ശബരിമലയും രാമക്ഷേത്രവും കോണ്‍ഗ്രസ് മൃദുഹിന്ദുത്വവും

Posted on: January 1, 2019 8:30 am | Last updated: January 1, 2019 at 7:27 pm

രമേശ് ചെന്നിത്തലയും കൂട്ടരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഹിന്ദുപ്രീണന നയം നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. ഉത്തരേന്ത്യയല്ല കേരളമെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ടോ വിസ്മരിച്ചിരിക്കുന്നു. ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ബി ജെ പിയും കോണ്‍ഗ്രസും ഹിന്ദുകാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഹിന്ദുപ്രീണന നയം അംഗീരിച്ചുകൊണ്ടും മുന്നോട്ടുപോകുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ദളിത് വിഭാഗങ്ങളുടെയും വികാരത്തെ ഇക്കൂട്ടര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്. ഹിന്ദുപ്രീണന നയത്തിന്റെ കാര്യത്തില്‍ ബി ജെ പിയോടൊപ്പം കോണ്‍ഗ്രസും ചേര്‍ന്നതോടെ രാജ്യത്തെ ന്യൂനപക്ഷങ്ങളും പിന്നാക്ക ദളിത് വിഭാഗങ്ങളും യഥാര്‍ഥത്തില്‍ ഭയചകിതരായി തീര്‍ന്നിരിക്കുകയാണ്. എന്തായാലും ന്യൂനപക്ഷവികാരത്തെയും ദളിത് – പിന്നാക്ക ജനവിഭാഗങ്ങളുടെ വികാരത്തെയും തൃണവത്ഗണിച്ചുകൊണ്ട് കോണ്‍ഗ്രസിന് മുന്നോട്ടുപോകാന്‍ കഴിയില്ല.

ഭരണഘടനയിലെ സമത്വത്തിനുള്ള അവകാശവും (ആര്‍ട്ടിക്കിള്‍ 14), ലിംഗനീതിക്കുള്ള അവകാശവും (ആര്‍ട്ടിക്കിള്‍ 15) രാഷ്ട്രം എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന മൗലിക അവകാശങ്ങളാണ്. ഈ മൗലിക അവകാശം അപ്പാടെ സ്ത്രീകള്‍ക്ക് നിഷേധിക്കുന്ന ഒന്നാണ് ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന വിശ്വാസികളുടെ പ്രക്ഷോഭം.

ബി ജെ പി- സംഘ്പരിവാര്‍ സംഘത്തിനോടൊപ്പം കോണ്‍ഗ്രസ് കൂടി നിര്‍ലജ്ജം ഇപ്പോള്‍ ശബരിമലപ്രക്ഷോഭത്തില്‍ ചേര്‍ന്നിരിക്കുന്നത് മതേതര സമൂഹത്തെ അത്ഭുതപ്പെടുത്തുകയാണ്. മഹാത്മാഗാന്ധിയും ദേശീയ നേതാക്കളും നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പ്രസ്ഥാനം എന്തുകൊണ്ട് ഈ നിലപാട് കൈക്കൊള്ളാന്‍ നിര്‍ബന്ധിതമായി എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.

ദേശീയ രാഷ്ട്രീയത്തില്‍ ഹിന്ദുത്വ കാര്‍ഡ് മാത്രം കൈമുതലാക്കി രാജ്യത്തെ മുഖ്യ ഭരണകക്ഷിയായ ബി ജെ പി മുന്നോട്ട് നീങ്ങുകയാണ്. ബാബരി മസ്ജിദ് പൊളിച്ചുകൊണ്ടാണ് രാജ്യത്ത് ഹിന്ദുത്വകാര്‍ഡ് ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള ബി ജെ പി ജൈത്രയാത്ര ആരംഭിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ ഈ നയംകൊണ്ടാണ് രാഷ്ട്രീയ അധികാരത്തിലേക്ക് ഈ പാര്‍ട്ടി ഉയര്‍ന്നത്. ബി ജെ പിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും കൂട്ടുമന്ത്രിസഭകള്‍ക്ക് നേതൃത്വം കൊടുത്ത വാജ്പയ് പാര്‍ട്ടി അജന്‍ഡയെക്കാളും എന്‍ ഡി എയുടെ പരിപാടികള്‍ നടപ്പിലാക്കാനാണ് മുന്‍തൂക്കം നല്‍കിയത്. അതുകൊണ്ട് തന്നെ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച് ശ്രീരാമക്ഷേത്രം നിര്‍മിക്കല്‍, എകീകൃത സിവില്‍കോഡ് നടപ്പിലാക്കല്‍, സാര്‍വത്രികമായ ഗോവധ നിരോധനം, ബി ജെ പിയുടെ പ്രഖ്യാപിതമായ മറ്റ് പരിപാടികള്‍ തുടങ്ങിയവ ആ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ല.

