സര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്കായി; സനല്‍ കുമാറിന്റെ കുടുംബം സമരം തുടങ്ങി

Posted on: December 10, 2018 10:38 am | Last updated: December 10, 2018 at 1:12 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍ കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ അനശ്ചിതകാല സമരം തുടങ്ങി. സനല്‍കുമാറിന്റെ മരണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് സമരം. സനല്‍കുമാറിന്റെ ഭാര്യയും രണ്ട് കുട്ടികളും മാതാവുമാണ് സമരം നടത്തുന്നത്. സര്‍ക്കാറില്‍നിന്നും നീതി ലഭ്യമാകും വരെ സമരം തുടരുമെന്ന് കുടുംബം വ്യക്തമാക്കി.

കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ ഇക്കാര്യത്തില്‍ നടപടികളുണ്ടായില്ല. 22 ലക്ഷത്തോളം കടബാധ്യത സനല്‍കുമാറിന്റെ കുടുംബത്തിനുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായമില്ലാതെ കുടുംബത്തിന് പിടിച്ച് നില്‍ക്കാനാകില്ല. സനല്‍കുമാറിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ സര്‍ക്കാറിന് ശിപാര്‍ശ ചെയ്തിരുന്നു.