രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വന്‍ വിജയമാക്കും

Posted on: January 1, 2019 8:01 pm | Last updated: January 1, 2019 at 8:01 pm

അബുദാബി: എ ഐ സി സി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ യു എ ഇ സന്ദര്‍ശനം ചരിത്ര സംഭവമാക്കുമെന്ന് വിവിധയിടങ്ങളില്‍ ചേര്‍ന്ന യോഗങ്ങള്‍ തീരുമാനിച്ചു. അബുദാബിയില്‍ കെ എം സി സി, ഇന്‍കാസ് സംയുക്ത കണ്‍വെന്‍ഷന്‍ എ ഐ സി സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് ഉദ്ഘാടനം ചെയ്തു. അര ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന ദുബൈയിലെ പരിപാടിയില്‍ അബുദാബിയില്‍ നിന്ന് പതിനായിരം പ്രവര്‍ത്തകരെപങ്കെടുപ്പിക്കുമെന്നും അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഇന്‍കാസ് പ്രസിഡന്റ് യേശുശീലന്‍ അധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞാലികുട്ടി എം പി മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍, ഇന്‍കാസ് യു എ ഇ പ്രസിഡന്റ് മഹാദേവന്‍, യു എ ഇ കെ എം സി സി ട്രഷര്‍ യു അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡന്റ് എം പി എം റഷീദ്, ഐ ഒ സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍, മലയാളി സമാജം പ്രസിഡന്റ് ടി എ നാസര്‍, ഇന്‍കാസ് അബുദാബി കമ്മിറ്റി പ്രസിഡന്റ് സലീം ചിറക്കല്‍ എന്നിവര്‍ സംസാരിച്ചു.
ഫുജൈറ: രാഹുല്‍ ഗാന്ധിയുടെ യു എ ഇ സന്ദര്‍ശനം വിജയിപ്പിക്കാന്‍ ഫുജൈറയില്‍ സ്വാഗത സംഘം രൂപീകരിച്ചു.
കെ എം സി സി യു എ ഇ കമ്മറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ മുഖ്യരക്ഷാധികാരിയും ഇന്‍കാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കര്‍ ചെയര്‍മാനും ജനറല്‍ സെക്രട്ടറി ജോജു മാത്യു ഫിലിപ്പ് ചീഫ് കോര്‍ഡിനേറ്ററും കെ എം സി സി ജനറല്‍ സെക്രട്ടറി റശീദ് ജാതിയേരി ജനറല്‍ കണ്‍വീനറുമായ 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. വിവിധ വിഭാഗങ്ങളിലായി സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
അജ്മാന്‍: രാഹുല്‍ ഗാന്ധിയുടെ യു എ ഇ സന്ദര്‍ശനം വിജയിപ്പിക്കാന്‍ യു ഡി എഫ് അനുഭാവികളുമായി സഹകരിച്ച് അജ്മാന്‍ ഇന്‍കാസ് വിപുലമായ സമ്മേളനം വിളിച്ചുചേര്‍ക്കും. ഇത് സംബന്ധിച്ച് ചേര്‍ന്ന ഇന്‍കാസ് അജ്മാന്‍ കമ്മിറ്റിയുടെ യോഗത്തില്‍ പ്രസിഡന്റ് ജഗദീഷ് കൊച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഒ അശ്‌റഫ്, ഗ്ലോബല്‍ കമ്മിറ്റി അംഗം പി ആര്‍ ഉണ്ണികൃഷ്ണന്‍, എന്‍ എ ഹസ്സന്‍, ബിന്ദു വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.