എന്നാല്‍, ഇപ്പോള്‍ ബി ജെ പിയും സംഘ്പരിവാറും തങ്ങളുടെ പ്രഖ്യാപിത പരിപാടികളെല്ലാം നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ്. അതിനുള്ള ശക്തമായ നടപടികളാണ് മോദി സര്‍ക്കാര്‍ കൈകൊണ്ടുവരുന്നത്. ഗോവധ നിരോധനം ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം നടപ്പിലാക്കി കഴിഞ്ഞു. കന്നുകാലി കച്ചവടക്കാരെയും കശാപ്പുകാരെയും ഇതു ഭക്ഷിക്കുന്ന ആളുകളെയുമാണ് വിവിധ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ഇതിനകം നിര്‍ദയം കൊലപ്പെടുത്തിയത്. എന്തു ഭക്ഷിക്കണമെന്ന ഭരണഘടനയിലെ മൗലിക അവകാശം പോലും ബീഫിന്റെ കാര്യത്തില്‍ പൗരമാര്‍ക്ക് നഗ്നമായി തന്നെ നിഷേധിക്കപ്പെടുകയാണ്. ഏകീകൃത സിവില്‍കോഡ് ഇതിനകം നടപ്പിലാക്കി കഴിഞ്ഞിട്ടില്ലെങ്കിലും അതിന് മുന്നോടിയായുള്ള മുത്വലാഖ് നിയമം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭ പാസ്സാക്കിയ ഈ ബില്‍ രാജ്യസഭയില്‍ പാസ്സാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ജമുകശ്മീരിന് പ്രത്യേക പദവിയും അവകാശങ്ങളും നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയണമെന്ന് ബി ജെ പി നേതൃത്വം വളരെ ശക്തമായ ആവശ്യം ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്. കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും ശക്തമായി വിയോജിച്ച നിലപാട് സ്വീകരിച്ചിരിക്കുന്നതുകൊണ്ട് മാത്രമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളയാന്‍ മോദി സര്‍ക്കാറിന് കഴിയാതിരിക്കുന്നത്.

നരസിംഹ റാവുവിന്റെ ഭരണകാലത്താണ് അന്നത്തെ ബി ജെ പി പ്രസിഡന്റ് അഡ്വാനിയുടെ രഥയാത്രയെ തുടര്‍ന്ന് സംഘ്പരിവാര്‍ സംഘം ബാബരി മസ്ജിദ് പൊളിക്കുകയും ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിത്തറ തകര്‍ക്കുകയും ചെയ്തത്. ബാബരി മസ്ജിദ് പൊളിക്കുന്നതിന് സഹായകമായ നിലപാടാണ് റാവു സര്‍ക്കാര്‍ സ്വീകരിച്ചതെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് വിളിച്ചറിയിക്കുന്ന സംഭവം തന്നെയായിരുന്നു ഇത്.

