Connect with us

Editorial

കേന്ദ്രം ഉദാരനയം സ്വീകരിക്കണം

Published

|

Last Updated

പ്രളയദുരിതാശ്വാസത്തിന് കേന്ദ്രം 3048 കോടി രൂപ അധികസഹായം അനുവദിച്ചത് ആശ്വാസകരമാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രളയം, മണ്ണിടിച്ചില്‍ എന്നിവ പരിഗണിച്ചു ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. കേരളത്തെ മുക്കിയ മഹാപ്രളയം കഴിഞ്ഞു നാല് മാസത്തോളമായി. അധിക സഹായത്തിനും പ്രത്യേക പാക്കേജിനുമായി അന്ന് മുതല്‍ സംസ്ഥാനം ആവശ്യപ്പെട്ടു വരികയാണ്. ഒടുവില്‍ ഉന്നത സമിതി യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് കേരളത്തിനുള്ള സഹായത്തിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് നവംബര്‍ അവസാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചതിന്റെ അടിസ്ഥാനത്തില്‍ സിംഗിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന ഉന്നത തല യോഗമാണ് 3048 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.

483 പേര്‍ മരിക്കുകയും 54 ലക്ഷം പേരെ ബാധിക്കുകയും ചെയ്ത ആഗസ്റ്റിലെ മഹാപ്രളയം ഈ വര്‍ഷം ലോകം കണ്ട ഏറ്റവും വലിയ പ്രളയമാണെന്നാണ് ലോക കാലാവസ്ഥാ സംഘടനയുടെ വിലയിരുത്തല്‍. പ്രളയം വരുത്തിയ നഷ്ടങ്ങളില്‍ നിന്ന് കേരളത്തിന് കരകയറണമെങ്കില്‍ 31,000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് ലോകബേങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും കണക്ക്. 5616 കോടിയുടെ അധിക ധനസഹായവും 5000 കോടിയുടെ പുനരുദ്ധാരണ പാക്കേജുമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കേന്ദ്രം അനുവദിച്ച തുക പരിമിതമാണ്. പ്രളയ കാലത്ത് നല്‍കിയ അരിക്കും മണ്ണെണ്ണക്കും തുക ആവശ്യപ്പെട്ടു കൊണ്ടുള്ള തീരുമാനത്തില്‍ കേന്ദ്രം ഉറച്ചു നിന്നാല്‍ ഇപ്പോള്‍ അനുവദിച്ച 3048 കോടിയില്‍ നിന്ന് 265.74 കോടി തിരിച്ചു നല്‍കേണ്ടി വരും. അതോടെ കേന്ദ്ര സഹായം 2782.26 കോടിയായി ചുരുങ്ങും.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിനുള്ള വായ്പയുടെ പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് നാലര ശതമാനമായി ഉയര്‍ത്തുക, നബാര്‍ഡില്‍ നിന്ന് 2500 കോടി രൂപയുടെ വായ്പ അനുവദിക്കുക, ലോകബേങ്ക്, എ ഡി ബി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭ്യമാക്കുക, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനസഹായം 10 ശതമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കേരളം മുന്‍വെച്ചിരുന്നു. ഇക്കാര്യങ്ങളിലൊന്നും ഇതുവരെ അനുകൂലമായി നീക്കമുണ്ടായിട്ടില്ല. കേരളത്തെ സഹായിക്കാന്‍ സെസ് ഏര്‍പ്പെടുത്താമെന്ന് ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രം സമ്മതിച്ചെങ്കിലും പിന്നീട് അക്കാര്യത്തില്‍ തുടര്‍ നടപടികളുണ്ടായതുമില്ല.

സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു എ ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ നിയമ, സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണത്രെ വാങ്ങാന്‍ കേന്ദ്രം അനുവദിക്കുന്നുമില്ല. മറ്റൊരു രാഷ്ട്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് വായ്പയായല്ലാതെ ധനസഹായം നേരിട്ടു വാങ്ങാന്‍ നിയമ തടസ്സമുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. യു പി എ ഭരണകാലത്ത് 2004 ല്‍ സുനാമി ദുരന്തമുണ്ടായ ഘട്ടത്തില്‍ വിദേശ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിരസിച്ച കാര്യവും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിന് സഹായവാഗ്ദാനമുണ്ടെങ്കിലും മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലായിരുന്നു സംസ്ഥാന സര്‍ക്കാറിന് കൂടതല്‍ പ്രതീക്ഷ. യു എ ഇയുടെയും മറ്റും നിര്‍മിതിയിലും വളര്‍ച്ചയിലും മലയാളികള്‍ വഹിച്ച സേവനത്തിനുള്ള അംഗീകാരമെന്ന നിലയില്‍ യു എ ഇ പ്രഖ്യാപിച്ച ഈ സഹായം കേരളം എന്തുകൊണ്ടും അര്‍ഹിക്കുന്നതുമാണ്. യു പി എ ഭരണകാലത്ത് വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മോദി അധികാരത്തിലേറിയ ശേഷം 2016ല്‍ തയ്യാറാക്കിയ ദുരന്ത നിവാരണ പദ്ധതി ചട്ടങ്ങളില്‍ ഇന്ത്യ ആവശ്യപ്പെടാതെ ഏതെങ്കിലും രാഷ്ട്രം സ്വമേധയാ സഹായം വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കാമെന്ന് പറയുന്നുണ്ട്. കേരളം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ല, പ്രളയത്തില്‍ കേരളത്തിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപതി മാധ്യമങ്ങള്‍ വഴിയും മറ്റും മനസ്സിലാക്കിയാണ് യു എ ഇ ഭരണകൂടം സ്വമേധയാ സഹായം വാഗ്ദാനം ചെയ്തത്. ഇക്കാര്യത്തില്‍ കേന്ദ്രം പിടിവാശി ഒഴിവാക്കി കേരളത്തിന് സഹായകമായ നിലപാട് സ്വീകരിക്കേണ്ടതാണ്.

കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം നേടിയെടുക്കാന്‍ കക്ഷിരാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച് കേരളം ഒറ്റക്കെട്ടായി സമ്മര്‍ദം ചെലുത്തേണ്ടതുണ്ട.് സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിലും യോജിച്ച നീക്കം ആവശ്യമാണ്. പ്രളയകാലത്തെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ നാം കാണിച്ച ഒരുമയും ത്യാഗവും ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി സഹായമഭ്യര്‍ഥിച്ചപ്പോള്‍ ജനങ്ങളില്‍ നിന്നുണ്ടായ സഹകരണവും ആഗോള സമൂഹത്തിന്റെ അഭിനന്ദനം പിടിച്ചു പറ്റിയതാണ്. വിദേശ മലയാളികളില്‍ നിന്നും നാട്ടിനകത്തും പുറത്തുമുള്ള വ്യവസായികളില്‍ നിന്നുമെല്ലാം സഹായം ഒഴുകിയെത്തി. കേരള ഹൈക്കോടതിയും കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള പാര്‍ലിമെന്റ് സമിതിയുമെല്ലാം കേരളീയ സമൂഹത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചതാണ.് ശബരിമല യുവതീ പ്രവേശന പ്രശ്‌നത്തെച്ചൊല്ലിയുള്ള അനാവശ്യ തര്‍ക്കവും കലഹവും ഒഴിവാക്കി സര്‍ക്കാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കേരളീയ സമൂഹവും ഏകമനസ്സോടെ പ്രളയാനന്തര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയാല്‍ ഈ രംഗത്തും മാതൃകയാകാന്‍ സംസ്ഥാനത്തിനു സാധിക്കും.