ദുബൈ എയര്‍പോര്‍ട്ട് റോഡില്‍ പുതിയ ട്രാഫിക് ലൈനൊരുക്കി ആര്‍ ടി എ

Posted on: November 30, 2018 5:25 pm | Last updated: November 30, 2018 at 5:25 pm

ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) ദുബൈ അന്താരാഷ്ട്ര വിമാനത്താവള പരിസരത്തു പുതിയ ട്രാഫിക് ലൈന്‍ ഒരുക്കി. അല്‍ ഖവാനീജ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (ഇ 311) എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് ടണലിലൂടെ കടന്ന് പോകൂന്ന ബൈറൂത്ത് സ്ട്രീറ്റിലെത്തി ഷാര്‍ജ, ഖിസൈസ് ഭാഗത്തേക്കും നദ് അല്‍ ഹംറ് ഭാഗത്തേക്കും സുഗമമായി കടന്ന് പോകുന്നതിനാണ് പുതിയ ലൈന്‍ ഒരുക്കിയിട്ടുള്ളത്.

അല്‍ ഖവാനീജ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ റാശിദിയ മെട്രോ സ്റ്റേഷന് സമീപമുള്ള മേല്‍പാലം ഒഴിവാക്കി വലതു വശത്തു പുതിയതായി പണി കഴിപ്പിച്ച ലൈനിലൂടെ കടന്നുവന്നാല്‍ ഖിസൈസ്, ഷാര്‍ജ ഭാഗത്തേക്കോ, നദ് അല്‍ ഹംറ് ഭാഗത്തേക്കോ എയര്‍പോര്‍ട്ട് തണല്‍ വഴി കടന്ന് പോകുന്നതിനായി ഒരുക്കിയിട്ടുള്ള പുതിയ പാതയിലേക്ക് എത്തിച്ചേരും.
അതേസമയം, ദേര ഭാഗത്തേക്ക് വരുന്ന വാഹനങ്ങളാണെങ്കില്‍ മേല്‍പാലം ഉപയോഗിച്ചു എയര്‍പോര്‍ട്ട് റോഡിലൂടെ മുന്നോട്ട് പോകാം. നിലവില്‍ ഇരു ഭാഗത്തേക്കും പോകുന്നതിന് മേല്‍പാലത്തിന് കീഴിലെ ട്രാഫിക് ജങ്ഷനില്‍ ഉണ്ടാകുന്ന ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനാണ് സിഗ്നലുകളുടെ സഹായമില്ലാതെ പുതിയ പാത ഒരുക്കിയിട്ടുള്ളതെന്നും ആര്‍ ടി എക്ക് കീഴിലെ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി ഇ ഒ എഞ്ചി. മൈത ബിന്‍ അദിയ്യ് പറഞ്ഞു.