പുതുവര്‍ഷാഘോഷത്തിനിടെ ബെംഗളുരുവില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; രക്ഷിക്കാനെത്തിയ ഭര്‍ത്താവിന് മര്‍ദനം

Posted on: January 1, 2019 10:16 pm | Last updated: January 1, 2019 at 11:54 pm

ബംഗളുരു: കനത്ത പോലീസ് കാവലിനിടയിലും ബെംഗളുരു നഗരത്തില്‍ പുതുവര്‍ഷാഘോഷത്തിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം. തടയാനെത്തിയ യുവതിയുടെ ഭര്‍ത്താവിന് മര്‍ദനമേല്‍ക്കുകയും ചെയ്തു. റിച്ച്‌മോണ്ട് സര്‍ക്കിളില്‍വെച്ചാണ് യുവതിയെ ഒരു സംഘം യുവാക്കള്‍ കടന്നുപിടിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

യുവതിയെ രക്ഷിക്കാനെത്തിയ ഭര്‍ത്താവിനേയും യുവാക്കള്‍ മര്‍ദിച്ചു. സംഭവത്തില്‍ അശോക് നഗര്‍ പോലീസ് കേസെടുത്തു. 2016ലെ പുതുവര്‍ഷാഘോഷത്തിനിടെ ബെംഗളുരു നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെ വ്യാപമായി ലൈംഗിക അതിക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതേത്തുടര്‍ന്ന് വരും വര്‍ഷങ്ങളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.