നവോത്ഥാനത്തെ കുറിച്ച് എന്‍ എസ് എസിനെ പഠിപ്പിക്കേണ്ട: സുകുമാരന്‍ നായര്‍

Posted on: January 1, 2019 12:49 pm | Last updated: January 1, 2019 at 12:49 pm

പെരുന്ന: നവോത്ഥാനത്തെ കുറിച്ച് എന്‍ എസ് എസിനെ പഠിപ്പിക്കാന്‍ ആരും മെനക്കെടേണ്ടതില്ലെന്നും ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ഏതു മുഖ്യമന്ത്രി വിചാരിച്ചാലും നടക്കാന്‍ പോകുന്നില്ലെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വനിതാ മതിലിനു ശേഷം കേരളം ചെകുത്താന്റെ നാടാകാനാണു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്നം ജയന്തിയുമായി ബന്ധപ്പെട്ട് നായര്‍ പ്രതിനിധി സഭയില്‍ പ്രസംഗിക്കവെയാണ് സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിക്കും വനിതാ മതിലിനുമെതിരെ ആഞ്ഞടിച്ചത്.

മന്നത്തിന്റെ പാതയിലല്ല എന്‍ എസ് എസ് എന്നു പറയാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശം. ആചാരങ്ങളെ കുറിച്ച് ഒന്നുമറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കുന്നത്. അധികാരത്തിന്റെ ബലത്തില്‍ വിശ്വാസത്തിനെതിരെ നീക്കം നടത്തിയാല്‍ പ്രതിരോധിക്കാന്‍ എന്‍ എസ് എസിനറിയാം. സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.