Connect with us

Prathivaram

ഹിപ്പികള്‍ വരക്കുന്ന ജീവിതം

Published

|

Last Updated

പാശ്ചാത്യന്‍ നാഗരിക ജീവിതത്തോട് പ്രതിഷേധിക്കുന്ന ഒരു യുവജനപ്രസ്ഥാനം 1960കളില്‍ പിറവിയെടുത്തു. കാലിഫോര്‍ണിയയില്‍ ഉയര്‍ന്നു വന്ന ഈ പ്രസ്ഥാനം സമ്പന്ന രാജ്യങ്ങളില്‍ വ്യാപിച്ചു തുടങ്ങി. അക്രമരഹിതമായ അരാജകത്വം, പരിസ്ഥിതി സ്‌നേഹം, പാശ്ചാത്യ ഭൗതികതയോടുള്ള വെറുപ്പ് എന്നിവയായിരുന്നു ഹിപ്പികള്‍ എന്ന ഈ കൂട്ടായ്മയുടെ പ്രത്യേകതകള്‍. കലയോടും സംഗീതത്തോടും ഫാഷനുകളോടും പൗരസ്ത്യ മിസ്റ്റിസിസത്തോടും അവര്‍ ആഭിമുഖ്യം കാണിച്ചു. രാഷ്ട്രീയത്തിലോ യുദ്ധങ്ങളിലോ ഹിപ്പികള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല.

സ്വപ്‌നങ്ങളുടെ നഗരമായ നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമില്‍ നിന്ന് ഷാന്‍ഗ്രീലാ (സ്വര്‍ഗത്തിന്റെ താഴ്‌വര) എന്നറിയപ്പെടുന്ന നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് യാത്ര ചെയ്യുന്ന രണ്ട് ഹിപ്പികളുടെ കഥയാണ് പൗലോ കൊയ്‌ലോയുടെ ഹിപ്പി എന്ന പുതിയ നോവല്‍. ആത്മകഥാംശമുള്ള നിലയിലാണ് നോവലിന്റെ സഞ്ചാരം. ചെലവ് കുറഞ്ഞ യാത്രകളിലൂടെ ലോകം മുഴുവന്‍ ആസ്വദിക്കുക എന്നത് ഹിപ്പികളുടെ സ്വഭാവമായിരുന്നു. ട്രെയിന്‍, ബസ് യാത്രകള്‍ക്കു പുറമെ കാല്‍നടയായും ഹിപ്പികള്‍ ലോകം കാണാനിറങ്ങി. മാജിക് ബസില്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രക്ക് അക്കാലത്ത് കേവലം 70 ഡോളറാണ് നിരക്ക്. യുവാവായ പൗലോ തന്റെ സ്വതന്ത്ര പ്രണയിനിയായ കാര്‍ലയുമൊത്ത് കാഠ്മണ്ഡുവിലേക്ക് യാത്രയാരംഭിച്ചു. തുര്‍ക്കിയിലെ ഇസ്താംബൂള്‍, ഫ്രാന്‍സിലെ പാരീസ് എന്നീ നഗരങ്ങളിലൂടെ കാബൂള്‍, അഫ്ഗാന്‍ വഴി പാക്കിസ്ഥാനില്‍ നിന്ന് വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി പിന്നീട് നേപ്പാളിലേക്ക് പോകുകയായിരുന്നു പദ്ധതി.

