അബ് കി ബാര്‍ ജനത സര്‍ക്കാര്‍; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് പ്രകാശ് രാജ്

Posted on: January 1, 2019 10:47 am | Last updated: January 1, 2019 at 10:47 am

ബെംഗളൂരു: പുതു വര്‍ഷത്തില്‍ രാഷ്ട്രീയ പ്രവേശന തീരുമാനം വെളിപ്പെടുത്തി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രകാശ് രാജ്. പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ട്വിറ്ററില്‍ നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കൂട്ടിച്ചേര്‍ത്ത പ്രകാശ് രാജ് മണ്ഡലമേതെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് പറഞ്ഞു.

മോദി സര്‍ക്കാറിനെതിരെ കടുത്ത നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രകാശ് രാജ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടെ ബി ജെ പിക്കെതിരെ പരസ്യ വിമര്‍ശങ്ങളുമായി പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അബ് കി ബാര്‍ ജനത സര്‍ക്കാര്‍ എന്ന മുദ്രാവാക്യവുമായാണ് മത്സരിക്കുകയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലയളവില്‍ അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യമായിരുന്നു ബി ജെ പി മുന്നോട്ടുവച്ചിരുന്നത്.