Connect with us

International

സിറിയയിലെ യു എസ് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ സാവകാശം

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയയില്‍ നിന്ന് യു എസ് സൈന്യത്തെ പിന്‍വലിക്കുന്ന നടപടി സാവധാനത്തിലാക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. സിറിയയിലെ ഇസില്‍ ഭീകരവാദികളെ പൂര്‍ണമായും പരാജയപ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് സന്നദ്ധത അറിയിച്ചുവെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം പറഞ്ഞു. പ്രസിഡന്റുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയിലെ ഇസില്‍ ഭീകരവാദികളെ പരാജയപ്പെടുത്തിയെന്നും അതുകൊണ്ട് തന്നെ തങ്ങളുടെ സൈന്യത്തെ അവിടെ നിന്ന് പിന്‍വലിക്കുകയാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ യൂനിയന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരില്‍ നിന്നും അമേരിക്ക വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു.

എന്നാല്‍ ലിന്‍ഡ്‌സി ഗ്രഹാമിന്റെ പ്രസ്താവനയോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന വിധത്തില്‍ ഇസില്‍ ഭീകരവാദികള്‍ വീണ്ടും ഉയര്‍ന്നുവരുമെന്നും അതുകൊണ്ട് തന്നെ സൈന്യത്തെ പിന്‍വലിക്കുന്നത് ഒഴിവാക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ഇസിലിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ ആഗോള പ്രതിനിധിയായിരുന്ന ബ്രറ്റ് മാക് ഗര്‍ക്കും രാജിപ്രഖ്യാപിച്ചിരുന്നു.

ഇസിലിനെ പരാജയപ്പെടുത്തുമെന്നും താന്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്തുവെന്ന് താങ്കള്‍ക്ക് ഉറപ്പിക്കാമെന്നും ട്രംപ് തന്നോട് പറഞ്ഞതായി ലിന്‍ഡ്‌സി ഗ്രഹാം പറഞ്ഞു. വളരെ സ്മാര്‍ട്ടായ വഴികളിലൂടെ കാര്യങ്ങള്‍ വളരെ വിവേകപൂര്‍വം മാത്രമേ ചെയ്യുകയുള്ളൂവെന്നും യു എസ് സൈന്യം തിരിച്ചുപോരുമ്പോള്‍ സഖ്യ കക്ഷികളായ കുര്‍ദുകള്‍ക്ക് സംഭവിച്ചേക്കാവുന്ന അപകടത്തില്‍ നിരാശനാണെന്നും ട്രംപ് തന്നോട് പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015ല്‍ ഒബാമ പ്രസിഡന്റായിരുന്ന കാലത്താണ് സിറിയയിലേക്ക് അമേരിക്കന്‍ സൈനികര്‍ ദൗത്യവുമായി എത്തുന്നത്.

Latest