എല്‍ എസ് ഡി പോലുള്ള മയക്കുമരുന്നുകളും ലഹരികളും ഹിപ്പികള്‍ ഉപയോഗിച്ചിരുന്നു. കാര്യങ്ങള്‍ നിശ്ചയിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ വിധത്തില്‍ സംഭവിക്കുമ്പോള്‍ അവ ഏറെ ഹൃദ്യവും അര്‍ഥവത്തുമാകുമെന്നാണ് ഹിപ്പികളുടെ വിശ്വാസം. ഹിപ്പികള്‍ക്ക് നഗ്‌നത നിയമവിരുദ്ധമോ അമര്‍ഷം പ്രകടിപ്പിക്കുന്നതോ അല്ല. ഓരോരുത്തരുടെയും ശരീരം അവരവരുടെ മാത്രം വിഷയമാണ്. അതുകൊണ്ട് അവരോരുത്തരും തന്നെയാണ് ഏതാണ് മികച്ചതെന്ന് തീരുമാനിക്കുന്നത്. പുതിയകാല യുവസമൂഹത്തിന്റെ ജീവിതരീതിയിലും സംസ്‌കാരത്തിലും ചില ഹിപ്പി സ്വാധീനങ്ങള്‍ സൂക്ഷ്മതലത്തില്‍ കാണാനാകും.

നിങ്ങള്‍ക്ക് സമാന്തര യാഥാര്‍ഥ്യത്തിലേക്കു കടക്കണമെങ്കില്‍ ധ്യാനത്തിലൂടെയും ദൈവികമായ ഒന്നിന്റെ മുമ്പില്‍ ഹൃദയ സമര്‍പ്പണത്തിലൂടെയും മാത്രമേ സാധിക്കൂ എന്ന് കാര്‍ല പറയുന്നുണ്ട്. സൂഫിസം പറയുന്നതുപോലെ എല്ലാം ഏകസത്യാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ടതാണെന്നും ഒന്നും വിഭജിക്കാവതല്ലെന്നും നാമെല്ലാവരും എല്ലിലും മാംസത്തിലും തീര്‍ത്തവയാണെന്നും ഹിപ്പികള്‍ വിശ്വസിക്കുന്നു. മരണം, ചാക്രികമായ സമയത്തിലേക്ക് നമുക്ക് ലഭിക്കുന്ന ഇടനാഴിയാണെന്നാണ് ഇവരുടെ പക്ഷം. ഒത്തൊരുമയുടെ അസ്തിത്വം അറിഞ്ഞുകഴിഞ്ഞാല്‍ പിന്നൊന്നും ആവശ്യമില്ല. ജീവിതത്തിന്റെ അര്‍ഥങ്ങള്‍ അപ്പോഴാണത്രെ നമുക്ക് ബോധ്യപ്പെടുക.

ഭൗതികവാദികള്‍ തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതെല്ലാം ഹിപ്പികള്‍ തള്ളുന്നു. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും പാരമ്യതയിലെത്തുമ്പോള്‍ പിന്നെ വേര്‍പ്പെടുത്തുക അസാധ്യമാകുന്നു. പാദങ്ങളില്ലാതെ നടക്കാനും നോക്കാതെ കാണാനും ചിറകില്ലാതെ പറക്കാനും കഴിയുന്നു.

മാജിക് ബസിന്റെ യാത്ര ഇസ്താംബൂളിലെത്തിയപ്പോഴാണ് നോവലില്‍ കാര്യമായ വഴിത്തിരിവ് സംഭവിക്കുന്നത്. ദര്‍വീഷുകളുടെ സൂഫി നൃത്തത്തിലും ജീവിത രീതികളിലും ആകൃഷ്ടനായ പൗലോ ഇസ്‌ലാമിക സൂഫിസത്തെ പഠിക്കാന്‍ തുനിയുന്നു. അങ്ങനെ, ഇസ്താംബൂളില്‍ പൗലോ ഒരു ഫ്രഞ്ചുകാരനായ സൂഫിഗുരുവിനെ കണ്ടെത്തുന്നു. ഗുരുവിന്റെ വിവരണങ്ങള്‍ പൗലോയെ സൂഫിസത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്നു. എന്നാല്‍, ഇസ്‌ലാമിക വിശ്വാസമോ കര്‍മങ്ങളോ അനുഷ്ഠിക്കാന്‍ പൗലോ തയ്യാറായിരുന്നില്ല. സൂഫി നിമിഷത്തില്‍ ജീവിക്കുന്ന ഒരാളാണെന്നും നാളെ എന്നൊരു വാക്ക് സൂഫിക്കില്ലെന്നും പൗലോ പഠിച്ചു. സ്വര്‍ഗം ഭൂമിയെ സ്പര്‍ശിക്കുന്നിടമാണ് മനുഷ്യഹൃദയമെന്ന് പൗലോ തിരിച്ചറിഞ്ഞു. അങ്ങനെ സൂഫി പ്രണയത്തില്‍ നിമഗ്‌നനായ പൗലോ തന്റെ സഹയാത്രികയായ കാര്‍ലയുമായി പിരിയുന്നു. ദിവസങ്ങള്‍ക്ക് ശേഷം കാഠ്മണ്ഡുവിലേക്ക് വീണ്ടും ബസ് പുറപ്പെടുമ്പോള്‍ പൗലോ ഇസ്താംബൂളില്‍ തങ്ങുന്നു. കാര്‍ലയോടും സഹയാത്രികരോടും വിട പറയുന്നു.

