Connect with us

Prathivaram

പണയം വെക്കാത്ത സമരവീര്യം

Published

|

Last Updated

“ഇപ്പോള്‍ ഞാന്‍ ആരുടെയും
മിഴികളിലെ വെളിച്ചമല്ല
ആരുടെയും ഹൃദയത്തിലെ ശാന്തിയല്ല
പിന്നെ എന്റെ ഖബറിടത്തില്‍
എന്തിന് പൂക്കള്‍ വിതറണം…”
കഴിഞ്ഞ മാസം ഏഴിന് മലേഷ്യയിലെ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഒരു സ്മാരക സൗധം ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കപ്പെട്ട ശിപായി ലഹളക്ക് നേതൃത്വം നല്‍കി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സാഫറിന്റെ സ്മാരക സൗധമായിരുന്നു അത്. അദ്ദേഹത്തിന്റെ ഖബറിടത്തിന് സമീപമാണ് സ്മാരക സൗധം നിര്‍മിച്ചത്. ആധുനിക ഇന്ത്യാ ചരിത്രത്തിലെ പ്രധാന അധ്യായമാണ് ആ ജീവിതം. കപ്പം വാങ്ങി രാജകീയമായി ജീവിക്കാമെന്നറിഞ്ഞിട്ടും വൈദേശിക കോളനിവത്കരണത്തിനെതിരെ പോരാടി ആരാരും ശ്രദ്ധിക്കപ്പെടാതെ വിദേശത്തെ കാരാഗൃഹത്തില്‍ കിടന്നു അന്ത്യശ്വാസം വലിച്ച ധീരദേശാഭിമാനിയുടെ രാജ്യസ്‌നേഹവും ധര്‍മബോധവും പകരുന്ന ഐതിഹാസിക ജീവിതം മറക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന പാതകമാകും.

കാളവണ്ടിയില്‍ നാടുകടത്തപ്പെട്ട രാജാവ്
സാഹസിക സംഭവങ്ങള്‍ക്ക് സാക്ഷികളായ ചക്രവര്‍ത്തിമാരുടെ കാലഘട്ടമായിരുന്നു ഇന്ത്യയിലെ മുഗള്‍ ഭരണകാലം. ബാബര്‍ മുതല്‍ സിറാജുദ്ദീന്‍ ബഹദൂര്‍ഷാ സാഫര്‍ വരെയുള്ള മുഗള്‍ ചക്രവര്‍ത്തിമാര്‍ 331 വര്‍ഷക്കാലം ഇന്ത്യ ഭരിച്ചു. ബഹദൂര്‍ഷാ സാഫറിലാണ് മുഗള്‍ ഭരണം അവസാനിക്കുന്നത്. അതിസാഹസികനും സ്വതന്ത്രചിന്തകനും ജീവിതമൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്നവനും കവിയും കലാസ്‌നേഹിയും തുടങ്ങി ബഹുമുഖ വിശേഷണമുള്ള ഭരണാധികാരിയായിരുന്നു ബഹദൂര്‍ഷാ സാഫര്‍.

ശിപായി ലഹളക്ക് നേതൃത്വം നല്‍കിയ സാഫറിനെ ഹഡ്‌സണ്‍ പ്രഭുവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തു. സാഫറിന്റെ ബന്ധുക്കളെ വെട്ടിനുറുക്കി. അദ്ദേഹത്തെ ബര്‍മയിലെ റങ്കൂണിലേക്ക് നാടുകടത്തി. കാളവണ്ടിയിലാണ് അദ്ദേഹത്തെയും കുടുംബത്തെയും ഡല്‍ഹിയില്‍ നിന്ന് പറഞ്ഞയച്ചത്.
വളരെ ദുരിതപൂര്‍ണമായിരുന്നു റങ്കൂണിലെ കാരാഗൃഹത്തില്‍ അദ്ദേഹത്തിന്റെ ജീവിതം. തടവറയില്‍ അവശനും രോഗിയുമായി. മാപ്പ് എഴുതിത്തന്നാല്‍ മോചിപ്പിക്കാമെന്ന് ബ്രിട്ടീഷ് പട്ടാളം പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ബ്രിട്ടീഷ് ചാരനായി ചിത്രീകരിച്ച് ഇന്ത്യക്കാരുടെ ശത്രുവാക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പതറിയില്ല.