ഇതിനിടയിലാണ് ഇപ്പോള്‍ സംഘ്പരിവാര്‍ സംഘടനകള്‍ എന്തുപ്രത്യാഘാതമുണ്ടായാലും അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാമക്ഷേത്ര നിര്‍മാണത്തിനായി പരസ്യമായി രംഗത്തുണ്ട്. സംഘ്പരിവാറിന്റെ അഖിലേന്ത്യപരിഷത്തും ഹിന്ദു സന്യാസിമാരുടെ ദേശീയ സംഘവുമെല്ലാം ഉടന്‍ തന്നെ ക്ഷേത്രം പണിയണമെന്ന് അന്ത്യശാസനം പുറപ്പെടിച്ചിരിക്കുകയുമാണ്. ഇതിനെല്ലാം ഉപരിയായി ഉടന്‍ അയോധ്യാ കേസ് വിചാരണ ചെയ്ത് വിധി പ്രഖ്യാപനം നടത്തണമെന്ന് സുപ്രീം കോടതിയെ ഭീഷണിപ്പെടുത്താനും ഇക്കൂട്ടര്‍ തയ്യാറായിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ ബി ജെ പി യുടെ ചില കേന്ദ്രമന്ത്രിമാരും ക്ഷേത്രനിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന നിലയിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണ്. രാജ്യത്തെ മതേതര ജനകോടികളെയാകെ ഇത് വലിയ ഉത്കണ്ഠയിലാക്കിയിട്ടുണ്ട്. ബി ജെ പി പ്രസിഡന്റ് അമിത്ഷായുടെ പ്രഖ്യാപനമാകട്ടെ, എത്രയും പെട്ടെന്ന് രാമജന്മ ഭൂമിയെ സംബന്ധിച്ച കേസ് വിചാരണ ചെയ്യണമെന്നും വിധി പ്രഖ്യാപനം നടത്താന്‍ സുപ്രീം കോടതി തയ്യാറാകണമെന്നുമാണ്. വേണ്ടിവന്നാല്‍ കോടതി തീരുമാനത്തിന് കാത്തുനില്‍ക്കാതെ രാമക്ഷേത്ര നിര്‍മാണവുമായി മുന്നോട്ടുപോകുമെന്നുള്ള നിലയിലുള്ള പ്രസ്താവനയും അദ്ദേഹം നടത്തികഴിഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ രാമജന്മഭൂമി- ബാബരി മസ്ജിദ് തര്‍ക്കക്കേസില്‍ സുപ്രീം കോടതിക്കുമേല്‍ സമ്മര്‍ദം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുകയാണ്. കേസ് വേഗത്തില്‍ തന്നെ തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ശബരിമല കേസ് വേഗത്തില്‍ തീര്‍പ്പാക്കിയ സുപ്രീം കോടതി എന്തിന് ഇക്കാര്യത്തില്‍ മടികാണിക്കുന്നു എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചിരിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ ശബരിമല കേസ് സുപ്രീം കോടതി തീര്‍പ്പാക്കി. എന്തുകൊണ്ട് അയോധ്യാവിഷയം 70 വര്‍ഷമായി തുടരുന്നു. ഈ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് കോടതിയോട് വ്യക്തിപരമായി പറയാനുള്ളതെന്നും മന്ത്രി പറയുന്നു.

സുപ്രീം കോടതി ജഡ്ജി എം ആര്‍ ഷാ, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും കോടതിയുടെ പരിഗണനയിലുള്ള കേസില്‍ നിയമമന്ത്രി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് കുറ്റപ്പെടുത്തിയിട്ടുണ്ട്. ഉന്നത ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ തന്നെ നിയമമന്ത്രി കോടതിയെ ഭയപ്പെടുത്തുകയാണിവിടെ.

സുപ്രീം കോടതി പോലും ഇക്കൂട്ടരുടെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കുമെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ജനുവരി ആദ്യം തന്നെ കേസ് വിചാരണക്ക് എടുക്കുമെന്ന് പരമോന്നത കോടതി വ്യക്തമാക്കി കഴിഞ്ഞു.

ഇതിനിടയിലാണ് കേരളത്തെ പിടിച്ചു കുലുക്കിയ ശബരിമല യുവതീ പ്രവേശനം കടന്നുവന്നത്. ശബരിമല യുവതീ പ്രവേശനം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുണ്ടായതാണ്. ഈ പരമോന്നത കോടതി വിധിയെ ആദ്യം സഹര്‍ഷം സ്വാഗതം ചെയ്ത ബി ജെ പിയും ആര്‍ എസ് എസും കോണ്‍ഗ്രസുമെല്ലാം പെട്ടന്ന് തന്നെ നിലപാട് മാറ്റുകയും സ്ത്രീപ്രവേശനത്തിനെതിരായ സമീപനം കൈക്കൊള്ളുകയും ചെയ്തു. പരമോന്നത കോടതിയുടെ വിധിയെ ധിക്കരിക്കുന്നതും ചോദ്യം ചെയ്യുന്നതും, അതിനെതിരായി ജനങ്ങളെ സംഘടിപ്പിക്കുന്നതും ഭരണഘടനയെ വെല്ലുവിളിക്കലാണെന്ന വസ്തുത ഇക്കൂട്ടര്‍ ബോധപൂര്‍വം വിസ്മരിച്ചു. ശബരിമല തന്ത്രിമാരുടെയും പന്തളം കൊട്ടാരത്തിന്റെയും സവര്‍ണ മേധാവി വര്‍ഗത്തിന്റെയും അനുസരണയുള്ള അനുചരന്മാരായി കോണ്‍ഗ്രസ് സംഘ്പരിവാര്‍ നേതാക്കള്‍ മാറിയിരിക്കുന്നു. ആദിവാസി – ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേത്രമാണ് ശബരിമലയെന്നുള്ള യാഥാര്‍ഥ്യം ഇക്കൂട്ടര്‍ കരുതി കൂട്ടി ബോധപൂര്‍വം വിസ്മരിക്കുകയാണ്.

സുപ്രീം കോടതി വിധിയെ ആദ്യം തന്നെ എതിര്‍ത്ത എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാടില്‍ അത്ഭുതപെടേണ്ടതായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ഈ ഒരു സമീപനം മാത്രമേ ആ സംഘടനക്ക് കൈക്കൊള്ളാന്‍ കഴിയൂ. എന്നാല്‍, സുപ്രീം കോടതി വിധിയെ സഹര്‍ഷം സ്വാഗതം ചെയ്ത കോണ്‍ഗ്രസും ബി ജെ പിയും എന്തിന്റെ പേരിലാണ് തങ്ങളുടെ നിലപാട് മാറ്റിയതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

ബി ജെ പി പരസ്യമായി ഹിന്ദു പ്രീണന നയമാണ് ദശാബ്ദങ്ങളായി അവലംബിച്ച് വരുന്നത്. ഹിന്ദു കാര്‍ഡ് ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് അവര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. എന്നാല്‍, മതേതര പ്രസ്ഥാനമെന്ന് അഭിമാനിക്കുന്ന കോണ്‍ഗ്രസ് ശബരിമല പ്രശ്‌നത്തിലെടുത്തിട്ടുള്ള നിലപാട് ജനങ്ങളില്‍ നിരാശയാണ് ഉളവാക്കിയിട്ടുള്ളത്. ലിംഗ നീതിക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് തന്റേതെന്നാണ് സോണിയാഗാന്ധി എന്നും പ്രസ്താവിച്ചിട്ടുള്ളത്. ശബരിമല വിഷയത്തില്‍ തനിക്ക് യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് ഉള്ളതെന്ന്് രാഹുല്‍ ഗാന്ധിയും പ്രസ്താവിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ തീരുമാനത്തെ അവിടത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് അംഗീകരിച്ചതെന്നും അദ്ദേഹം പറയുന്നുണ്ട്. ഫലത്തില്‍ ഹിന്ദുത്വ അജന്‍ഡയും ഹിന്ദു പ്രീണന നയവും വിട്ടുകളിക്കാന്‍ അദ്ദേഹം തയ്യാറല്ലെന്നര്‍ഥം.

കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലം മുതല്‍ കോണ്‍ഗ്രസ് മൃദു ഹിന്ദു പ്രീണന നയമാണ് കൃത്യമായും തുടരുന്നതെന്ന് വളരെ വ്യക്തമാണ്. അവിടെ ബി ജെ പി ഉയര്‍ത്തിപിടിച്ച ഹിന്ദുത്വ കാര്‍ഡ് തന്നെയാണ് ഫലത്തില്‍ കോണ്‍ഗ്രസും ഉയര്‍ത്തിയത്. ഹിന്ദു താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ബി ജെ പി എന്നും അതിന് കോണ്‍ഗ്രസ് മെനക്കെടേണ്ടതില്ലെന്നും ബി ജെ പി നേതാക്കള്‍ പ്രസ്താവിച്ചത് എടുത്തുപറയേണ്ടതാണ്. ഹിന്ദുക്കളെ സംരക്ഷിക്കാന്‍ ബി ജെ പി യുണ്ടെന്നും അതിന് രണ്ട് പാര്‍ട്ടികള്‍ ആവശ്യമില്ലെന്നുമുള്ള ഈ പ്രസ്താവന രാജ്യമാകെ ശ്രദ്ധിച്ചതാണ്. ഹിന്ദു പ്രീണന സമീപനത്തിന് പകരം ന്യൂനപക്ഷ – പിന്നാക്ക ജനവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിലപാട് കോണ്‍ഗ്രസ് അവിടെ കൈക്കൊണ്ടിരുന്നെങ്കില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ ആ പാര്‍ട്ടിക്ക് കഴിയുമായിരുന്നു എന്ന വിശ്വസനീയമായ രാഷ്ട്രീയ വിലയിരുത്തലുകളും ആ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവരികയുണ്ടായി.

ഈയിടെ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ഹിന്ദുപ്രീണന നയം തന്നെയാണ് തുടര്‍ന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം എല്ലാ നിലയിലും ഹിന്ദുത്വ കാര്‍ഡ് കോണ്‍ഗ്രസ് ശക്തമായി ഉയര്‍ത്തിപിടിക്കുകയായിരുന്നു. ബി എസ് പി, സമാജ്‌വാദി പാര്‍ട്ടികളെ സീറ്റിന്റെ പേരിലല്ല, മറിച്ച് ഈ പാര്‍ട്ടികളെ തങ്ങളോടൊപ്പം കൂട്ടിയാല്‍ സവര്‍ണ ഹിന്ദുവിഭാഗത്തിന്റെ വോട്ടുകള്‍ കുറയുമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നു മാറ്റിനിര്‍ത്തിയതെന്ന ആക്ഷേപവും ഇതിനകം ഉണ്ടായിട്ടുണ്ട്. ഈ പാര്‍ട്ടികളെ തങ്ങളോടൊപ്പം കൂട്ടിയിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ എത്രയോ മെച്ചപ്പെട്ട വിജയം മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. ഹിന്ദു പ്രീണനത്തിന്റെ കാര്യത്തില്‍ വാസ്തവത്തില്‍ കോണ്‍ഗ്രസ് ബി ജെ പിയോട് മത്സരിക്കുകയാണ്. ആതാണ് നമുക്ക് ഇന്ന് രാജ്യത്തൊട്ടാകെ കാണാന്‍ കഴിയുന്നത്.

മധ്യപ്രദേശ് സര്‍ക്കാറിന് പിന്തുണ നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ പ്രാധിനിധ്യം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാത്ത സാഹചര്യത്തില്‍ കടുത്ത വിയോജിപ്പുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത ഇതോടെ പ്രതിസന്ധിയിലാകുമെന്ന സൂചനയാണ് സമാജ്‌വാദി പാര്‍ട്ടി നല്‍കുന്നത്.

ബി എസ് പി നേതാവ് മായാവതിയാകട്ടെ നേരത്തേ തന്നെ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്. ബി ജെ പിയെ പുറത്താക്കുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് മധ്യപ്രദേശില്‍ ബി എസ് പി കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്നും മായാവതി വ്യക്തമാക്കി. എന്തായാലും പിന്നാക്ക-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യമായ പിന്തുണയുള്ള ഈ പ്രാദേശിക പാര്‍ട്ടികളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ്് നേതൃത്വത്തിന് താത്പര്യമില്ലെന്ന് തന്നെയാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.

ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി പരസ്യമായിത്തന്നെ ഹിന്ദുപ്രീണന സമീപനവുമായി രംഗത്തിറങ്ങിയിരിക്കുന്നതിന്റെ ചിത്രമാണ് അദ്ദേഹത്തിന്റെ സ്വന്തം നിയോജകമണ്ഡലത്തില്‍ നിന്ന് കാണാന്‍ കഴിയുന്നത്. ഹിന്ദുത്വവും ക്ഷേത്രങ്ങളുമൊക്കെ തങ്ങളുടെ കുത്തകയാണെന്ന മട്ടില്‍ അതുപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന ബി ജെ പിയെ അതേ നാണയത്തില്‍ നേരിട്ടുകൊണ്ട് അമേത്തി ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ പുരാതന ക്ഷേത്രങ്ങളും നവീകരിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രംഗത്തിയിറങ്ങിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിനുള്ള പ്രവര്‍ത്തനം തുടങ്ങാനാണ് അദ്ദേഹത്തിന്റെ നീക്കം. പാര്‍ലിമെന്റ് അംഗങ്ങളുടെ പ്രാദേശി വികസന ഫണ്ടില്‍ നിന്നാണ് ക്ഷേത്രങ്ങള്‍ നവീകരിക്കാനുള്ള ഫണ്ട് കണ്ടെത്തുന്നത്. അമേത്തി മണ്ഡലത്തില്‍ 13 ക്ഷേത്രങ്ങളാണ് നവീകരിക്കുന്നത്. അതിന്റെ ഭാഗമായി ഈ ക്ഷേത്രങ്ങളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാനും രാഹുല്‍ നിര്‍ദേശം നല്‍കി. ക്ഷേത്രങ്ങള്‍ക്ക് ഹാര്‍മോണിയം, ഡോലക്, മജ്ജീര തുടങ്ങിയ സംഗീതോപകരണങ്ങളും രാഹുല്‍ ഗാന്ധി നല്‍കും.

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൃദുഹിന്ദുത്വനിലപാടുകളും ക്ഷേത്ര ദര്‍ശനങ്ങളും സഹായിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തന്നെ നേരിട്ട് ക്ഷേത്രങ്ങള്‍ പുതുക്കിപ്പണിയുന്നത്.

കൈലാസ് – മാനസരോവര്‍ യാത്രകഴിഞ്ഞെത്തിയ രാഹുലിന് ചില ഹിന്ദു വിഭാഗങ്ങള്‍ സ്വീകരണം നല്‍കിയിരുന്നു. ബി ജെ പിയുടെ ഹിന്ദുത്വ അജന്‍ഡക്ക് ബദലായി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് രാഹുല്‍ ഗാന്ധി ക്ഷേത്ര ദര്‍ശനം പതിവാക്കിയത്.
കേരളത്തിലെ ശബരിമല പ്രശ്‌നത്തിലും യഥാര്‍ഥത്തില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും മൃദുഹിന്ദു പ്രീണനനയം തന്നെയാണ് സംസ്ഥാന കോണ്‍ഗ്രസ് നടപ്പിലാക്കുന്നത്. സ്ത്രീപ്രവേശനത്തിനെതിരായ സമരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രമേശ് ചെന്നിത്തലയും കൂട്ടരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഹിന്ദുപ്രീണന നയം നടപ്പിലാക്കുകമാത്രമാണ് ചെയ്യുന്നത്. എന്നാല്‍, ഉത്തരേന്ത്യയല്ല കേരളമെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ടോ വിസ്മരിച്ചിരിക്കുന്നു. ന്യൂനപക്ഷ- പിന്നാക്ക ജനവിഭാഗത്തിന്റെ വികാരത്തെ അപ്പാടെ തൃണവത്ഗണിച്ചുകൊണ്ടുള്ള ഈ സമീപനം കോണ്‍ഗ്രസിന്റെ അടിത്തറ തന്നെ കേരളത്തില്‍ തോണ്ടാന്‍ പോകുകയാണെന്ന യാഥാര്‍ഥ്യം വൈകിയവേളയിലെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യപ്പെടേണ്ടതുണ്ട്. എന്തായാലും ന്യൂനപക്ഷവികാരത്തെയും, ദളിത് – പിന്നാക്ക ജനവിഭാഗങ്ങളുടെ വികാരത്തെയും തൃണവത്ഗണിച്ചുകൊണ്ട് കോണ്‍ഗ്രസിന് ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ബി ജെ പിയും കോണ്‍ഗ്രസും ഹിന്ദുകാര്‍ഡ് ഉയര്‍ത്തിപിടിച്ചുകൊണ്ടും ഹിന്ദുപ്രീണന നയം അംഗീരിച്ചുകൊണ്ടും മുന്നോട്ടുപോകുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ദളിത് വിഭാഗങ്ങളുടെയും വികാരത്തെ ഇക്കൂട്ടര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്. ഹിന്ദുപ്രീണന നയത്തിന്റെ കാര്യത്തില്‍ ബി ജെ പിയോടൊപ്പം കോണ്‍ഗ്രസും കൂടി ചേര്‍ന്നതോടെ രാജ്യത്തെ ന്യൂനപക്ഷങ്ങളും പിന്നാക്ക ദളിത് വിഭാഗങ്ങളും യഥാര്‍ഥത്തില്‍ ഭയചകിതരായി തീര്‍ന്നിരിക്കുകയാണ്. ഇക്കൂട്ടരുടെ അവകാശങ്ങളെയും വികാരങ്ങളെയും മാനിക്കാനും അവരെ സംരക്ഷിക്കാനും ആരാണ് ഉണ്ടാകുക എന്നത് രാജ്യത്തിന്റെ ഭാവി ചരിത്രമാണ് ഇനി തെളിയിക്കേണ്ടത്.
(ലേഖകന്‍ സി എം പി
കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമാണ്)