Connect with us

Kerala

മലപ്പുറത്ത് മാവോയിസ്റ്റ് ഭീഷണി തുടരുന്നു; കോളനിവാസികളില്‍ നിന്ന് ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചുവാങ്ങി

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ട്. വഴിക്കടവിനു സമീപം താന്നിക്കടവ് ആദിവാസി കോളനിയിലാണ് ഇന്നലെ രാത്രി പതിനൊന്നോടെ സായുധരായ മാവോയിസ്റ്റുകള്‍ എത്തിയത്. കോളനി നിവാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം അരിയുള്‍പ്പടെയുള്ള ഭക്ഷണ പദാര്‍ഥങ്ങളും മറ്റു വസ്തുക്കളും വാങ്ങിയ ശേഷം തിരിച്ചുപോയി.

ഇന്ന് നടക്കാനിരിക്കുന്ന വനിതാ മതിലിനെ വര്‍ഗീയ മതിലെന്നു വിശേഷിപ്പിക്കുന്ന പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം വഴിക്കടവിനു സമീപത്തെ മഞ്ചക്കോട്ട് മാവോയിസ്റ്റ് ലേബലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പുവരുത്താത്തതിലും വനിതകളെ തടയുന്ന ആര്‍ എസ് എസിന്റെത് കാലഹരണപ്പെട്ട ചിന്താഗതിയാണെന്നും മറ്റും വ്യക്തമാക്കുന്ന പരാമര്‍ശങ്ങളും പോസ്റ്ററിലുണ്ടായിരുന്നു.

കണ്ണൂരിലെ അമ്പായത്തോടിലും ശനിയാഴ്ച മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ഒരു വനിത ഉള്‍പ്പടെയുള്ള പത്തംഗ സായുധ സംഘം പൊതു റോഡിലൂടെ പ്രകടനവും നടത്തി. ലഘുലേഖകള്‍ വിതരണം ചെയ്ത ഇവര്‍ മതിലുകളില്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.