാനം ദുരുപയോഗം ചെയ്യുന്ന നാട്ടില്‍, മേല്‍പ്പറഞ്ഞ ഏജന്‍സികള്‍ക്ക് ലഭിച്ച അധികാരം ഏത് വിധത്തിലാകും ദുരുപയോഗം ചെയ്യപ്പെടുക എന്ന് ആലോചിക്കാനേ പാടില്ലാത്ത വിധത്തില്‍ ഭയത്തിന്റെ വലയം കടുപ്പിക്കുകയാണ് പുതിയ ഉത്തരവിലൂടെ.

പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പാവയാണ് സംസ്ഥാന മുഖ്യമന്ത്രിയെന്ന് വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകനെ ദേശ സുരക്ഷ ഉറപ്പാക്കാനുള്ള നിയമങ്ങളെ ആധാരമാക്കി കേസെടുത്ത് ജയിലില്‍ അടച്ച നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. ഏത് വിമര്‍ശനവും ദേശ സുരക്ഷയെ ബാധിക്കുന്നതാണെന്ന് വ്യാഖ്യാനിക്കാന്‍ മടിയില്ലാത്ത ഭരണകൂടവും അതിന്റെ ഇംഗിതത്തിനൊപ്പിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സികളും അവര്‍ക്ക് അനിഷ്ടമൊന്നുമുണ്ടാകരുതെന്ന് കരുതുന്ന നീതിന്യായ സംവിധാനവുമാകുമ്പോള്‍ ആരും എപ്പോഴും രാജ്യദ്രോഹിയാകാം. വീട്ടില്‍ സൂക്ഷിക്കുന്ന ഏത് പുസ്തകവും ലഘുലേഖയും തിവ്രവാദ ബന്ധത്തിന് തെളിവാകുന്ന രാജ്യത്ത്, സ്വന്തം കമ്പ്യൂട്ടറില്‍ നടത്തുന്ന ഏത് തിരച്ചിലും രാജ്യ ദ്രോഹത്തിനുള്ള തെളിവായി മാറാം. കേന്ദ്ര സര്‍ക്കാറിനെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, രാഷ്ട്രീയ സ്വയം സേവക് സംഘിനെ വിമര്‍ശിക്കുന്ന ആരെയും ദേശ സുരക്ഷക്ക് ഭീഷണിയാകും വിധത്തിലുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചുവെന്നോ കമ്പ്യൂട്ടര്‍ വഴി കൈമാറിയെന്നോ ആരോപിച്ച് കേസില്‍കുടുക്കാന്‍ പ്രയാസമുണ്ടാകില്ലെന്ന് ചുരുക്കം. രാഷ്ട്രീയത്തിന് പുറത്ത്, തങ്ങളെ എതിര്‍ക്കുന്ന സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകരെ ലക്ഷ്യമിടാന്‍ ഇതിലും മികച്ച ആയുധം വേറെയില്ല. ഇവ്വിധമുണ്ടാകുന്ന ഏതാനും അറസ്റ്റുകള്‍ മതിയാകും എതിര്‍ പക്ഷത്തുള്ള വലിയൊരു വിഭാഗത്തെ നിശ്ശബ്ദരാക്കാന്‍. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ സാമൂഹിക പ്രവര്‍ത്തകരായ ഏതാനും പേരെ അറസ്റ്റ് ചെയ്തത് എതിര്‍ ശബ്ദങ്ങളുടെ ആവൃത്തി കുറക്കുന്നതില്‍ എത്രത്തോളം സഹായിച്ചിട്ടുണ്ട് എന്ന് ഓര്‍ത്തുനോക്കുക. മോദിയുടെ നിരന്തര വിമര്‍ശകനായ ഗുജറാത്തിലെ മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് അറസ്റ്റിലായി മാസങ്ങള്‍ പിന്നിടുമ്പോഴും അതിനെ ചോദ്യംചെയ്യാന്‍ ഉയരുന്ന നാവുകള്‍ എത്ര കുറവാണ് എന്ന് ഓര്‍ക്കുക.
അഞ്ചാമാണ്ടിലേക്ക് കടക്കുമ്പോള്‍ പല തലങ്ങളില്‍ ഭീതി പടര്‍ത്തപ്പെട്ടിരിക്കുന്നു. ഈ അന്തരീക്ഷത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി ജെ പിക്കുണ്ടായ പരാജയം കാണാതിരിക്കുന്നില്ല. പക്ഷേ, ശക്തമായ ഭരണ വിരുദ്ധ വികാരത്തിനിടയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ചെറിയ വിജയം മാത്രമാണ് കോണ്‍ഗ്രസിനുണ്ടായത്. അതിന് പ്രധാന കാരണം ഭയത്തിന്റെ അന്തരീക്ഷം തന്നെയാണ്. ഇത് നിലനിര്‍ത്താനും കൂടുതല്‍ വ്യാപിപ്പിക്കാനും തീവ്ര ഹിന്ദുത്വ ശക്തികള്‍ എന്തൊക്കെ ചെയ്യുമെന്നതാണ് പുതു വര്‍ഷത്തിലെ ആശങ്കപ്പെടുത്തുന്ന പ്രധാന ചോദ്യം. 2019ലേക്ക് മറിഞ്ഞ കലണ്ടര്‍ കൂടുതല്‍ പ്രധാനമാകുന്നതും അതുകൊണ്ടാണ്.