Connect with us

Gulf

ഭരത് മുരളി നാടകോത്സവം; 'ഭാസ്‌കര പട്ടേലരും തൊമ്മിയുടെ ജീവിതവും' മികച്ച നാടകം, സംവിധായകന്‍ സുവീരന്‍

Published

|

Last Updated

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ ഒന്‍പതാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ദുബൈ അവതരിപ്പിച്ച “ഭാസ്‌കര പട്ടേലരും തൊമ്മിയുടെ മകനും” മികച്ച നാടകമായും അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച “പണി” മികച്ച രണ്ടാമത്തെ നാടകമായും തിരഞ്ഞെടുത്തു. അബുദാബി മലയാളി സമാജത്തിന്റെ “കനല്‍പാടുകള്‍” അല്‍ ഐന്‍ മലയാളി സമാജത്തിന്റെ “സംസ്‌കാര” എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു.

യു എ ഇയുടെ വിവിധ പ്രവിശ്യകളില്‍ നിന്നായി ഒന്‍പത് നാടകങ്ങളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. സക്കറിയയുടെ വിഖ്യാത നോവലൈറ്റായ “ഭാസ്‌കര പട്ടേലരും തൊമ്മിയുടെ മകനും” എന്ന കൃതിയുടെ സ്വതന്ത്ര നാടാകാവിഷ്‌കാരമായിരുന്നു ഒന്നാം സമ്മാനാര്‍ഹമായ നാടകം. നാടകം സംവിധാനം ചെയ്ത സുവീരനായിരുന്നു മികച്ച സംവിധായകനുള്ള പുരസ്‌കാരം. ഭരത് മുരളി നാടകോത്സവത്തില്‍ ഇത് അഞ്ചാം തവണയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സുവീരന്‍ സ്വന്തമാക്കുന്നത്.
സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹികാവസ്ഥയെ തുറന്നുകാണിച്ച, രണ്ടാം സമ്മാനാര്‍ഹമായ “പണി” ജിനോ ജോസഫാണ് സംവിധാനം ചെയ്തത്.

“ഭാസ്‌കര പട്ടേലരും തൊമ്മിയുടെ മകനും” എന്ന നാടകത്തില്‍ തൊമ്മിയുടെ വേഷം കെട്ടിയ ഡോ. ആരിഫ് കണ്ടോത്തിനെ മികച്ച നടനായും ഇതേ നാടകത്തില്‍ തൊമ്മിയുടെ ഭാര്യ ഓമനയായി മികച്ച പ്രകടനം കാഴ്ചവെച്ച ഷെറീന്‍ സൈഫിനെ മികച്ച നടിയായും തിരഞ്ഞെടുത്തു.

പട്ടിണികൊണ്ട് എല്ലും തോലുമായി മരണം കാത്തുകിടക്കുന്ന കുഞ്ഞിന്റേയും ആ ചലനങ്ങള്‍ അവസാനിക്കാന്‍ കാത്തുനില്‍ക്കുന്ന കഴുകന്റേയും ചിത്രം പകര്‍ത്തിയ പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ മെവിന്‍ കാര്‍ട്ടര്‍ അനുഭവിക്കേണ്ടിവന്ന ജീവിതദുരന്തകഥയെ പശ്ചാത്തലമാക്കി ചിത്രീകരിച്ച “കനല്‍ പാടുകള്‍” എന്ന നാടകത്തില്‍ ആഫ്രിക്കന്‍ കുഞ്ഞിന്റെ വേഷം തന്‍മയത്തത്തോടെ അവതരിപ്പിച്ച മാസ്റ്റര്‍ മുഹമ്മദ് മുസ്തഫയെ മികച്ച ബാലതാരമായി തിരഞ്ഞെടുത്തു. നാടകം സംവിധാനം ചെയ്ത കെ വി ബഷീറിനെയാണ് യു എ ഇയില്‍ നിന്നുള്ള മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്.
മികച്ച രണ്ടാമത്തെ നടന്‍മാരായി ഒ ടി ഷാജഹാന്‍ (ഭാസ്‌കര പട്ടേലരും തൊമ്മിയുടെ ജീവിതവും), പ്രകാശന്‍ തച്ചങ്ങാട് (പണി) എന്നിവരേയും മികച്ച രണ്ടാമത്തെ നടിമാരായി അനന്തലക്ഷ്മി ഷെരീഫ് (പണി), സോഫി തോമസ് (സംസ്‌കാര) എന്നിവരേയും തിരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ ബാലതാരം ശിവഗംഗ (പറയാത്ത വാക്കുകള്‍), പ്രകാശവിതാനം; സനേഷ് കെ ഡി (ഭാസ്‌കര പട്ടേലരും തൊമ്മിയുടെ ജീവിതവും), പശ്ചാതല സംഗീതം; ബിജു ജോസഫ് (ഭാസ്‌കര പട്ടേലരും തൊമ്മിയുടെ ജീവിതവും), രംഗ സജ്ജീകരണം; ഹരിദാസ് മനോജ് (ഭാസ്‌കര പട്ടേലരും തൊമ്മിയുടെ ജീവിതവും) എന്നിവര്‍ക്കായിരുന്നു മറ്റു അവാര്‍ഡുകള്‍.

