മുത്തലാഖ് ലിംഗ നീതിയുടെ പ്രശ്‌നം; ശബരിമലയിലേത് ആചാരം: ഇരട്ട നിലപാടുമായി പ്രധാനമന്ത്രി

Posted on: January 1, 2019 7:11 pm | Last updated: January 2, 2019 at 9:16 am

ന്യൂഡല്‍ഹി: മുത്തലാഖ്, ശബരിമല വിഷയങ്ങളില്‍ ഇരട്ട നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് ലിംഗനീതിയുമായും സാമൂഹിക നീതിയുമായും ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുത് എന്നത് ആചാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും വ്യക്തമാക്കി. രണ്ടും രണ്ട് വിഷയങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്ക് നലകിയ അഭിമുഖത്തിലാണ് മതവിശ്വാസവുമായി ബന്ധപ്പെട്ട രണ്ട് വിഷയങ്ങളില്‍ പ്രധാനമന്ത്രി വിരുദ്ധാഭിപ്രായം ഉയര്‍ത്തിയത്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ പരിഹാരം കണ്ടെത്തുമെന്ന് ബിജെപി പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കിയിരുന്നു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും മുത്തലാഖ് വിലക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് മതവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇത് ലിംഗ നിതിയുടെയും സാമൂഹിക നീതിയുടെയും പ്രശ്‌നമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയിലെ വനിതാ ജഡ്ജിയുടെ വിയോജിപ്പ് ചര്‍ച്ച ചെയ്യപ്പെടണം. എല്ലാവര്‍ക്കും നീതി കിട്ടണമെന്നതാണ് പൊതു അഭിപ്രായം. എന്നാല്‍ ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരങ്ങളുണ്ട്. ചില ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് പ്രവേശിക്കാന്‍ പാടില്ലെന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.