ഹൃദയത്തെ ഗ്രസിച്ച സൂഫിസത്തിന്റെ ബാഹ്യസൗന്ദര്യമായിരിക്കണം അങ്ങേയറ്റം പ്രേമത്തിലായിരുന്ന കാര്‍ലയുമായി വേര്‍പിരിയാന്‍ പൗലോയെ പ്രേരിപ്പിച്ചത്. കാഠ്മണ്ഡുവില്‍ ചെന്ന് കാര്‍ല ശിഷ്ടകാലം ധ്യാനനിരതയായിട്ടുണ്ടാകുമെന്ന് പൗലോ കരുതുന്നു. ഇനിയൊരിക്കലും തിരിച്ചു വരാതെ, നേപ്പാള്‍ താഴ്‌വരകളില്‍ ജീവിതം അവസാനിപ്പിക്കാന്‍ കാര്‍ല ഇഷ്ടപ്പെട്ടിരുന്നതായി പൗലോക്കറിയാം. പക്ഷെ, ഇസ്താംബൂളിലെ മിസ്റ്റിക് ജീവിതം മടുത്ത പൗലോ വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു. ലിബറല്‍ സൂഫിസത്തിന്റെ പോരായ്മയായിരിക്കാം അത്. കാര്‍ലക്കും തനിക്കനുഭവിച്ച പോലെ ധ്യാനം മടുത്തിട്ടുണ്ടാകുമെന്നും ആംസ്റ്റര്‍ഡാമിലേക്ക് മടങ്ങിയിട്ടുണ്ടാകുമെന്നും പൗലോ ചിന്തിച്ചു.

ഭൗതികപ്രമത്തതയോടുള്ള വിരക്തിയും എന്നാല്‍ സുഖാസ്വാദനത്തിന് ഏത് മാര്‍ഗം സ്വീകരിക്കുന്നതും ആത്മാന്വേഷണത്തിന്റെ അടരുകളും നോവലില്‍ നിഴലിച്ചുകാണാം. സ്വന്തത്തെ തിരിച്ചറിയാനുള്ള അലഞ്ഞുതിരിയലാണ് കൊയ്‌ലോയെ സംബന്ധിച്ചിടത്തോളം ആ യാത്ര. “ഹിപ്പികള്‍” എന്നറിയപ്പെടുന്ന വ്യത്യസ്തരായ ജനവിഭാഗത്തെയും അവരുടെ അക്രമരഹിത അരാജക ജീവിത രീതികളെയും പരിചയപ്പെടുത്തുകയാണ് ഈ നോവല്‍. ഈ വര്‍ഷം സെപ്തംബറില്‍ ഇറങ്ങിയ നോവലിനെ വലിയ വരവേല്‍പ്പാണ് വായനാവൃന്ദം നല്‍കിയത്. 304 പേജുകളാണുള്ളത്.
.