വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ.. ദീപാ നിശാന്തിനെ പരിഹസിച്ച് ജയശങ്കര്‍

Posted on: November 30, 2018 2:25 pm | Last updated: November 30, 2018 at 5:33 pm

തിരുവനന്തപുരം: അധ്യാപക സംഘടന പുറത്തിറക്കിയ മാസികയില്‍ മറ്റൊരാളുടെ കവിത സ്വന്തം പേരില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചുവെന്ന ആരോപണം നേരിടുന്ന ദീപാ നിശാന്തിനെ പരിഹസിച്ച് രാഷ്ടീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളിയെന്നു വിളിക്കല്ലേ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ജയശങ്കറുടെ പരിഹാസം.

നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും ദീപ കോപ്പിയടിച്ചാണ് പരീക്ഷ പാസായതെന്നും കോഴ കൊടുത്താണ് ജോലി സമ്പാദിച്ചതെന്നും ഇനി ആരോപണം ഉയര്‍ന്നേക്കുമെന്നും ജയശങ്കര്‍ പറയുന്നു.

പുരോഗമന നാട്യക്കാരായ ചില പുംഗവന്മാരും ടീച്ചറെ കല്ലെറിയുന്നു എന്നതാണ് ഏറ്റവും ഭയങ്കരമായ സംഗതി. മീടൂ ആരോപണം നേരിടുന്ന വിശ്വമഹാകവി വരെ ഇക്കൂട്ടത്തിലുണ്ട്. ദീപാ നിഷാന്ത് ഇതുകൊണ്ടൊന്നും തളരില്ല. അവര്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യുമെന്നും ദീപാ നിഷാന്തിനൊപ്പം, നവോത്ഥാന മൂല്യങ്ങള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെയിട്ട പോസ്റ്റില്‍ ജയശങ്കര്‍ കുറിച്ചു.

ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം……

വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ….

സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്‌നേഹഭാജനവും സര്‍വ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നു ചില തല്പരകക്ഷികള്‍.

എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ല്‍ എഴുതി പ്രസിദ്ധീകരിച്ച ഒരു കവിത അല്ലറചില്ലറ വ്യത്യാസങ്ങള്‍ വരുത്തി ദീപ സ്വന്തം പേരില്‍ പുന:പ്രസിദ്ധീകരിച്ചു എന്നാണ് ആരോപണം.

നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ദീപ കോപ്പിയടിച്ചാണ് പരീക്ഷ പാസായതെന്നും കോഴ കൊടുത്താണ് ജോലി സമ്പാദിച്ചതെന്നും ഇനി ആരോപണം ഉയര്‍ന്നേക്കും.

പുരോഗമന നാട്യക്കാരായ ചില പുംഗവന്മാരും ടീച്ചറെ കല്ലെറിയുന്നു എന്നതാണ് ഏറ്റവും ഭയങ്കരമായ സംഗതി. മീടൂ ആരോപണം നേരിടുന്ന വിശ്വമഹാകവി വരെ ഇക്കൂട്ടത്തിലുണ്ട്.

ദീപാ നിഷാന്ത് ഇതുകൊണ്ടൊന്നും തളരില്ല. അവര്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും.

# ദീപാ നിഷാന്തിനൊപ്പം
നവോത്ഥാന മൂല്യങ്ങള്‍ക്കൊപ്പം