ഗുജറാത്തില്‍ വിദ്യാര്‍ഥികള്‍ക്കിനി ‘പ്രസന്റ് സാര്‍’ പറയാനാകില്ല; പകരം ജയ് ഹിന്ദ്

Posted on: January 1, 2019 10:19 am | Last updated: January 1, 2019 at 2:07 pm

അഹമ്മദാബാദ്: ഗുജറാത്തിലെ വിദ്യാലയങ്ങളിലേക്കും ദേശസ്‌നേഹത്തിന്റെ പേരില്‍ വിഭാഗീയ ആശയം നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍. അധ്യാപകര്‍ ഹാജര്‍ വിളിക്കുമ്പോള്‍ പ്രസന്റ് സാര്‍ എന്നതിനു പകരം വിദ്യാര്‍ഥികള്‍ ജയ് ഹിന്ദ് അല്ലെങ്കില്‍ ജയ് ഭാരത് എന്ന് പ്രതികരിക്കണമെന്ന് അനുശാസിക്കുന്ന പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. ഇന്ന് മുതല്‍ ഇതു പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം.

സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ഒന്നു മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉത്തരവ് ബാധകമാകും. കുട്ടികളില്‍ ദേശഭക്തി വളര്‍ത്തുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി ഭൂപേന്ദ്ര സിന്‍ജി മനുഭ ചുദാസമയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.