ബുലന്ദ്ശഹര്‍: എസ് ഐയെ മഴുകൊണ്ട് വെട്ടിയയാള്‍ അറസ്റ്റില്‍

Posted on: January 1, 2019 3:55 pm | Last updated: January 1, 2019 at 3:55 pm

ലക്‌നൗ: യു പിയിലെ ബുലന്ദ്ശഹറില്‍ ഗോഹത്യയുമായി ബന്ധപ്പെട്ടു നടന്ന കലാപത്തിനിടെ എസ് ഐ. സുബോധ് കുമാര്‍ സിംഗിനെ മഴു കൊണ്ടു വെട്ടിയയാളെ പോലീസ് അറസ്റ്റു ചെയ്തു. കേസിലെ മുഖ്യ പ്രതികളിലൊരാളായ കലുവയാണ് അറസ്റ്റിലായത്. മഴു കൊണ്ട് പോലീസ് ഇന്‍സ്‌പെക്ടറുടെ കൈയിലും തലയിലും വെട്ടിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

കലുവയുടെ ആക്രമണത്തിനു ശേഷമാണ് പ്രശാന്ത് നട്ട് എന്നയാള്‍ സുബോധ് കുമാറിനെതിരെ വെടിയുതിര്‍ത്തത്. പ്രശാന്തിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബോധ് കുമാറിന്റെ മൃതദേഹം വാഹനത്തിനകത്താണ് കണ്ടെത്തിയത്. മറ്റൊരു യുവാവും അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പശുവിന്റെ മാംസാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈന്ദവ സംഘടനകള്‍ കലാപത്തിനിറങ്ങിയത്. എന്നാല്‍, പശുവിനെ കൊന്ന് മാംസം തെരുവില്‍ കൊണ്ടിട്ടത് ഈ സംഘടനകളുടെ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് പിന്നീട് വ്യക്തമായിരുന്നു.