മേഘാലയയിലെ ഖനി അത്യാഹിതം

Posted on: January 2, 2019 6:01 am | Last updated: January 1, 2019 at 11:03 pm

മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളുടെ സ്ഥിതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. 20 ദിവസമായി കിഴക്കന്‍ ജയന്തിയ കുന്നുകളില്‍ 370 അടി ആഴത്തിലുള്ള അനധികൃത ഖനിയില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം വിജയം കണ്ടിട്ടില്ല. വ്യോമസേനയും നാവിക സേനയും ദിവസങ്ങളായി തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തൊഴിലാളികളുടെ മൂന്ന് ഹെല്‍മറ്റുകള്‍ ലഭിച്ചതല്ലാതെ ഖനിയില്‍ കുടുങ്ങിയവരെ സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടുമില്ല. എവിടെയാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നതെന്ന് പോലും തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. തൊട്ടടുത്ത നദിയില്‍ നിന്ന് ഖനിക്കുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നത്. അപ്രതീക്ഷിതമായി പെയ്ത മഴയെ തുടര്‍ന്നാണ് നദിയില്‍ വെള്ളം നിറഞ്ഞ് ഖനിയിലേക്ക് ഒഴുകിയത്. വലിയ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജലനിരപ്പില്‍ കാര്യമായി താഴ്ചയുണ്ടായില്ല. ഖനിയുടെ അടിയില്‍ എത്താനുള്ള നാവികസേന മുങ്ങല്‍ വിദഗ്ധരുടെ ശ്രമവും പരാജയപ്പെട്ടു. 250 അടി വിസ്താരമുള്ള ഖനിക്കുള്ളില്‍ 70 അടിയോളമാണ് ജലനിരപ്പ്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തക സംഘത്തില്‍ എട്ട് മുങ്ങല്‍ വിദഗ്ധരുണ്ടെങ്കിലും ഇവര്‍ക്ക് 30-40 അടി ആഴത്തില്‍ മാത്രമേ പരിശോധന നടത്താനാകൂ.

രക്ഷാപ്രവര്‍ത്തനത്തില്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ കൃത്യവിലോപമുണ്ടായതായി ആരോപണമുണ്ട്. തൊഴിലാളികള്‍ കുടുങ്ങിയ വിവരമറിഞ്ഞപ്പോള്‍ ഖനി അനധികൃതമാണെന്ന് കുറ്റപ്പെടുത്തി ഒഴിഞ്ഞു മാറുകയായിരുന്നു ബന്ധപ്പെട്ടവര്‍ ആദ്യത്തില്‍. പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വെള്ളം വറ്റിക്കുന്നതിന് ശേഷി കുറഞ്ഞ പമ്പുകളാണ് തുടക്കത്തില്‍ ഉപയോഗപ്പെടുത്തിയത്. ഇത് ഫലപ്പെടാതായതോടെ രക്ഷാപ്രവര്‍ത്തകര്‍ ഹൈപവറുള്ള പമ്പുകള്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടതിന് ശേഷമാണ് കൊല്‍ക്കത്തയില്‍ നിന്ന് ഉയര്‍ന്ന ശേഷിയുള്ള പമ്പുകള്‍ എത്തിച്ചത്. അപ്പോഴേക്കും തൊഴിലാളികള്‍ അപകടത്തില്‍ പെട്ടിട്ട് രണ്ടാഴ്ചയിലേറെയായിരുന്നു. നേരത്തെ തന്നെ ശേഷി കൂടിയ പമ്പുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ വെള്ളം ഇതിനകം വറ്റിക്കാനാകുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവിധ വകുപ്പുകളുടെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും ഏകോപനമില്ലായ്മയും രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗതക്ക് തടസ്സമായി.