1862 നവംബര്‍ ഏഴിന് എണ്‍പത്തിയേഴാം വയസ്സില്‍ അദ്ദേഹം മരിച്ചു. യാതൊരു വിധ ഔദ്യോഗിക ചടങ്ങുമില്ലാതെ ഖബറടക്കി. ഖബര്‍ നിന്നിടത്ത് ശിലകളോ മറ്റടയാളങ്ങളോ സ്ഥാപിച്ചില്ല. ഖബറിടം കാടുംപടലും പിടിച്ച് ആര്‍ക്കും മനസ്സിലാകാത്ത വിധം വിസ്മരിക്കപ്പെട്ടു.
അദ്ദേഹം മരിച്ച് നൂറ് വര്‍ഷം പിന്നിട്ടതിന് ശേഷം, മലേഷ്യയിലെ ഇന്ത്യന്‍ സംഘടനകള്‍ ബഹദൂര്‍ഷായുടെ ഖബറിടം കണ്ടെത്തുകയും 1991ലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ സമീപത്തായി പ്രാര്‍ഥനാഹാള്‍ സ്ഥാപിക്കുകയും ചെയ്തു. ചരിത്രത്തില്‍ നിന്ന് ഒരിക്കലും അടര്‍ത്തിമാറ്റാന്‍ വയ്യാത്തതായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം അര്‍പ്പിച്ച സേവനങ്ങളെന്ന് ഹാളിന് പുറത്ത് കൊത്തിവെച്ചു. നരസിംഹറാവു വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ റങ്കൂണ്‍ സന്ദര്‍ശിച്ച അവസരത്തില്‍ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സാഫറിനെ ഓര്‍ക്കുകയും അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം അന്വേഷിച്ച് കണ്ടെത്തി ഖബറിടത്തില്‍ പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തു. 1988ല്‍ റങ്കൂണ്‍ സന്ദര്‍ശിച്ച രാജീവ് ഗാന്ധിയും 2001ല്‍ വിദേശകാര്യ മന്ത്രിയായിരുന്ന ജസ്‌വന്ത് സിംഗും സാഫറിന്റെ ഖബറിടം സന്ദര്‍ശിച്ച് ആദരവ് അര്‍പ്പിച്ചിരുന്നു.
2006ല്‍ റങ്കൂണ്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം സാഫറിന്റെ ഖബറിടത്തില്‍ പൂക്കളര്‍പ്പിച്ച് ഇങ്ങനെ എഴുതി: അങ്ങ് പറഞ്ഞു, അങ്ങയെ കാണാന്‍ ആരും എത്തില്ല എന്ന്. ഇന്ന് നമ്മുടെ രാജ്യത്തിന് വേണ്ടി ഞാന്‍ അങ്ങയുടെ കുടീരത്തില്‍ പൂക്കള്‍ വിതറുന്നു, ഫാത്വിഹ ചൊല്ലുന്നു.

സംഭവബഹുലവും ദുഃഖപര്യവസായിയുമായ ഒരു ഇതിഹാസമായിരുന്നു ബഹദൂര്‍ഷാ സഫറിന്റെ ജീവിതം. അവസാനകാലത്ത് അദ്ദേഹം അനുഭവിച്ച മാനസികനൊമ്പരം നമ്മുടെ കണ്ണുനിറക്കുന്നു. ആ നൊമ്പരത്തിന്റെ തീവ്രതയാണ് നടേ കൊടുത്ത കവിതയില്‍ പ്രതിഫലിക്കുന്നത്. നോവുന്ന ഹൃദയത്തിന്റെ തേങ്ങല്‍ ആ വരികളില്‍ കാതോര്‍ത്താല്‍ നമുക്ക് കേള്‍ക്കാം. നയത്തില്‍ മാറ്റംവരുത്തിയാല്‍ കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിക്കാമെന്ന് അവസാന നിമിഷവും ബ്രിട്ടീഷ് പട്ടാളമേധാവി അഭ്യര്‍ഥിച്ചെങ്കിലും എന്ത് ത്യാഗം സഹിച്ചാലും തീരുമാനത്തില്‍ നിന്നും ആദര്‍ശത്തില്‍നിന്നും പിറകോട്ടു പോകില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. രാജ്യസ്‌നേഹവും ധര്‍മബോധവും പകരുന്ന ആ ജീവിതം എക്കാലത്തും ഇന്ത്യന്‍ ജനതക്ക് മാതൃകയാണ്.
.

Latest