ഭൂപടം മാറ്റി വരക്കുമ്പോള്‍, സംസ്‌കാര എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് വേഷപകര്‍ച്ച നല്‍കിയ ക്ലിന്റ് പവിത്രനാണ് മികച്ച ചമയത്തിനുള്ള അവാര്‍ഡ്. ഭരത് മുരളി നാടകോത്സവത്തില്‍ പവിത്രന് ലഭിക്കുന്ന അഞ്ചാമത്തെ അവാര്‍ഡാണിത്.
അഞ്ജലി ജസ്റ്റിന്‍ (പണി), ജീന രാജീവ് (നഖശിഖാന്തം) എന്നീ നടിമാരെയും കുമാര്‍ സേതു (നഖശിഖാന്തം), വിനോദ് മണിയറ (പറയാത്ത വാക്കുകള്‍), ജാഫര്‍ കുറ്റിപ്പുറം (പണി), സാജിദ് കൊടിഞ്ഞി (സംസ്‌കാര), യഹിയ സി. കെ (കനല്‍പാടുകള്‍) എന്നീ നടന്‍മാരെയും സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നല്‍കി ആദരിച്ചു.
നാടകോത്സവത്തിന്റെ ഭാഗമായി യു എ ഇ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഏകാങ്ക നാടക രചനാ മത്സരത്തില്‍ സമീര്‍ ബാബു പെങ്ങാട് രചിച്ച “കുട്ടിമാളു” സമ്മാനര്‍ഹമായി. ഇത് രണ്ടാം തവണയാണ് സമീറിന്റെ രചന സമ്മാനാര്‍ഹമാകുന്നത്.
പിറന്ന മണ്ണിന്റെ നന്മക്കുവേണ്ടി അരങ്ങിനെ നെഞ്ചേറ്റിയ ചരിത്രമാണ് ഓരോ പ്രവാസി സംഘടനയും മുന്നോട്ട് വെക്കുന്നതെന്നും അവരുടെ ആത്മഭാവങ്ങളുടെ പ്രകാശനമാണ് നാടകം എന്ന ജനകീയ കലാരൂപത്തിലൂടെ ഓരോ പ്രവാസി കലാസംഘടനയും സാക്ഷാത്കരിച്ചതെന്നും വിധിപ്രഖ്യാപനം നടത്തവെ വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍സെന്നിന്റേയും കേരള സോഷ്യല്‍ സെന്ററിന്റെ മുന്‍ സജീവ പ്രവര്‍ത്തകന്‍ ഗോപി മഞ്ചേരിയുടേയും വേര്‍പാടില്‍ യോഗം അനുശോചിച്ചു. അനുശോചന പ്രമേയം സാഹിത്യവിഭാഗം സെക്രട്ടറി ഷെറിന്‍ വിജയന്‍ അവതരിപ്പിച്ചു.
സെന്റര്‍ പ്രസിഡന്റ് എ കെ ബീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ അവാര്‍ഡ് സമര്‍പണ ചടങ്ങില്‍ വിധികര്‍ത്താക്കളായ ശശീധരന്‍ നടുവില്‍ ബി അനന്തകൃഷ്ണന്‍, അഹല്യ ഹോസ്പിറ്റല്‍ അഡിമിന്‍സ്ട്രേഷന്‍ മാനേജര്‍ സൂരജ് എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് സമര്‍പണ ചടങ്ങുകള്‍ കലാവിഭാഗം സെക്രട്ടറി കണ്ണന്‍ ദാസ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി പി എസ് ബിജിത് കുമാര്‍ സ്വാഗതവും ഓഡിറ്റര്‍ സലീം ചോലമുഖത്ത് നന്ദിയും പറഞ്ഞു.