മേഘാലയയില്‍ കല്‍ക്കരി ഖനി ഉടമകളും രാഷ്ട്രീയക്കാരുമായുള്ള ബന്ധം ശക്തമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യ കാരണങ്ങളിലൊന്ന് അനധികൃത ഖനികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതാണെന്നാണ് പറയുന്നത്. ബി ജെ പിയുടെ നിലപാടും വ്യത്യസ്തമല്ല. അനധികൃത ഖനികള്‍ അടച്ചുപൂട്ടുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നെങ്കിലും എന്‍ പി പി – ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒമ്പത് മാസം കടന്നു പോയിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇക്കാലയളവില്‍ സംസ്ഥാനത്ത് അനധികൃത ഖനികള്‍ വര്‍ധിക്കുകയാണുണ്ടായത്.
മേഘാലയയിലേതിനേക്കാള്‍ വലിയ അത്യാഹിതമായിരുന്നു കഴിഞ്ഞ ജൂലൈയില്‍ തായ്‌ലാന്‍ഡിലുണ്ടായത്. തായ്‌ലാന്‍ഡിലെ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ പര്‍വതത്തിന് താഴെയുള്ള ഒരു ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമംഗങ്ങളായ 12 കുട്ടികളും പരിശീലകനും അപ്രതീക്ഷിതമായി പെയ്ത പെരുമഴയില്‍ ഗുഹാകവാടം ചെളിമൂടിയതിനാല്‍ ഒരു തരത്തിലും രക്ഷപ്പെടാനാകാത്ത അവസ്ഥയായിരുന്നു. എന്നിട്ടും പതിനെട്ട് ദിവസത്തെ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ 13 പെരെയും രക്ഷപ്പെടുത്താനായി. തായ് നേവി ഡൈവര്‍മാര്‍, അമേരിക്കന്‍ സൈനിക സംഘം, ബ്രിട്ടനില്‍ നിന്നുള്ള ഗുഹാവിദഗ്ധര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. ലോകം ഏറെ ആകാംക്ഷയോടെയും ഭീതിയോടെയും ഉറ്റുനോക്കിയ ആ രക്ഷാപ്രവര്‍ത്തനം സമീപകാലത്ത് ലോകം കണ്ട ഏറ്റവും സങ്കീര്‍ണമായതായിരുന്നു. മോശം കാലാവസ്ഥയില്‍ പാറക്കെട്ടുകള്‍ നിറഞ്ഞ ഇരുള്‍ മൂടിയ ചെങ്കുത്തായ വഴികളിലൂടെ നീന്തലറിയാത്ത കുട്ടികളെയും കൊണ്ട് നാല് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് അവിടെ രക്ഷാപ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടി വന്നത്. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ലോസ്‌കര്‍ കമ്പനി പമ്പുകളുടെയും കമ്പനിയുടെ സാങ്കേതിക ഉപദേശവും തായ് സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നു. എത്രയും എളുപ്പത്തിലും വേഗത്തിലും ഗുഹയിലെ വെള്ളം വറ്റിക്കുന്നതിനുള്ള സാങ്കേതിക ഉപദേശം നല്‍കിയത്, തായ്‌ലാന്‍ഡിലെ ഇന്ത്യന്‍ എംബസിയുടെ ശിപാര്‍ശ പ്രകാരം ഇന്ത്യന്‍ കമ്പനിയായ കിര്‍ലോസ്‌കറാണ്. ഇന്ത്യയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും തായ്‌ലാന്‍ഡിലേക്ക് പോയിരുന്നു.

സ്വന്തം പൗരന്മാര്‍ ആപത്തില്‍ പെട്ടാല്‍ അവരുടെ രക്ഷക്കായി ജാഗ്രത്തായ പ്രവര്‍ത്തനം ഭരണകൂടങ്ങളുടെ ബാധ്യതയാണ്. അതാണ് തായ്‌ലാന്‍ഡില്‍ കണ്ടതും. വിവരം അറിഞ്ഞ ഉടനെ തായ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകുയും ആഗോള തലത്തില്‍ കിട്ടാവുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുകയും ചെയ്തു. 18 ദിവസം പിന്നിട്ടിട്ടും ഒരാളുടെ പോലും ജീവന്‍ നഷ്ടപ്പെടാതെ രക്ഷിക്കാനായത് ഇതുകൊണ്ടാണ്. എന്നാല്‍ പൗരന്മാരുടെ സുരക്ഷയില്‍ തികഞ്ഞ അലംഭാവമാണ് ഇന്ത്യന്‍ സര്‍ക്കാറിന്. ഇതിന്റെ നേര്‍സാക്ഷ്യമാണ് മേഘാലയ. അവിടെ ഖനിയില്‍ അകപ്പെട്ടവരെ ശക്തമായ പമ്പുപയോഗിച്ച് വെള്ളം വറ്റിച്ച് രക്ഷിക്കാനാകുമെന്നായിരുന്നു ഇതുവരെ പ്രതീക്ഷയെങ്കിലും കഴിഞ്ഞ ദിവസത്തെ വാര്‍ത്ത ആശങ്കാജനകമാണ്. ഖനിക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം. അങ്ങനെ സംഭവിച്ചാല്‍ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല.