മായങ്ക്, പുജാര, കോഹ്‌ലി; ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ നിലയുറപ്പിച്ച് ഇന്ത്യ

Posted on: December 26, 2018 10:26 am | Last updated: December 26, 2018 at 3:15 pm

മെല്‍ബണ്‍: അരങ്ങേറ്റ താരം മായങ്ക് അഗര്‍വാളിന്റേയും ചേതേശ്വര്‍ പൂജാരയുടേയും അര്‍ധസെഞ്ച്വറിയുടെ മികവില്‍ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 215 റണ്‍സെടുത്തിട്ടുണ്ട്. 68 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയും 47 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഓപണര്‍മാരായ ഹനുമ വിഹാരി (എട്ട്), മായങ്ക് അഗര്‍വാള്‍ (76) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

പരമ്പരയില്‍ അര്‍ധ സെഞ്ച്വറി കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ഓപണറാണ് മായങ്ക് അഗര്‍വാള്‍. 97 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളോടെയാണ് മായങ്ക് അര്‍ധ സെഞ്ച്വറി നേടിയത്. 66 പന്തുകളില്‍ നിന്നാണ് വിഹാരി എട്ട് റണ്‍സെടുത്തത്. പാറ്റ് കുമ്മിന്‍സാണ് രണ്ട് പേരെയും വീഴ്ത്തിയത്.

മുരളി വിജയ്, ലോകേഷ് രാഹുല്‍ എന്നിവര്‍ തുടരെ പരാജയപ്പെട്ടതോടെ ഇവര്‍ക്ക് പകരമായി ഇന്ത്യ വിഹാരിയേയും അഗര്‍വാളിനേയും ഓപണര്‍മായി ഇറക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ മായങ്കിന് പുറമേ, രവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും ടീമില്‍ തിരിച്ചെത്തി. ഓസീസിന് നിരയില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന് പകരെ മിച്ചല്‍ മാര്‍ഷിനെ തിരികെ വിളിച്ചു.

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമും 1-1ന് ഒപ്പമായതിനാല്‍ ഇനിയുള്ള രണ്ടു മല്‍സരങ്ങളും നിര്‍ണായകമാണ്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ മിന്നുന്ന ജയത്തോടെ തുടങ്ങിയപ്പോള്‍ പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ തിരിച്ചടിക്കുകയായിരുന്നു. വന്‍ മാര്‍ജിനിലാണ് പെര്‍ത്തില്‍ ഓസീസ് ഇന്ത്യയെ കീഴടക്കിയത്.